ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അഫ്ഗാന്‍ നേതാക്കളും സൈന്യവും; സേന പിന്മാറ്റത്തെ ന്യായീകരിച്ചു ജോ ബൈഡന്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച നടപടി ശക്തമായി ന്യായീകരിച്ച്‌ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം അമേരിക്കന്‍ ലക്ഷ്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അഫ്ഗാന്‍ നേതാക്കളും സൈന്യവുമാണെന്ന് കുറ്റപ്പെടുത്തിയ ബൈഡന്‍, മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചാല്‍ മാത്രം താലിബാനുമായി സഹകരണമെന്നും വ്യക്തമാക്കി.

അതിനിടെ കാബൂള്‍ വിമാനത്താവളം ഭാഗികമായി തുറന്നു. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ താലിബാന്‍ അടച്ചു. പ്രധാന റണ്‍വേയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പൗരന്മാരെ മടക്കിക്കൊണ്ടു പോകുന്നത് ഇന്ന് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കാബൂളിലെ ഇന്ത്യന്‍ എംബസി അടയ്ക്കാന്‍ കേന്ദ്രസ‍ര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. താലിബാന്‍ അഫ്​ഗാനിസ്ഥാനില്‍ മുന്നേറും മുന്‍പേ തന്നെ അവിടെ പ്രവ‍ര്‍ത്തിച്ചിരുന്ന ഇന്ത്യയുടെ നാല് കോണ്‍സുലേറ്റുകളും അടച്ചിരുന്നു.

കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോ​ഗസ്ഥരും ഐടിബിപി സൈനികരും അടക്കം ഇരുന്നൂറോളം പേ‍ര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെ തിരികെ കൊണ്ടുവരാനായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് യാത്രവിമാനങ്ങള്‍ ഇന്നലെ വൈകിട്ടോടെ കാബൂളിലെത്തിയിരുന്നു. അതില്‍ ഒരു യാത്രാവിമാനം ദില്ലിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ എംബസിയിലുള്ള ബാക്കി ഉദ്യോ​ഗസ്ഥരുമായി അടുത്ത വിമാനത്തെ ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്നലെ വൈകുന്നേരം വരെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആളുകള്‍ രാജ്യം വിടാനായി തിക്കിതിരക്കുകയായിരുന്നു. ഇവരെ അമേരിക്കന്‍ സൈന്യം ഒഴിപ്പിച്ചു. ഇതോടെ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ സൈനിക വിമാനങ്ങള്‍ തങ്ങളുടെ എംബസി ഉദ്യോ​ഗസ്ഥ‍ര്‍ അടക്കമുള്ളവരെ തിരികെ കൊണ്ടു വരാനായി കാബൂളില്‍ ഇറങ്ങി. വിമാനങ്ങളില്‍ തൂങ്ങിപിടിച്ചും മറ്റും കാബൂളില്‍ നിന്നും രക്ഷപ്പെടാനുള്ള ആളുകളുടെ ശ്രമത്തിനിടെ ഏഴ് പേര്‍ മരിച്ചെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു.