ശാരീരിക വിശ്രമം മാത്രമല്ല ആന്തരികമായ വിശ്രമവും ജീവിതത്തിൽ അനിവാര്യമാണെന്നും വിശ്രമവും മനനവും അനുകമ്പയും ചേർന്ന ഒരു ‘മാനസിക പരിതസ്ഥിതി’ വളർത്തിയെടുക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ആഞ്ചലൂസ് സന്ദേശത്തിലാണ്, ജീവിതത്തിൽ വിശ്രമത്തിനും അനുകമ്പയ്ക്കും നൽകേണ്ട പ്രാധാന്യത്തെ കുറിച്ച് പാപ്പ പങ്കുവെച്ചത്. ദൈവരാജ്യപ്രഘോഷണത്തിൽ മുഴുകിയ ശിഷ്യരെ വിശ്രമിക്കാൻ ക്രിസ്തു ക്ഷണിക്കുകയും തങ്ങളെ തേടിയെത്തുന്ന ജനക്കൂട്ടത്തോട് ക്രിസ്തുവിന് അനുകമ്പ തോന്നുകയും ചെയ്യുന്ന തിരുവചനത്തെ (മർക്കോ. 6: 30-34) ആസ്പദമാക്കിയായിരുന്നു സന്ദേശം.
ആയാസകരമായ ദൗത്യനിർവഹിച്ച് തിരിച്ചെത്തിയ ഉടൻ തങ്ങൾ ചെയ്തതെല്ലാം ആവേശത്തോടെ വിവരിക്കാനാണ് അപ്പസ്‌തോലന്മാർ ശ്രമിച്ചതെങ്കിലും അവരെ അവിടുന്ന് വിശ്രമിക്കാനായി ക്ഷണിക്കുന്നു. ശിഷ്യന്മാർ സന്തുഷ്ടരായിരിക്കുന്നതിൽ അവിടുന്ന് സന്തോഷിക്കുന്നുണ്ടെങ്കിലും, അവരുടെ ശാരീരികവും ആന്തരികവുമായ തളർച്ചയെ കുറിച്ച് അവിടുന്ന് ആശങ്കാകുലനാണ്. ഇതിലൂടെ നമുക്കും ബാധകമായ, എപ്പോഴും പതിയിരിക്കുന്ന ഒരു അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു അവിടുന്ന്.
തിരക്കുപിടിച്ച് ഓടിനടക്കുന്ന നാം, എല്ലാം നമ്മെ ആശ്രയിച്ചിരിക്കുന്നുവെന്ന ചിന്തയിലേക്ക് നയിക്കപ്പെടാം. യേശുവിനെ അവഗണിക്കുകയും നമ്മെത്തന്നെ കേന്ദ്രസ്ഥാനത്ത് സ്വയം പ്രതിഷ്~ിക്കുന്നതിലേക്കു തിരിയുകയും ചെയ്യുന്ന അപകടസാധ്യതയും നമുക്കു മുന്നിലുണ്ട്. അതുകൊണ്ടാണ് തന്നോടൊപ്പം വിശ്രമിക്കാൻ ശിഷ്യരെ ക്രിസ്തു ക്ഷണിക്കുന്നത്. അത് ശാരീരിക വിശ്രമത്തിലേക്ക് മാത്രമല്ല, ആന്തരീകവും മാനസീകവുമായ വിശ്രമത്തിലേക്കുള്ള ക്ഷണം കൂടിയാണ്.
ചെയ്തവയിലും ചെയ്യാനുള്ളവയിലും നമ്മുടെ മനസ് കുടുങ്ങിക്കിടക്കാതിരിക്കാൻ, ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽനിന്ന് അകന്ന് നിശബ്ദയിലും പ്രാർത്ഥനയിലും ആയിരിക്കുന്നതിലൂടെയാണ് ഈ വിശ്രമം സാധ്യമാകുക. അതിനാൽ, നമ്മുടെ കാര്യപരിപാടികൾ നമ്മെ നിർബന്ധിക്കുന്ന ഭ്രാന്തമായ ഓട്ടങ്ങൾ നമുക്ക് അവസാനിപ്പിക്കാം. ധ്യാനിക്കുന്നതിനും ദൈവവുമായുള്ള സംഭാഷണത്തിലൂടെ നവവീര്യം ആർജിക്കാനും നമുക്കു ശ്രമിക്കാം.
എന്നിരുന്നാലും, യേശുവിനും ശിഷ്യർക്കും അവരുടെ ഹിതാനുസാരം വിശ്രമിക്കാനാവില്ല എന്ന് സുവിശേഷം വ്യക്തമാക്കുന്നു. ജനങ്ങൾ അവരുടെ അടുത്തേക്കൊഴുകി. ആ സമയത്ത് കർത്താവിന് അവരോട് അനുകമ്പ തോന്നി. ഇതാണ് രണ്ടാമത്തെ വശം, അനുകമ്പ. അത് ദൈവത്തിന്റെ രീതിയാണ്. ഇത് ഒരു വൈരുദ്ധ്യമായി തോന്നാമെങ്കിലും വാസ്തവത്തിൽ അത് അങ്ങനെയല്ല. വ്യഗ്രതയിൽ മുഴുകാൻ അനുവദിക്കാത്ത ഹൃദയത്തിനു മാത്രമേ അലിവുള്ളതാകാനാകൂ. മനനത്തിൽ നിന്നാണ് അനുകമ്പ ഉണ്ടാകുന്നത്. നാം യഥാർത്ഥത്തിൽ വിശ്രമിക്കാൻ പഠിച്ചാൽ നാമും അനുകമ്പാർദ്രരാകുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

