ഫാ . ജോയി സി മാത്യു
നമ്മെ സ്നേഹിക്കുവാനാരുമില്ലെങ്കിലും സകലരെയും സ്നേഹിതരാക്കുവാനുള്ള കഴിവ് ദൈവം നമ്മുടെയുള്ളിൽ നിക്ഷേപി ചിട്ടുണ്ടെന്നോർക്കണം.അമേരിക്കൻ പ്രസിഡൻ്റായിരുന്ന റൂസ്‌വെൽറ്റിന് ഒരു ആത്മാർത്ഥസുഹൃത്തുണ്ടായിരുന്നു, ജിംഫാർലി. അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട്. അനേകമായിരം ആളുകളുടെ പേരുകൾ ഓർത്തുവയ്ക്കുന്ന കഴിവ് റൂസ്‌വെൽറ്റ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോൾ ജീംഫാർലി തൻ്റെ സുഹൃത്തിനുവേണ്ടി വോട്ടു ചോദിച്ചു. അതും വ്യക്തിപരമായി. ഓരോരുത്തരുടെയും പേരു വിളിച്ചുകൊണ്ടു തന്നെ പാടത്തും പറമ്പിലും പണിയെടുക്കുന്ന സാധാരണക്കാരെ പേര് ചൊല്ലി വിളിച്ചപ്പോൾ അവർക്ക് ആശ്ചര്യമായി. തങ്ങളെ അറിയുന്ന ഒരു പ്രസിഡന്റിനെ അവർ തിരഞ്ഞെടുത്തു. അങ്ങനെ ജനനായകനായ പ്രസിഡന്റായി മാറി റൂസ്‌വെൽറ്റ്ഇവിടെ എന്താണ് സംഭവിച്ചത്? തങ്ങളെ വ്യക്തിപരമായി അറിയാവുന്ന ഒരാളിൻ്റെ സ്നേഹപൂർവ്വമായ അഭ്യർത്ഥനയെ സിരസ്സിക്കാൻ ജനങ്ങൾക്ക് സാധിച്ചില്ല. ഒരു സുഹൃത്തിൻ്റെ സ്വാധീനം മഹത്തായ വിജയത്തിന് കാരണമായി.”നല്ല സുഹൃത്ത് ദൈവത്തിന്റെ പ്രതിരൂപമാണ്.”നമ്മുടെ ജീവിതത്തിലും നല്ല സുഹൃത്തുക്കൾ ആവശ്യമാണ്. വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സ്നേഹം സ്ഫുരിക്കുന്ന ഒരു ആത്മാർത്ഥസുഹൃത്തിനെ എല്ലാവർക്കും ആവശ്യമാണ്. കാരണം ‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്ന ചൊല്ല് എത്രയോ മനോഹരം ഓരോ സുഹൃത്തും ഓരോ പാഠപുസ്തകമാണ്. ഒരു നല്ല സുഹൃത്തിന് പലതുമാകാൻ കഴിയും. കർക്കശക്കാരനായ അച്ഛൻ, വാത്സല്യനിധിയായ അമ്മ, പ്രണയതുരയായ ഭാര്യ, കുറുമ്പുകാരനായ മകൻ, തമ്മിൽ ഭേദമില്ലെന്ന് തോന്നിപ്പിക്കുന്ന സഹോദരൻ, വഴിനടത്തുന്ന ഗുരു നന്മമാത്രം കാംക്ഷിക്കുന്ന സന്തതസഹചാരി ഓർക്കുക. ഒരു സൗഹൃദവും വെറുതെയാകുന്നില്ല.
സുഹൃത്തിനെ സമ്പാദിക്കുവാനുള്ള 10 വഴികൾ
1. സുഹൃത്തിനെ പേര് ചൊല്ലി വിളിക്കുക.
2. സുഹൃത്തിൻ്റെ ഏറ്റവും നല്ലതിനെ കണ്ടെത്തി അഭിനന്ദിക്കുക.
3. സുഹൃത്തിനോടെല്ലാം പങ്കുവയ്ക്കുന്ന മനോഭാവം വളർത്തുക.
4. സുഹൃത്തിൻ്റെ സേവനം വിലപ്പെട്ടതാണെന്ന് അംഗീകരിക്കുക.
5. സുഹൃത്തിൻ്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക.
6. സുഹൃത്തിനെ പോസിറ്റീവായി കാണണം.
7. സുഹൃത്തിൻ്റെ ഹൃദയരഹസ്യങ്ങൾ സൂക്ഷിക്കുക.
8 സുഹൃത്തിൽ നിന്നും എന്തുകിട്ടുമെന്ന് ചിന്തിക്കരുത്. എന്ത് കൊടുക്കാമെന്ന് ചിന്തിക്കുക.
9 സുഹൃത്തിൻ്റെ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കുചേരുക.
10. സൗഹൃദം വിശുദ്ധമാണെന്ന ധാരണയുണർത്തുക. “നല്ല ചങ്ങാതി ഒരഭയം. ഭാരമുള്ളവന് അവൻ അത്താണി. അന്ധന്റെ പുഴയ്ക്ക് അവൻ പാലം. അവൻ വിതയ്ക്കുന്നത് പക്ഷികൾക്ക് . അവൻ അവനുവേണ്ടി കൊയ്യുന്നത് ഒരേ ഒരു നെല്ല് മാത്രം”ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ വേദനിപ്പിക്കാം. പരാതികൾ പറഞ്ഞ് ശല്യപ്പെടുത്താം, പിണങ്ങാം. പക്ഷേ ഒരിക്കലും ഉപേക്ഷിക്കാനാവില്ല.”

