ഫാ . ജയിംസ് കൊക്കാവയലില്‍ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കാതിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍, നായര്‍, ബ്രാഹ്മണ തുടങ്ങിയ ഇന്ത്യയിലെ വിവിധ വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അഡ്മിഷനുകളിലും 10% സംവരണം അനുവദിച്ചുകൊണ്ട് 103-ാം ഭരണഘടനാ ഭേദഗതി: ശപ്രകാരം 2019 ല്‍ കേന്ദ്രസര്‍ക്കാരും തുടര്‍ന്ന് 2020 ല്‍ കേരള സര്‍ക്കാരും നടപ്പിലാക്കിയ സംവിധാനമാണ് ഇഡബ്ല്യുഎസ് അഥവാ എക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ് റിസര്‍വേഷന്‍. ഈ ആനുകൂല്യം ലഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളത്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങളെക്കുറിച്ചും അവയില്‍ ഗുണഭോക്താക്കള്‍ക്ക് അനുകൂലമായി വന്നിട്ടുള്ള പുതിയ ഉത്തരവുകളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. കേന്ദ്രമാനദണ്ഡത്തിലെ അശാസ്ത്രീയതകേന്ദ്ര ഇഡബ്ല്യുഎസ് മാനദണ്ഡങ്ങള്‍ വടക്കേന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ അനുസരിച്ച് രൂപപ്പെടുത്തിയതാണ്. വടക്കേന്ത്യയില്‍ ആളുകള്‍ താമസിക്കുന്ന വീടുകള്‍ ഒരുമിച്ച് ഒരു ഭാഗത്തും അവരുടെ കൃഷിസ്ഥലങ്ങള്‍ മറ്റൊരിടത്തുമാണ്. അതുകൊണ്ടാണ് അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമി, പഞ്ചായത്തുകളില്‍ 4.13 സെന്‍റ് വരെയും മുന്‍സിപ്പാലിറ്റികളില്‍ 2.1 സെന്‍റ് വരെയും റസിഡന്‍ഷ്യല്‍ പ്ലോട്ട് എന്നിങ്ങനെ വേര്‍തിരിച്ച് രണ്ടു മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ കേരളത്തെ സംബന്ധിച്ച് ഇവ അശാസ്ത്രീയമായി മാറുന്നു, കാരണം കേരളത്തില്‍ ഭൂരിഭാഗം ആളുകളുടെയും വീടും കൃഷിസ്ഥലവും ഒരുമിച്ചു തന്നെയാണ്, പലയിടത്തും കൃഷിസ്ഥലമെന്നോ റസിഡന്‍ഷ്യല്‍ പ്ലോട്ട് എന്നോ വ്യത്യാസമില്ല. കേരള സര്‍ക്കാരുതന്നെയും ഭൂമിയെ ഇപ്രകാരം തരംതിരിച്ചിട്ടില്ല. കേന്ദ്രനടപടികേന്ദ്ര മാനദണ്ഡത്തിലെ ഈ അശാസ്ത്രീയതയും കേരള സര്‍ക്കാരിന്‍റെ ദുര്‍വ്യാഖ്യാനവും ചൂണ്ടിക്കാട്ടി സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷനും ചങ്ങനാശേരി അതിരൂപതയിലെ കാര്‍പ് ഡിപ്പാര്‍ട്ടുമെന്‍റും മറ്റു പല സംഘടനകളും കേന്ദ്ര സര്‍ക്കാരിന് പരാതികള്‍ അയച്ചു. ശ്രീ. തോമസ് ചാഴികാടന്‍ എംപി ഈ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചു. ഇപ്രകാരം പല വിധത്തിലുള്ള ഇടപെടലുകളുടെ ഫലമായി 2022 സെപ്തംബര്‍ 19 ന് കേന്ദ്ര സര്‍ക്കാര്‍, ഇഡബ്ല്യുഎസ് സംബന്ധിച്ച വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കു വിജ്ഞാപനം നല്‍കി. ഈ വിജ്ഞാപന (സ്പഷ്ടീകരണം) ത്തിന്‍റെ 9-ാം നമ്പര്‍ ചോദ്യവും ഉത്തരവും ഇപ്രകാരമാണ്. ചോദ്യം-9 ഒരു വ്യക്തി കൃഷിഭൂമിയില്‍ വീടുവച്ചാല്‍ പ്രസ്തുത സ്ഥലം റസിഡന്‍ഷ്യല്‍ പ്ലോട്ടായാണോ കൃഷിഭൂമിയാണോ പരിഗണിക്കുക? ഉത്തരം. റസിഡന്‍ഷ്യല്‍ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലവും (ബില്‍റ്റ് അപ് ഏരിയ) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ കെട്ടിട നിര്‍മ്മാണ ചട്ടമനുസരിച്ചുള്ള കവേര്‍ഡ്, അണ്‍കവേര്‍ഡ് ഏരിയകളും മാത്രമേ റസിഡന്‍ഷ്യല്‍ പ്ലോട്ട് ആയി കണക്കാക്കേണ്ടതുള്ളു. ഇപ്രകാരമുള്ള റസിഡന്‍ഷ്യല്‍ പ്ലോട്ടിന് പുറത്ത് കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ഭൂമിയെ കാര്‍ഷിക ഭൂമിയായും കണക്കാക്കാം. ഈ വര്‍ഗീകരണം ഇഡബ്യുഎസ് സംവരണത്തിനു മാത്രം ബാധകമായിരിക്കുന്നതാണ്. ഇതുപ്രകാരം വീടും പഞ്ചായത്ത്/മുന്‍സിപ്പല്‍ നിയമപ്രകാരമുള്ള മിനിമം സെറ്റ് ബാക് ഏരിയയും ചേര്‍ന്ന ഭാഗം മാത്രം റസിഡന്‍ഷ്യല്‍ പ്ലോട്ട്/ഹൗസ് പ്ലോട്ട് ആയി കണക്കാക്കിയാല്‍ മതിയാവും. ബാക്കി സ്ഥലം കൃഷിസ്ഥലമാണ്. സംസ്ഥാനത്തിന്‍റെ നിസംഗതകേന്ദ്രം വ്യക്തമായ സ്പഷ്ടീകരണം നല്‍കിയിട്ടും സംസ്ഥാനം നിസംഗത തുടരുകയാണ് ചെയ്തത്. കേന്ദ്ര ഉത്തരവുമായി ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ റവന്യൂ അധികാരികളെ സമീപിച്ചവര്‍ക്കു ലഭിച്ച മറുപടി ‘തങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥരാണെന്നും കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സംസ്ഥാനം ഒരു ഉത്തരവുകൂടി ഇറക്കിയെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കൂ എന്നുമായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ ഉത്തരവിനായി നെട്ടോട്ടമായിരുന്നു. നിരവധി പരാതികള്‍ വിവിധ തലങ്ങളില്‍നിന്നു നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല. ഇതുമൂലം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ അഖിലേന്ത്യാ തലത്തില്‍ ലഭിക്കേണ്ടിയിരുന്ന അനേകായിരം അവസരങ്ങള്‍ കേരളത്തിലെ സംവരണരഹിത യുവാക്കള്‍ക്കു നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അനുകൂലമായി വിധി സമ്പാദിച്ചു. ഹൈക്കോടതി ആദ്യം നല്‍കിയ ഉത്തരവ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹം കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതിനു ശേഷം ഹൈക്കോടതിയുടെ അന്ത്യശാസനത്തെത്തുടര്‍ന്നാണ് കേന്ദ്ര നിര്‍ദേശം നടപ്പാക്കിക്കൊണ്ട് ഈ നവംബര്‍ 27 ന് സംസ്ഥാനം ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഉത്തരവ് അനുസരിച്ച് 1000 സ്ക്വയര്‍ ഫീറ്റോ, അതില്‍ താഴെയോ വീടിന് വിസ്തീര്‍ണമുള്ളതും അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയും എട്ടുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനവുമുള്ള എല്ലാ സംവരണരഹിത കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് കേന്ദ്ര ഇഡബ്ല്യുഎസ് സംവരണം നേടാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. അനന്തസാധ്യതകള്‍കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയെന്നത് നിസാരകാര്യമല്ല. സിവില്‍ സര്‍വീസ്, എസ്എസ് സി, യുപിഎസ് സി, റെയില്‍വേ, പോസ്റ്റ് ഓഫീസ്, വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിന്‍റെ ഐബിപിസ് എക്സാം എന്നിങ്ങനെ നിരവധി മല്‍സര പരീക്ഷകളിലൂടെ നിയമിക്കുന്ന വേക്കന്‍സികളില്‍ 10% സംവരണം ലഭിക്കും. കേന്ദ്രസര്‍ക്കാരില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തോളം വേക്കന്‍സികളാണ് വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ ഉണ്ടാകുന്നത്. ഇവയില്‍ ബഹുഭൂരിപക്ഷത്തിലും 10% സംവരണം ലഭിക്കും. കോവിഡു കാലത്തും മറ്റും നികത്താതെപോയ ഒഴിവുകളിലേക്ക് ഉള്‍പ്പെടെ ഇപ്പോള്‍ ധാരാളം നോട്ടിഫിക്കേഷനുകള്‍ വന്നുകൊണ്ടിരിക്കുന്നു. കൂടാതെ കേന്ദ്ര യൂണിവേഴ്സിറ്റികള്‍, കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ഉന്നത വിദ്യാഭ്യസ്ഥാപനങ്ങള്‍ തുടങ്ങി ലോകോത്തര നിലവാരമുള്ള ഐഐടി, ഐഐഎം ഉള്‍പ്പടെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അഡ്മിഷന് 10% സംവരണം ലഭിക്കും. NEETപരീക്ഷ,AIIMSപ്രവേശനം ഉള്‍പ്പെടെ എം ബി ബി എസ്, നഴ്സിംഗ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നേടിയെടുക്കാന്‍ സാധിക്കും. ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നതു വഴിയായി സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകുന്നില്ല എന്നു മാത്രമല്ല വളരെ മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയും ഉയര്‍ന്ന ജോലികള്‍ക്ക് അവസരമൊരുങ്ങുകയും ചെയ്യും. UGC-NET തുടങ്ങിയ യോഗ്യതാ പരീക്ഷകള്‍ പാസാകാനും മാര്‍ക്ക് ഇളവ് ലഭിക്കുന്നു. എങ്ങനെ പ്രയോജനപ്പെടുത്തണംഇതു നമ്മുടെ കുട്ടികള്‍ക്ക് വലിയൊരു അവസരമാണ് തുറന്നുതരുന്നത്. കേരളത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്കുപോലും ഒരു പരിധി വരെ മികച്ച വിദ്യാഭ്യസം ലഭിക്കുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ പരിമിതമായ വിദ്യാഭ്യസ സാഹചര്യങ്ങളില്‍ നിന്നു വരുന്ന ഇഡബ്ല്യുഎസ് കുട്ടികളോട് മല്‍സരിക്കുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് മികവു പുലര്‍ത്താനും അവസരങ്ങള്‍ നേടിയെടുക്കാനും സാധിക്കും. ചില ഏജന്‍സികളുടെ മധുരവാക്കുകളില്‍ മയങ്ങി വിദേശങ്ങളില്‍പോയി കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുകയും തട്ടിപ്പിനിരയാകുകയും ചെയ്യാതെ മികച്ച ശമ്പളത്തോടു കൂടി നാട്ടില്‍ മാന്യമായ ജീവിതം കരുപ്പിടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ചെറുപ്പം മുതലേ ഒരു കരിയര്‍ ഓറിയന്‍റേഷന്‍ ഉണ്ടാവുകയും പ്ലസ്ടു, ഡിഗ്രി കോഴ്സുകളോടൊപ്പം പിഎസ് സി, യുപിഎസ് സി, എസ്എസ് സി, ബാങ്കിംഗ് കോച്ചിംഗുകള്‍ നടത്തുകയും ചെയ്യുന്ന കുട്ടികള്‍ക്ക് കേന്ദ്ര ഇഡബ്ല്യുഎസ് കൂടിയുണ്ടെങ്കില്‍ ഡിഗ്രി പൂര്‍ത്തിയാകുന്നതോടുകൂടി മികച്ച കരിയര്‍ സ്വന്തമാക്കാം.
- വലിയ കുടുംബങ്ങള്‍, വലിയ ഹൃദയങ്ങള്‍:എന്തുകൊണ്ട് കൂടുതല്‍ കുട്ടികള്‍ വേണം?
- സബ്സിഡിയോടുകൂടി എണ്ണപ്പനകൃഷി