കൊവിഡ് വാക്സീനുകള്‍ കൂട്ടികലര്‍ത്താമെന്ന് ഐസിഎംആര്‍. കൊവാക്സിനും, കൊവിഷീല്‍ഡും മിശ്രിതമാക്കുന്നത് സുരക്ഷിതമാണെന്നും പ്രതിരോധശേഷി കൂടുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ഈ വാക്സീനുകള്‍ വെവ്വേറ എടുക്കുന്നതിലും ഫലപ്രദമാണ് മിശ്രിതരൂപമെന്നാണ് ഐസിഎംആറിന്‍റെ പുതിയ പഠനം വ്യക്തമാക്കുന്നത്. വാക്സിനേഷന്‍റെ ആദ്യഘട്ടത്തില്‍ ആദ്യ ഡോസ് കൊവാക്സിനും രണ്ടാം ഡോസ് കൊവിഷീല്‍ഡും അബദ്ധത്തില്‍ നല്‍കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വ്യത്യസ്ത വാക്സീനുകള്‍ നല്‍കുന്നത് ഫലപ്രദം ആണോയെന്നും വാക്സീനുകള്‍ കൂട്ടികലര്‍ത്തി നല്‍കാമോയെന്നുമുള്ള പഠനത്തിലേക്ക് ഐസിഎംആര്‍ നീങ്ങിയത്.
മിശ്രിത രൂപത്തിലുള്ള വാക്സീന്‍ സ്വീകരിച്ചവരുടെ പ്രതിരോധശേഷി മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമായെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് വാക്സീന്‍ കോക്‍ടെയില്‍ സുരക്ഷിതമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. മൂന്നാം തരംഗത്തിനടക്കം ഇടയാക്കിയേക്കാവുന്ന ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളെ ചെറുക്കാന്‍ മിശ്രിത രൂപത്തിന് കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലെയില്‍ വാക്സീനുകള്‍ കൂട്ടികലര്‍ത്തിയുള്ള പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു.
കൊവിഷീല്‍ഡും കൊവാക്സിനും കൂട്ടികലര്‍ത്തിയുള്ള മരുന്ന് പരീക്ഷണം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ സമാന പരീക്ഷണം വിജയം കണ്ട പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ വാക്സീന്‍ കൂട്ടികലര്‍ത്തിയുള്ള പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. പരീക്ഷണം വിജയകരമെങ്കില്‍ ആദ്യ ഡോസായി മിശ്രിത രൂപം നല്‍കാനും രണ്ടാം ഡോസായി മിശ്രിതത്തിലെ ഏതെങ്കിലും ഒരു വാക്സീന്‍ നല്‍കാനുമാണ് ആലോചന.

