ഇംഫാലിൽ മണ്ണിടിഞ്ഞ് വീണ് 7 മരണം. 55 പേരെ കാണാനില്ല;അപകടത്തിൽപ്പെട്ടത് സൈനികരും,തൊഴിലാളികളും

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ മണ്ണിടിഞ്ഞ് വീണ് 7 മരണം. 55 പേരെ കാണാതായി. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

സൈനികര്‍ തങ്ങിയ ടുപുള്‍ യാര്‍ഡ് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ക്യാമ്ബിന് സമീപമാണ് മണ്ണിടിഞ്ഞത്. അപകടത്തില്‍പ്പെട്ടത് സൈനികരും തൊഴിലാളികളും ആണ് എന്നാണ് വിവരം.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവിടെ റെയില്‍ പാത നിര്‍മാണത്തിന് സഹായിക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

രക്ഷപ്പെടുത്തിയവരെ ആര്‍മിയുടെ മെഡിക്കല്‍ യൂണിറ്റിലെത്തിച്ച്‌ ചികില്‍സ നല്‍കുകയാണ്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഹെലികോപ്ടര്‍ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

അതേസമയം മണ്ണിടിച്ചിലിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഇന്ന് അവരെ നമ്മുടെ പ്രാര്‍ത്ഥനയില്‍ നിലനിര്‍ത്താം. സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ആംബുലന്‍സുകളും അയച്ചിട്ടുണ്ട്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.