ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്

വാഷിങ്​ടണ്‍ : ഭീകരാക്രമണത്തില്‍ യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്.

ഇരുപതു വര്‍ഷം മുന്‍പ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങള്‍ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തില്‍ തകര്‍ന്നു വീണത്.

ആക്രമണത്തെക്കുറിച്ചന്വേഷിക്കാന്‍ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകള്‍ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌: ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖയ്ദയിലെ 19 അംഗങ്ങള്‍ നാല്‌ അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ റാഞ്ചി. ഇതില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക്‌ സിറ്റിയിലെ മാന്‍ഹട്ടനില്‍ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റി. മിനിറ്റുകള്‍ക്കകം ഇരു ടവറുകളും നിലം പൊത്തി.

ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നില്‍പ്പിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയായിലെ സോമര്‍സെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തില്‍ തകര്‍ന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നു കരുതുന്നു.