തിരുവനന്തപുരം: സുപ്രിംകോടതി വിധി മറികടക്കാന്‍ കേരള ഭൂപതിവ് ചട്ടങ്ങളില്‍ മാറ്റം സാധ്യമാണോ എന്ന് പരിശോധിക്കുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ . രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
വാണിജ്യ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുമാകും ചട്ടഭേദഗതി കൊണ്ടുവരുന്നത് .
ഹൈക്കോടതി വിധി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ബാധിക്കുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മറ്റു ജില്ലകളിലുള്‍പ്പെടെ കഴിഞ്ഞ അരനൂറ്റാണ്ടായി പട്ടയഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ അനധികൃതമാകും. ഇത് സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മൂന്നാറില്‍ പട്ടയഭൂമിയില്‍ വാണിജ്യ നിര്‍മാണം അനുവദിക്കാനാവില്ല. മൂന്നാറിലെ പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ചട്ടഭേദഗതിയിലൂടെ കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ആലോചന. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു, തദ്ദേശം, നിയമ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

