എങ്ങനെ ഇന്‍റര്‍നെറ്റ് അഡിക്ഷനില്‍നിന്ന് രക്ഷനേടാം
ഇന്‍റര്‍നെറ്റ് ഇന്നത്തെ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഒരു അടിസ്ഥാന ആവശ്യം പോലെ ഇന്നത്തെ തലമുറയുടെ ഭാഗമായിത്തീര്‍ന്നു. മുതിര്‍ന്ന തലമുറയും ഇളയ തലമുറയും ഉണരുന്നതും ഉറങ്ങുന്നതും ഈ വലയില്‍ തലചായ്ച്ച് ആണ്. ഏത് കാര്യവും അമിതമാകുമ്പോള്‍ നമുക്ക് അതിന്മേലുള്ള നിയന്ത്രണം നഷ്ടമാവുകയും, ആ കാര്യം നമ്മെ നിയന്ത്രിക്കുകയും ചെയ്യും എന്ന പൊതുതത്വം ഇവിടെയും ബാധകം ആണ്. നമ്മുടെ ജീവിതചര്യകളെയും ബന്ധങ്ങളെയും, സ്വപ്നങ്ങളെയും, ആഗ്രഹങ്ങളെയും, ഇഷ്ടങ്ങളെയും…. അങ്ങനെ നമ്മുടെ ജീവിതത്തെ മുഴുവനായും ഈ വലയുടെ കണ്ണികള്‍ക്കിടയില്‍ കുടുക്കി ഇട്ടിരിക്കുന്ന ജീവിതസാഹചര്യം ആണ് ഇന്നുള്ളത്.
അഡിക്ഷന്‍
ഇന്‍റര്‍നെറ്റ് അതില്‍ തന്നെ മോശമായ ഒന്നാണ് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. സ്വന്തമായി ഒരു സ്മാര്‍ട്ട്ഫോണ്‍ ഉണ്ട് എന്നതുകൊണ്ടോ, നെറ്റ് കണക്ഷന്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ഉണ്ട് എന്നതുകൊണ്ടോ ആരും മോശമായി തീരുന്നില്ല. പക്ഷെ നല്ലതല്ലാത്ത അവസ്ഥകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള കെണി ഒളിച്ചുവച്ചിരിക്കുന്ന സുന്ദരമുഖം തന്നെ ആണ് ഇന്‍റര്‍നെറ്റ്. ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം നമുക്ക് നിയന്ത്രണം ഇല്ലാത്ത സാഹചര്യത്തില്‍ എത്തുമ്പോഴാണ് അതിനെ നമുക്ക് അഡിക്ഷന്‍ ആയി എന്നു പറയാന്‍ കഴിയുക. നന്മയുള്ള ഉപയോഗത്തിന്‍റെയും അടിമപ്പെടലിന്‍റെയും ഇടയിലുള്ള അതിര്‍ത്തി വളരെ നേര്‍ത്തതാണ്. എന്നാലും ഒരാള്‍ അതിന് അടിമപ്പെട്ടോ എന്ന് വളരെ എളുപ്പം തിരിച്ചറിയാന്‍ കഴിയും. നമ്മള്‍ എപ്പോള്‍ എങ്കിലും നെറ്റ് ഉപയോഗിക്കാതിരിക്കുകയോ, ഉപയോഗിക്കാന്‍ സാഹചര്യം ഇല്ലാതിരിക്കുകയോ ചെയ്യേണ്ടി വന്നാല്‍, അത് നമുക്ക് അസ്വസ്ഥതയും, അരിശവും, വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യവും ഉളവാക്കുന്നു എങ്കില്‍ നമ്മള്‍ അടിമത്വത്തില്‍പെട്ടു കഴിഞ്ഞു എന്നുറപ്പിക്കാം. നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും, അറിഞ്ഞുകൊണ്ട് ചിലപ്പോള്‍ നെറ്റ് വേണ്ട എന്ന് വയ്ക്കുമ്പോഴും നമുക്ക് നമ്മുടെ ശാന്തതയും, ഇമോഷണല്‍ ബാലന്‍സും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുന്നു എങ്കില്‍ നമ്മള്‍ സ്വതന്ത്രര്‍ ആണെന്ന് പറയാം.
എങ്ങനെ അതിജീവിക്കാം
ഇന്‍റര്‍നെറ്റ് അഡിക്ഷനും ഇന്ന് ലോകത്തില്‍ കാണുന്ന പല അഡിക്ഷന്‍ പോലെ ഒന്നുതന്നെയാണ്. നമ്മളില്‍ ഈ അവസ്ഥ ഉണ്ട് എന്നതിനെക്കുറിച്ച് അമിതമായി വ്യാകുലപ്പെടേണ്ട കാര്യമില്ല, മറിച്ച് പുറത്തു കടക്കാനുള്ള വഴി നോക്കുകയാണ് വേണ്ടത്. ഏറ്റവും പ്രധാനം ഉപയോഗം മിതപ്പെടുത്തുക എന്നതുതന്നെയാണ്. നമ്മള്‍ തന്നെ നമ്മളെ നിയന്ത്രിക്കുന്നതോടൊപ്പം നമ്മുടെ കുഞ്ഞുങ്ങളെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട്. എന്നിരുന്നാലും ഇന്‍റര്‍നെറ്റ് അഡിക്ഷന്‍റെ അടിസ്ഥാന കാരണം മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചാല്‍ മാത്രമേ ഇതില്‍നിന്ന് പൂര്‍ണമായി പുറത്ത് കടക്കാന്‍ കഴിയൂ.
യഥാര്‍ത്ഥത്തില്‍ ഇന്‍റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും നമ്മളെ തളച്ചിടുന്നത് അവിടെ നമുക്ക് കിട്ടുന്ന ചെറിയ സന്തോഷങ്ങള്‍ തന്നെ ആണ്. അവിടെ കിട്ടുന്ന കൊച്ചുകൊച്ചുസന്തോഷങ്ങള്‍ നമുക്കു പുറത്തു കിട്ടാവുന്ന വലിയ സന്തോഷങ്ങളിലേക്ക് നോക്കാതെ നമ്മളെ പിടിച്ചുനിര്‍ത്തുന്നു, അങ്ങനെ നമ്മള്‍ അടിസ്ഥാനമില്ലാത്ത ഈ സന്തോഷത്തിന് അടിമയായിത്തീരുന്നു. ഓരോ തവണയും നമുക്ക് ലഭിക്കുന്ന മെസ്സേജും, ലൈക്കും ഷെയറും ഒക്കെ നമുക്ക് ലഭിക്കുന്ന ചെറിയ സന്തോഷങ്ങള്‍ ആണ്, പക്ഷെ അത് നമ്മെ യാഥാര്‍ഥ്യത്തിന്‍റെ ലോകത്ത് നിന്ന് അകറ്റി കൊണ്ടുപോവുകയും ആണ്.
അതിജീവിക്കാന്‍ ചില വഴികള്‍
- അംഗീകരിക്കുക
ഏത് അഡിക്ഷനില്‍നിന്നും പുറത്തുവരാന്‍ ആദ്യം വേണ്ടത് നമുക്ക് അഡിക്ഷന്‍ ഉണ്ട് എന്നംഗീകരിക്കുക എന്നതാണ്. മുകളില്‍ പറഞ്ഞ രീതിയില്‍ നമുക്ക് അടിമത്തം ഉണ്ടോ എന്ന് പരിശോധിക്കുക, ഉണ്ട് എങ്കില്‍ ആ യാഥാര്‍ഥ്യം അംഗീകരിക്കുക. നമുക്ക് അവിടെ ലഭിച്ചു കൊണ്ടിരിക്കുന്ന കൊച്ചു സന്തോഷങ്ങള്‍ ഇതിനെ അംഗീകരിക്കാന്‍ ഒരിക്കലും നമ്മുടെ മനസിനെ അനുവദിക്കില്ല. നമ്മുടെ ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലെ ആദ്യപടി നമ്മള്‍ നമ്മുടെ കുറവിനെ അംഗീകരിക്കുക എന്നതാണ്. അത് നമ്മള്‍ മനസുകൊണ്ട് അംഗീകരിക്കുന്നതോടൊപ്പം നമുക്ക് വിശ്വാസമുള്ള ഒരാളോട് പറയുക കൂടി ചെയ്താല്‍ കൂടുതല്‍ ഫലം ചെയ്യും - സഹായം തേടുക
ഏതൊരു അഡിക്ഷന്‍റെയും ഏറ്റവും വലിയ അപകടം നമുക്ക് തന്നെ അതിനെ തരണം ചെയ്യാന്‍ കഴിയും എന്ന നമ്മുടെ ചിന്ത ആണ്. അഡിക്ഷന്‍ ആകുന്നതോടു കൂടി നമുക്ക് അതിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു എന്നതാണ് സത്യം. ഇപ്പോള്‍ ആ ശീലം നമ്മളെ ആണ് നിയന്ത്രിക്കുന്നത്, നമ്മള്‍ അതിനെ അല്ല. അതുകൊണ്ടുതന്നെ പുറത്തു കടക്കാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. സഹായിക്കാന്‍ കഴിയുന്നവരോട് നമുക്ക് സഹായം ചോദിക്കാം. - ഉപയോഗം കുറക്കുക
നേരത്തെ സൂചിപ്പിച്ചതുപോലെ ഏറ്റവും അടിസ്ഥാന പടി ഉപയോഗം കുറയ്ക്കുക എന്നതുതന്നെ ആണ്. ഫോണ്‍ ആയാലും, ലാപ്ടോപ് ആയാലും ഓരോ ദിവസവും ഉപയോഗിക്കുന്ന സമയം കണ്ടുപിടിച്ചു പതിയെ പതിയെ അതിന്‍റെ സമയം കുറയ്ക്കാന്‍ തുടങ്ങുക. കുറച്ചു എന്ന് നമ്മള്‍ വാക്കാല്‍ പറഞ്ഞു നമ്മളെത്തന്നെ പറ്റിക്കാതെ കൃത്യമായി ഓരോ ദിവസവും കുറവ് വരുത്തിയ സമയം എഴുതിവയ്ക്കാന്‍ ശ്രദ്ധിക്കുക - ബന്ധങ്ങള്‍ വളര്‍ത്തുക
സോഷ്യല്‍ മീഡിയയും ഇന്‍റര്‍നെറ്റും നമുക്ക് മുന്നില്‍ ഒരുക്കിവയ്ക്കുന്ന യഥാര്‍ത്ഥമല്ലാത്ത ലോകത്തിന് പുറത്ത് മറ്റുള്ളവരോട് ബന്ധങ്ങള്‍ ഉണ്ടാക്കി എടുക്കുക. നമ്മുടെ വീട്ടുകാരോടും, സുഹൃത്തുക്കളോടും, ഈ പ്രകൃതിയോടും ഒക്കെ നമുക്ക് ബന്ധം ഉണ്ടാകണം. ഫോണിലും നെറ്റിലും കിട്ടുന്ന യഥാര്‍ത്ഥമല്ലാത്ത സന്തോഷങ്ങളെ നേരില്‍ കാണുന്ന മനുഷ്യരുടെ പുഞ്ചിരി കൊണ്ട് നമുക്ക് ൃലുമഹരല ചെയ്യാം.
ഒപ്പം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നമ്മള്‍ കണ്ടുശീലിച്ച മനുഷ്യരെ ഒക്കെ ഒന്ന് നേരില്‍ കണ്ടു സംസാരിക്കാനും യഥാര്‍ത്ഥ ലോകത്തില്‍ ബന്ധങ്ങള്‍ വളര്‍ത്താനും ശ്രമിക്കാം. - ദിനചര്യ ക്രമപ്പെടുത്തുക
ഏത് മാനസിക ബുദ്ധിമുട്ടില്‍നിന്നും പുറത്തുവരാനുള്ള ആദ്യപടി നമ്മുടെ ദിനചര്യ ക്രമപ്പെടുത്തുക എന്നതാണ്. ഒരു ടൈംടേബിള്‍ നമുക്ക് നിര്‍ബന്ധമായും ഉണ്ടാകണം. ഉറക്കവും ഭക്ഷണവും ഒക്കെ നിര്‍ബന്ധമായും ക്രമം അനുസരിച്ചു ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത്രയുംനാള്‍ ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും ആണ് നമ്മുടെ ജീവിതചര്യ നിയന്ത്രിച്ചത്. ചാറ്റ് ചെയ്തു മടുക്കുമ്പോളും റീല്‍ കണ്ടു മടുക്കുമ്പോളും ആണ് നമ്മള്‍ ഉറങ്ങിയതും ഭക്ഷണം കഴിച്ചതും. ഇനി നമുക്ക് നമ്മുടെ ദിനചര്യയില്‍ നമ്മള്‍ മാറ്റി വച്ച സമയത്ത് മാത്രം ചാറ്റും, റീലും, മെസ്സേജും നോക്കാം. - ആവശ്യങ്ങളെ ക്രമപ്പെടുത്താം
നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മള്‍ ചെയ്യേണ്ടത് ആവണം എന്നില്ല. ജീവിതത്തില്‍ ആവശ്യങ്ങളും അത്യാവശ്യങ്ങളും ഉണ്ട്. ഏതാണ് പ്രാധാന്യം ഉള്ളത് എന്ന് തിരിച്ചറിഞ്ഞു അതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണം. ഒരു വിദ്യാര്‍ത്ഥിക്കു പഠനം ആണ് പ്രധാനം, ജോലിസ്ഥലത്തു ജോലി ആണ് പ്രധാനം, അങ്ങനെ നമ്മുടെ ഓരോ ജീവിത അവസ്ഥകളും നമുക്ക് തരുന്ന ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അത് നിര്‍വഹിച്ചതിനുശേഷം മാത്രമേ ഇന്‍റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും നമ്മള്‍ ഇടപെടുകയുള്ളു എന്ന് നിര്‍ബന്ധം ഉള്ളവര്‍ ആവുക. - സാഹചര്യങ്ങള്‍ ഒഴിവാക്കുക
മുകളില്‍ പറഞ്ഞവയൊക്കെ ചെയ്തിട്ടും കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ ആകുന്നില്ല എങ്കില്‍ നമ്മള്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ ശക്തമായ അടിമത്തം നമുക്കുണ്ട് എന്ന് മനസ്സിലാക്കുക. അത്തരം സാഹചര്യത്തില്‍ നിര്‍ബന്ധബുദ്ധിയോടെ നമ്മള്‍ ഇന്‍റര്‍നെറ്റിന്‍റെ ലോകത്തിലേക്ക് എത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. നിശ്ചിതസമയം മാത്രമേ ഇന്‍റര്‍നെറ്റ് ഉപയോഗിക്കൂ എന്ന് തീരുമാനിക്കുക. അതിന് തടസ്സമാകുന്നത് എല്ലാം ഒഴിവാക്കുക. ചിലപ്പോള്‍ നെറ്റ് കണക്ഷന്‍ സാധ്യമല്ലാത്ത ചെറിയ ഫോണിലേക്ക് നമ്മള്‍ മിതപ്പെടേണ്ടി വന്നേക്കാം. വീട്ടിലെ നെറ്റ് കണക്ഷന്‍ ഒഴിവാക്കാന്‍ തീരുമാനിക്കണം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കുറച്ചുനാളത്തേക്ക് എങ്കിലും റലമരശ്മേലേ ചെയ്യണം. നമ്മുടെ ജീവിതത്തെ തിരിച്ചു പിടിച്ചു കഴിഞ്ഞ്, നമുക്ക് നിയന്ത്രണമുണ്ട് എന്ന് ഉറപ്പായശേഷം ആവശ്യമെങ്കില്‍ ഇതൊക്കെ വീണ്ടും തിരിച്ചു എടുക്കാം.
പക്ഷെ ഇങ്ങനെ ഇന്‍റര്‍നെറ്റ് ഒഴിവാക്കുന്ന ദിവസങ്ങള്‍ നമുക്ക് ജീവിച്ചു തീര്‍ക്കാന്‍ ആദ്യ ദിവസങ്ങളില്‍ എളുപ്പം ആണ് എന്ന് തെറ്റിദ്ധരിക്കരുത്. ഇത്രയും നാള്‍ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നതിനെ ഒഴിവാക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടുകള്‍ നമ്മുടെ അനുദിന ജീവിതത്തില്‍ ഉണ്ടാകും. അത് ഒഴിവാക്കാന്‍ നമ്മള്‍ കൃത്യമായി നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തണം.
ലാപ്ടോപ്പും ഫോണും ഇല്ലാതെ ചെയ്യാവുന്ന ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ട് എന്ന് മനസ്സിലാക്കുക. പുതിയ സൗഹൃദങ്ങള്‍ വളര്‍ത്തുക, പഴയ സൗഹൃദങ്ങളെ പരിപോഷിപ്പിക്കുക, വായന, കളി, വ്യായാമം, യാത്ര, ചെടിതോട്ടം, പച്ചക്കറിതോട്ടം,… അങ്ങനെ നമുക്ക് ഇന്‍റര്‍നെറ്റിനെ കുറിച്ച് ചിന്തിക്കാന്‍ അവസരം ഇല്ലാത്ത രീതിയില്‍ നമ്മുടെ സമയത്തെ ഭാവാത്മകമായി ഉപയോഗിക്കാം.
വാല്‍കഷ്ണം
ഇത്രയും ഒക്കെ ആയാലും ചിലപ്പോള്‍ നമുക്ക് ഇതില്‍നിന്ന് പുറത്ത് കടക്കാന്‍ കഴിയണം എന്നില്ല. അങ്ങനെ എങ്കില്‍ ഈ അഡിക്ഷന് കാരണം ആകുന്ന എന്തൊക്കെയോ കാരണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നമ്മള്‍ അറിയാതെ ഉണ്ട് എന്ന് മനസ്സിലാക്കുക. അത് നമ്മുടെ അപകര്‍ഷതാബോധം, ഫോബിയകള്‍, ഏകാന്തത… അങ്ങനെ പലതും നമ്മളെ ഈ യഥാര്‍ഥ്യമല്ലാത്ത ലോകത്തില്‍ തളച്ചിടാം. അങ്ങനെ എങ്കില്‍ നമ്മളെ സഹായിക്കാന്‍ കഴിയുന്ന ആരുടെ എങ്കിലും സഹായം തേടാന്‍ മടിക്കരുത്. മിഥ്യ ആയ നെറ്റിന്‍റെ ലോകത്ത് ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതല്ല നമ്മുടെ ജീവിതം. ഈ ലോകത്തിന്‍റെ സൗന്ദര്യം അറിഞ്ഞു, ആസ്വദിച്ചു ഇവിടെ നല്ല ഓര്‍മ്മകള്‍ അവസാനിപ്പിച്ചു പോകാന്‍ ഉള്ളതാണ് നമ്മുടെ ജീവിതം.
ബിന്നിയച്ചന്‍

