ബാങ്കിൽ നിക്ഷേപങ്ങൾ നടത്തുമ്പോൾ നിങ്ങൾ ആരുടെ പേരാണ് നോമിനിയായി (അവകാശി) വയ്ക്കാറുള്ളത്? അമ്മ, അച്ഛൻ, ഭാര്യ അല്ലെങ്കിൽ മറ്റ് ആരെയെങ്കിലും ആയിരിക്കില്ലേ? ആരായാലും ഒരാളുടെ പേര് മാത്രമേനോമിനിയായി നൽകാൻ സാധിച്ചിരുന്നുള്ളൂ. പുതിയ നിയമം അനുസരിച്ച് ബാങ്കിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ഒന്നിൽ കൂടുതൽ പേരെ നോമിനിയായി വയ്ക്കാവുന്നതാണ്.ഒരു അക്കൗണ്ടിന് ഒരു നോമിനി എന്ന രീതി മാറി ബാങ്ക് നിക്ഷേപങ്ങൾക്ക് ഒന്നിലധികം നോമിനികളെ വെയ്ക്കാം എന്ന നിയമമാണ് വന്നിരിക്കുന്നത്. ഒരു നോമിനിയെ മാത്രം വെയ്ക്കുമ്പോൾ ഇടപാടുകാരന്റെ മരണശേഷം തുക മുഴുവനും ഈ നോമിനിക്ക്നൽകുന്ന രീതിയായിരുന്നു. എന്നാൽ ഈ നോമിനിക്ക് ബാങ്കിൽ നിന്ന് പണം സ്വീകരിക്കാൻ കഴിയാതെ വന്നാൽ, അല്ലെങ്കിൽ നോമിനി മരണപ്പെട്ടാൽ, മരണപ്പെട്ട ഇടപാടുകാരന്റെ അക്കൗണ്ടിലെ പണം ലഭിക്കാൻ ജീവിച്ചിരിക്കുന്ന നിയമപരമായ അവകാശികൾ (Legal Heirs) അവകാശം തെളിയിക്കുന്നതുമായും മറ്റുമുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. നീണ്ടുനിൽക്കുന്നതും ചിലപ്പോഴെങ്കിലും പൂർത്തീകരിക്കാൻ കഴിയാതെ വരുന്നതുമായ കാരണങ്ങളാൽ ഇത്തരം ബാങ്ക് അക്കൗണ്ടുകളിലെ പണം ആർക്കും ലഭിക്കാതിരുന്ന അവസരങ്ങൾ ഉണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം എന്ന നിലയ്ക്കാണ് പുതിയ നിയമം വരുന്നത്.

