ചന്ദ്രനെ തൊട്ട് ഇന്‍ഡ്യ; ചാന്ദ്രയാന്‍ – 3 ചന്ദ്രനില്‍ ഇറങ്ങി; ദൗത്യം വിജയകരം; രാജ്യത്തിന് അഭിമാന നിമിഷം

ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി ഇൻഡ്യയുടെ അഭിമാന പദ്ധതി ചാന്ദ്രയാൻ 3 ചന്ദ്രനെ തൊട്ടു.

ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉള്‍പ്പെടുന്ന ലാൻഡിങ് മൊഡ്യുള്‍ ബുധനാഴ്ച വൈകുന്നേരം 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പര്‍ശിച്ചു. ഈ ഭാഗത്ത് പേടകം ഇറക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമെന്ന നേട്ടവും ഇൻഡ്യ കൈവരിച്ചു.

കൂടാതെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായും ഇൻഡ്യ മാറി. 2019 സെപ്റ്റംബര്‍ ഏഴിന് ലാൻഡിങിനു ശ്രമിക്കുന്നതിനിടെ ലാൻഡറിലെ ബ്രേകിങ് സിസ്റ്റത്തിലെ അപാകതകളെ തുടര്‍ന്ന് അതിന്റെ ലാൻഡര്‍ ‘വിക്രം’ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിപ്പോള്‍ ചന്ദ്രയാൻ-2 പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇത്തവണ കൂടുതല്‍ സാങ്കേതിക മികവോടെയാണ് ഐഎസ്‌ആര്‍ഒ ചാന്ദ്രയാൻ – 3 ഒരുക്കിയത്.

ബെംഗളൂരു പീനിയയിലെ ഐഎസ്‌ആര്‍ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത്.