മദ്യനയമാറ്റം: നാടിനെതിരാകുമ്പോൾ തിരുത്തണം

അഡ്വ. ചാർളി പോൾ

ട്രെയ്‌നർ, മെൻ്റർ

സർക്കാരിൻ്റെ മദ്യനയമാറ്റം നാടിന് അനർഥകർമാണ്. വികസനത്തിൻ്റെ പേരിൽ ഒരു ഇടതു പക്ഷ സർക്കാർ മദ്യനിർമ്മാണശാലയെ ഉയർത്തിക്കാട്ടുന്നതിൽ വൈരുദ്ധ്യമുണ്ട്, മണ്ണ്, വെള്ളം, കൃഷി തുടങ്ങിയവയിലെ പരിസ്ഥിതിപ്രശ്‌നങ്ങൾ, കുടിവെള്ളത്തിന്റെ ലഭ്യത, പ്രദേശത്തെ ജനങ്ങളുടെ ആശങ്ക തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ മദ്യനിർമ്മാണ പ്ലാൻ്റുമായി ബന്ധപ്പെട്ട് ഉണ്ട്. ഇതേ പ്രശ്‌നങ്ങൾ കൊണ്ടാണ് പ്ലാച്ചിമടയിലെ കൊക്കൊകോള പ്ലാൻ്റ് ഉദ്ഘാടനം തുടങ്ങിയശേഷം പൂട്ടിച്ചത്. അതും വ്യവസായമായിരുന്നു. പൂട്ടിക്കാൻ നേതൃത്വം കൊടുത്ത വി.എസ്. അച്ചുതാനന്ദൻ, എം.പി.വീ രേന്ദ്രകുമാർ എന്നിവരോടൊപ്പം ഇന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷും ഉണ്ടായിരുന്നു. കോള കമ്പനിയെ സമരം ചെയ്‌ത്‌ ഓടിച്ചിടത്ത് ജലമൂറ്റാൻ മറ്റൊരു കമ്പനിയെ കൊണ്ടുവരുന്നതിലെ യുക്തി എന്താണ്. കൊക്കൊകോളയേക്കാൾ വലുതല്ലല്ലോ ബ്രുവറി. തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ചുകൊണ്ടാണ് മദ്യക്കമ്പനിക്ക് അനുമതി നല്‌കിയിരിക്കുന്നത്.സംസ്ഥാനത്തെ ഏറ്റവുമധികം വരൾച്ച നേരിടുന്ന ജില്ലയാണ് പാലക്കാട്. അഞ്ചുവർഷത്തിനിടെ ഈ ജില്ലയിൽ പതിനായിരത്തിലേറെ കിണറുകൾ വറ്റിപ്പോയി. ഇത്രതന്നെ കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു പോയി. അനിയന്ത്രിതമായ ജലചൂഷണം തുടരുമ്പോൾ 60 ശതമാനം ജലാശയങ്ങൾ പരിപാലനമില്ലാതെ നശിക്കുന്നു. അഞ്ചുവർഷത്തിനിടെ 1000 കുഴൽകി‌ണറുകൾ പൂർണമായി വറ്റി. 3000 കുഴൽ കിണറുകളിൽ ആവശ്യത്തിന് വെള്ളമില്ല. ജില്ലാഭരണകൂടത്തിനും തദ്ദേശ, ഭൂജല വിഭാഗത്തിനും ഹരിതകേരള മിഷൻ നല്‌കിയ കണക്കാണിത്.മദ്യകമ്പനി തുടങ്ങാൻ ഉദ്ദേശിക്കുന്ന എലപ്പുള്ളി പഞ്ചായത്തിലും ജലവിതരണ പദ്ധതികൾ ഉണ്ടെങ്കിലും വേനൽ എത്തുമ്പോഴേക്കും കുടിവെള്ളക്ഷാമം രൂക്ഷമാണ്. മഴ കുറവുള്ള പ്രദേശം, ഭൂഗർഭജലത്തിൻ്റെ അളവ് കുറഞ്ഞ പ്രദേശം ഇതൊന്നും പരിഗണിക്കാതെയാണ് സർക്കാർ നടപടികൾ. നിലവിലുള്ള വെള്ളത്തിൻ്റെ ആവശ്യം നിറവേറ്റാൻ തന്നെ മലമ്പുഴ ഡാം കൊണ്ട് പറ്റുന്നില്ല.കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. ഒട്ടേറെ കാർഷിക പദ്ധതികൾ നടപ്പാക്കി സംസ്ഥാനത്തിന് മാതൃകയായ പഞ്ചായത്താണ് എലപ്പുള്ളി. പാലക്കാട്ടെ കൃഷിക്കുവേണ്ടിയാണ് മലമ്പുഴ ഡാം. ഡാമിലെ വെള്ളത്തിൻ്റെ അളവ് കുറഞ്ഞുവരുന്നു. വെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് കാരണം. പാലക്കാട്ടെ ഭൂഗർഭ ജലത്തിൻ്റെ അളവും കുത്തനെ കുറയുന്നതായി പഠനങ്ങളുണ്ട്. അമിതമായി ആ വെള്ളം ചൂഷണം ചെയ്യുന്നതിൻ്റെ ഫലം കൊടുംവരൾച്ചയായിരിക്കും. മദ്യക്കമ്പനി വെള്ളം ചൂഷണം ചെയ്‌താൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കില്ല. ഭക്ഷ്യസുരക്ഷക്ക് ഭീഷണി ഉയർത്തുകയും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. കൃഷിക്ക് വേണ്ടിയുള്ള വെള്ളം മദ്യനിർമ്മാണത്തിന് ഉപയോഗിച്ചുകൂടാ. കൃഷിയേക്കാൾ വലുതാണോ മദ്യനിർമ്മാണം.? പാലക്കാട്ടെ നെൽ വയലുകളിൽ നിന്ന് നെല്ലാണോ മദ്യമാണോ ഉൽപ്പാദിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.സ്വകാര്യകമ്പനിയായ ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കാനിരിക്കുന്ന മദ്യ നിർമ്മാണശാലക്ക് വെറും 8 കിലോമീറ്റർ അകലെയാണ് സർക്കാരിന്റെ മലബാർ ഡിസ്റ്റലറീസ്. മലബാർ ഡിസ്റ്റലറീസിൻ്റെ മേനോൻപാറയിലെ ഭൂമിയിൽ മദ്യനിർമ്മാണ കമ്പനിക്കായി 2022 ജൂണിൽ മദ്യനിർമ്മാണം തുടങ്ങാൻ സർക്കാർ ഉത്തരവിറക്കിയതാണ്. പക്ഷെ ഇതുവരെ സാങ്കേതികാനുമതി കിട്ടിയിട്ടില്ല. വിലകുറഞ്ഞ മദ്യത്തിൻ്റെ ദൗർബല്യം പരിഹരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാനം കൂട്ടാനുമാണ് മലബാർ ഡിസ്റ്റലറീസിൻ്റെ മദ്യം നിർമ്മിക്കാൻ തീരുമാനിച്ചത്. 5 ബോട്ലിങ് ലൈൻ ഇന്ത്യൻ നിർമ്മിത വിദേശനിർമ്മാണം, ബ്ലെൻഡിംഗ്-ബോട്ലിംഗ് യൂണിറ്റ് എന്നിവ ആരംഭിക്കുന്നതിനാണ് അനുമതി നല്‌കിയത്. ഇവർക്ക് ജലം നല്‌കാൻ 4 വർഷമായി സർക്കാരിന് കഴിഞ്ഞിട്ടില്ല. ചിറ്റൂർ പുഴയിലെ കുന്നക്കാട്ടുപതി പദ്ധതിയിൽ നിന്ന് വെള്ളം പൈപ്പ് ലൈനിലൂടെ പ്ലാൻ്റിൽ എത്തിക്കാനായിരുന്നു നീക്കം. അതിനായി 1.87 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിപൈപ്പ് ഇറക്കിയത് കാടുപിടിച്ച് കിടപ്പാണ്. ശുദ്ധജലത്തിനായി ജലഅതോറിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ ഈ പദ്ധതി എലപ്പുള്ളി, വടകരപ്പതി പഞ്ചായത്തുകളുടെയും നാട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് മുടങ്ങി. വ്യവസായിക ആവശ്യത്തിനുള്ള സ്‌പിരിറ്റ് ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ 113 ഏക്കറുള്ള മലബാർ ഡിസ്റ്റലറീസിൽ എക്സൈസ് മന്ത്രി പറയുന്ന മഴവെള്ള സംഭരണം സ്ഥാപിച്ച് ആരംഭിക്കാവുന്നതേയുള്ളൂ. ലാഭം മുഴുവൻ സർക്കാരിന് ലഭിക്കുമല്ലോ.എലപ്പുള്ളിയിൽ കോളേജ് അനുവദിക്കുമെന്ന് പറഞ്ഞാണ് ഒയാസിസ് കമ്പനി സ്ഥലം വാങ്ങിയത്. പിന്നീട് എഥനോൾ ഉല്‌പാദന പ്ലാൻ്റിൻ്റെ ആവശ്യത്തിന് മാത്രം എന്ന് പറഞ്ഞ് ജലഅതോറിറ്റിയിൽ നിന്ന് വെള്ളത്തിനായി അപേക്ഷ നല്‌കി. നിർദ്ദിഷ്ട മദ്യകമ്പനിക്ക് വ്യ വസായവകുപ്പിൽ നിന്ന് വെള്ളം കണ്ടെത്താമെന്നും കുടിവെള്ള പദ്ധതികളിൽ വെള്ളം നൽകാനാവില്ലെന്നുമാണ് ജലഅതോറിറ്റി പറയുന്നത്. ഡിസ്റ്റലറി, ബ്രുവറി, വൈനറി യൂണിറ്റുകളുടെ കാര്യം കമ്പനി അപേക്ഷയിൽ പറഞ്ഞിട്ടില്ല. കിൻഫ്ര പാർക്കിൽ വ്യവസായ സ്ഥാപനങ്ങൾക്ക് സ്ഥാപിക്കുന്ന പ്ലാൻ്റിൽ നിന്ന് വെള്ളം കണ്ടെത്തണം. കഞ്ചിക്കോട്ടെ കിൻഫ്ര വ്യവസായ പാർക്കിലേക്ക് മലമ്പുഴയിൽനിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതി 4 വർഷമായി മുടങ്ങിക്കിടക്കുകയാണ്. കിൻഫ്രക്ക് തന്നെ അവർ ചോദിച്ച വെള്ളം നല്‌കാൻ കഴിയില്ലെന്ന് ജല അഥോറിറ്റി വ്യക്തമാക്കിയിട്ടുള്ളതാണ്. മദ്യകമ്പനി ഭൂഗർഭജലം ചൂഷണം ചെയ്യാനാണ് സാധ്യത പരിസ്ഥിതി മലിനീകരണത്തിന് പഞ്ചാബിൽ ഉൾപ്പെടെ കമ്പനിക്കെ തിരെ കേസുണ്ട്. കുഴൽ കിണറുകളിലേക്ക് മാലിന്യം ഒഴുക്കിയെന്ന ആരോപണവും കമ്പനിക്കെതിരെയുണ്ട്.8 ലക്ഷം ലിറ്റർ ബ്ലെൻഡിങ് ക്ഷമതയുള്ള മദ്യ ബോട്ലിങ് യൂണിറ്റാണ് കമ്പനി ആദ്യം ആരംഭിക്കുകയെന്ന് സർക്കാർ ഉത്തരവിലുണ്ട്. രണ്ടാംഘട്ടത്തിൽ എഥനോളും മൂന്നാം ഘട്ടത്തിൽ ബ്രുവറി പ്ലാൻ്റ്. ബ്രാൻഡ്-വൈൻ പ്ലാന്റ് എന്നിവയും നാലാം ഘട്ടത്തിൽ 10 കോടി ലിറ്റർ ബിയറും ഉല്പാദിപ്പിക്കാനാണ് നീക്കം. കേരളത്തിൽ വർധിച്ചു വരുന്ന മദ്യാസക്തിയും മദ്യത്തിൻ്റെ ലഭ്യതയും സാമൂഹി കാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്ന പശ്ചാത്തലമാണ് ഇന്നുള്ളത്. മദ്യം വലിയ സാമൂഹിക വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിൻ്റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ച ഇടതുസർക്കാരിൻ്റെ പ്രകടനപത്രികയുടെ അന്തഃസത്തക്ക് നിരക്കുന്നതല്ല പുതിയ മദ്യനയം. ഒരുനയം നാടിൻ്റെയും ജനങ്ങളുടെയും താല്പ‌ര്യങ്ങൾക്ക് എതിരാകുമ്പോൾ അത് തിരുത്തുവാൻ സർക്കാർ തയ്യാറാവണം. (8075789768)