മലയാളിക്ക് ആർത്തിയാണ് പാതിവില, അമിതലാഭം: എല്ലാം നഷ്ടം

റ്റി.സി. മാത്യു സാമ്പത്തിക വിദഗ്‌ധൻ

പകുതി വില. അത്രയും മതി. ആയിരക്കണക്കിന് ആൾക്കാർ ഓടിയെത്തി. വിശ്വസിക്കാത്തവരെ വിശ്വസിപ്പിക്കാൻ ഒരു കാരണവും. വലിയ കമ്പനികളുടെ ലാഭത്തിൽ അഞ്ചു ശതമാനം സിഎസ്ആർ (CSR Corporate Social Responsibility) കാര്യങ്ങൾക്കായി ചെലവഴിക്കണം എന്നുണ്ട്. ആ പണം ഉപയോഗിച്ചാണ് ഇരുചക്രവാഹനങ്ങൾ പകുതി വിലയ്ക്കു നൽകുന്നത്. ബാക്കി പകുതി അടയ്ക്കുക. ദിവസങ്ങൾക്കകം വാഹനം കിട്ടും. ഇതിനായി ബന്ധപ്പെടുന്നതു സന്നദ്ധസംഘടനകൾ. പരിപാടിയുടെ ഉദ്ഘാടകർ ജനപ്രതിനിധികൾ. എല്ലാവരും വിശ്വസിക്കുന്നു.സൂത്രധാരൻ പുറത്തും നടത്തിപ്പുകാരൻ അകത്തും ആയ പാതിവില തട്ടിപ്പിൻ്റെ ഉള്ളടക്കം ഇതാണ്. ആയിരക്കണക്കിനാൾക്കാർ തട്ടിപ്പിനിരയായി. 1500 കോടിയിലധികം രൂപ ജനങ്ങളിൽ നിന്നു പിരിച്ച സംഘാടകരിൽ പ്രധാനി എന്നു കരുതപ്പെടുന്ന ആനന്ദ് കുമാർ മുങ്ങി. അനന്തു കൃഷ്ണ‌ൻ അറസ്റ്റിലായി.

ആദ്യത്തേതല്ല, അവസാനത്തേതും അല്ല

ഇതു കേരളത്തിൽ നടക്കുന്ന ആദ്യത്തെ തട്ടിപ്പുപരമ്പര അല്ല. അവസാനത്തേതും അല്ല. ഓരോ തട്ടിപ്പും പുറത്തുവരുമ്പോൾ അധികൃതർ പറയും ഇനി ഇത്തരം തട്ടിപ്പു നടത്താത്തവിധം നിയമം കർശനമാക്കും എന്ന്. എങ്കിലും തട്ടിപ്പുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. കാര്യമായ മാറ്റങ്ങൾ ഇല്ലാതെ. ധനകാര്യ തട്ടിപ്പുകൾ പല രൂപത്തിലും ഭാവത്തിലും വരും. കാലത്തിനനുസരിച്ച് നൂതന സാങ്കേതികവിദ്യയും നവീന പ്രമേയങ്ങളും അവതരിപ്പിക്കും എന്നു മാത്രം. ഏതു രീതിയിലും ആകർഷകമായ വാഗ്ദാനം, താരതമ്യേന കുറവ് എന്നു തോന്നാവുന്ന പ്രാരംഭ നിക്ഷേപം. മിക്ക തട്ടിപ്പു പരിപാടികളും ആൾക്കാരെ ആകർഷിക്കുന്നത് ഇങ്ങനെയുള്ള ഓഫറുമായാണ്. കിട്ടാനുള്ളതു വളരെ വലുതും കൊടുക്കേണ്ടത് താരതമ്യേന കുറവും ആകുമ്പോൾ ആരാണ് അതിൽ കൂടാത്തത്?

കുറച്ചു മുടക്കി കൂടുതൽ നേടാൻ

അതാണ് ചതിയന്മാരുടെ ആദ്യത്തെ ആയുധം അഥവാ പ്രലോഭനം. കുറച്ചു മുടക്കി കൂടുതൽ കിട്ടുന്നതിന് മോഹിക്കുന്നവരെയാണ് ചൂതാട്ടക്കാരും മുച്ചീട്ടുകളിക്കാരും കള്ളനോട്ടുകാരും ലോട്ടറിക്കാരും മുതൽ നിക്ഷേപ തട്ടിപ്പുകാർ വരെ ലക്ഷ്യം വയ്ക്കുന്നത്. അതിനു കാലദേശ വ്യത്യാസമില്ല. പതിനേഴാം നൂറ്റാണ്ടിലെ ഹോളണ്ടിൽ ടുലിപ് പൂച്ചെടിയുടെ ഒരു കിഴങ്ങിന് ആംസ്റ്റർഡാമിലെ രാജകൊട്ടാരത്തേക്കാൾ വില വന്ന ടുലിപ് മാനിയ മുതൽ എല്ലാ ധനകാര്യ തട്ടിപ്പുകളും മനുഷ്യൻ്റെ ആർത്തിയെ കണ്ടു കൊണ്ടാണു രൂപം കൊണ്ടതും വളർന്നതും.ആർത്തി തെറ്റാണ്. ആർക്കും തർക്കമില്ല. പക്ഷേ നിർണായക സന്ദർഭത്തിൽ അതു മറക്കും.താൻ എടുത്തിട്ടില്ലാത്ത ലോട്ടറിയിൽ അഞ്ചുലക്ഷം ഡോളർ അടിച്ചെന്ന് മൊബൈൽ സന്ദേശം കണ്ടാൽ അവരുടെ പിന്നാലെ പോകാതിരിക്കാൻ പലർക്കും വയ്യ. അങ്ങനെ പോയി നൈജീരിയൻ കൊള്ളസംഘത്തിന്റെ പിടിയിൽപെട്ട മലയാളിയുടെ കഥ അധികം പഴയതല്ല. “മൈക്രോസോഫ്റ്റി”ൻ്റെ സമ്മാനപദ്ധതിയുടെ ഭാഗമായി ലഭിച്ച ലക്ഷക്കണക്കിനു ഡോളറുകൾ സ്വന്തമാക്കാൻ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അയച്ചു കൊടുക്കുന്നവർ കുറവല്ല. ലളിതമായ പദപ്രശ്‌നമോ മട്രിക്സോ പൂരിപ്പിച്ച് അയച്ച് ലക്ഷങ്ങൾ കിട്ടാം എന്ന ഓൺലൈൻ മെസേജിനു പിന്നാലെ പോകാതിരിക്കാൻ പലർക്കും വയ്യ.

ഓഹരിവിപണിയുടെ പേരിൽ

ഓഹരിവിപണിയുടെ പേരു പറഞ്ഞു പറ്റിക്കുന്നതും വ്യാപകമാണ്. പ്രശസ്‌തമായ ബ്രോക്കറേജുകളുടെ ശാഖകൾ ഏതു നാട്ടിൻ പുറത്തും ലഭ്യമായ കേരളത്തിൽ അവരോടു നേരിട്ടോ ഓൺലൈൻ ആയോ ബന്ധപ്പെട്ടാൽ ചതിയിൽപെടാതെ കഴിയാം. പക്ഷേ അതിനു മുതിരാതെ, തന്നെ സമീപിച്ച ചതിയനെ അന്ധമായി വിശ്വസിച്ചു ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുത്തിയവരിൽ റിട്ടയേഡ് ഹൈക്കോടതി ജഡ്‌ജിമാരും കോളജ് അധ്യാപകരും ഡോക്ടർമാരും ഉണ്ട്.ഓഹരിവിപണി വലിയ നേട്ടം നൽകുന്ന സംവിധാനമാണ്. കഴിഞ്ഞ രണ്ടു ദശകം കൊണ്ട് പ്രതിവർഷം ശരാ ശരി 15.23 ശതമാനം വളർച്ചയാണ് ഇന്ത്യയിലെ നിഫ്റ്റി 50 സൂചിക നൽകിയത്. രാജ്യത്തു ലഭ്യമായ മറ്റേതു നിക്ഷേപ പദ്ധതിയും നൽകുന്നതിൻ്റെ ഇരട്ടിയിലേറെ ആദയം

പഠിക്കാൻ ശ്രമിക്കില്ല

ഇത്തരം ആദായം ലഭിക്കാൻ മികച്ച മ്യൂച്വൽ ഫണ്ട് സ്‌കീമുകൾ ഉണ്ട്. അവയിൽ ചേർന്നാൽ മതി. അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളുടെ സിപ് (Systematic Invest-ment Plans) പദ്ധതികൾ ഉണ്ട്. നിശ്ചിത തുക വീതം ഗഡുക്കൾ അടച്ച് നിക്ഷേപം വളർത്താം. ഇവയെപ്പറ്റി ഏതു ബ്രോക്കറേജ് ഓഫീസിലും അന്വേഷിച്ചാൽ വിശദമായി അറിയാം. അല്ലെങ്കിൽ സെബി (SEBI- Securities and Exchanges Board of India)യുടെയോ ബിഎസ്ഇ (BSE), എൻഎസ്‌ഇ (NSE) എക്‌സ്‌ചേഞ്ചുകളുടെയോ വെബ്സൈറ്റുകളിൽ കയറിയാൽ അറിയാനാകും. ചതിയിൽ വീഴാൻ വിധിക്കപ്പെട്ടവർ അതിനൊന്നും ശ്രമിക്കില്ല. ഒരു ചാർട്ടേഡ് അക്കൗണ്ടിനോടു സംശയം ചോദിക്കുകയുമില്ല. വലിയ ലാഭം കിട്ടാനുള്ള നിക്ഷേപ സംവിധാനം താൻ മാത്രം അറിയേണ്ട മഹാരഹസ്യമായി സൂക്ഷിക്കും. ഒടുവിൽ മഹാസാമ്പത്തികനഷ്ടവും മഹാമാനനഷ്ടവും വന്ന ശേഷം എല്ലാവരോടും പറയും.ആർത്തിയാണു കാരണം. ആരോടും പറയാത്തതു മുഴുവനും തനിക്കു തന്നെ കിട്ടണം എന്ന മോഹം കൊണ്ട്. ആർത്തി എന്നും എപ്പോഴും തെറ്റാണെന്നു പറയുന്നില്ല. ആർത്തി ഉണ്ടായാൽ മാത്രമേ മനുഷ്യർ സംരംഭകരായി മാറുകയുള്ളൂ. കൂടുതൽ പണമുണ്ടാക്കാനുള്ളത്വരയും ആർത്തിയിൽ നിന്നാണ് ഉണ്ടാകുന്നത്. പക്ഷേ അതിനർഥം യുക്തിയും സാമാന്യബോധവും കൈവിട്ടു നീങ്ങണം എന്നല്ല.

വിശ്വാസ്യത പരിശോധിക്കണം

ചതികളിൽ വീഴാതിരിക്കാനുള്ള ഒരു വഴി ബന്ധപ്പെടുന്നവർ വിശ്വസ്തരാണോ എന്നു പരിശോധിക്കുന്നതാണ്. പേര്, മേൽവിലാസം, ഫോൺ നമ്പർ, കമ്പനിയുടെ പേര്, കമ്പനിയുടെ ഐഡൻ്റിറ്റി കാർഡ് തുടങ്ങിയവ നൽകാനോ കാണിക്കാനോ ചെറിയ മടിയെങ്കിലും കാണിക്കുന്നവരെ ആദ്യമേ ഒഴിവാക്കാം. അവർ തട്ടിപ്പുകാർ തന്നെ. ആദ്യമായി ബന്ധപ്പെടുന്ന ഒരാളോടു സ്വന്തം ഐഡന്റിറ്റി കൃത്യമായി പറയാതെ ഇടപാടിനു ശ്രമിക്കുന്നവർ വിശ്വസനീയരല്ല. വാചകമടിയോ വസ്ത്രധാരണത്തിലെ മികവോ ഉദാരമായ ചിരിയോ ഒന്നും കൃത്യമായ ഉത്തരത്തിനു പകരം നിൽക്കില്ല. ഇങ്ങോട്ടു ബന്ധപ്പെടുന്ന ആളോട് ഐഡൻ്റിറ്റി വ്യക്തമാക്കാൻ ആവശ്യപ്പെടുന്നതിൽ അപാകതയോ അപമര്യാദയോ ഇല്ല.രണ്ടാമത്തെ വഴി ഈ പറയുന്ന നിക്ഷേപസ്ഥാപനം ഉണ്ടോ, അവിടെ ഇങ്ങനെ സ്‌കീം ഉണ്ടോ എന്നൊക്കെ പരിശോധിക്കുന്നതാണ്. സ്ഥാപനത്തിന്റെ ഓഫീസോ ശാഖയോ അടുത്ത് ഉണ്ടോ എന്ന് അന്വേഷിക്കണം. എല്ലാം അകലെയാണെങ്കിൽ അവരോടു ചേരുന്നതിൽ അപകടം പ്രതീക്ഷിക്കണം. അടുത്ത് ഉണ്ടെങ്കിൽ അവരുടെ അടുത്തു നേരിട്ടും പരിസര വാസികളോടും അന്വേഷിക്കണം. പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും രൂപ ഏൽപ്പിക്കും മുൻപ് ഏതാനുമായിരം രൂപ മുടക്കി ഒന്നോ രണ്ടോ ദിവസത്തെ യാത്ര നടത്തി കാര്യങ്ങൾ അന്വേഷിക്കേണ്ടതു നിക്ഷേപകരുടെ കടമയാണ്. നഷ്ടം വന്ന ശേഷം പോലീസ് ചെയ്യേണ്ടതല്ല അത്.ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ ഇല്ലാക്കഥകൾ പറഞ്ഞ് ജനങ്ങളെ പറ്റിച്ചു പണവും മറ്റും തട്ടിച്ചെടുക്കുന്നവരുടെ കോലാഹലം ഇപ്പോൾ ഒട്ടൊന്നു കുറഞ്ഞിട്ടുണ്ട്. എങ്കിലും വേറേ രൂപഭാവങ്ങളിൽ അവ വരും.നാലു കാര്യങ്ങൾ ഓർമിക്കുക

ഒന്ന്: കഴിവല്ല ഇരകളുടെ അത്യാർത്തിയാണു ഭൂരി പക്ഷം അവസരങ്ങളിലും തട്ടിപ്പിനു കാരണം. ഇരകളിൽ ഡോക്ടർമാരും ടെക് പ്രഫഷണലുകളും അഭിഭാഷകരും അധ്യാപകരും ഒക്കെ ഉണ്ട്. വിദ്യാഭ്യാസം കൂടിയാലും ആർത്തി കുറയില്ലല്ലോ.

രണ്ട്: നാട്ടുനടപ്പുള്ളതിലും വളരെ കൂടിയ നിരക്ക് തേടിപ്പോയി നിക്ഷേപിക്കുന്നത് അപകടത്തെ വിളിച്ചു വരുത്തലാണ്. വാണിജ്യബാങ്കുകൾ എട്ടുവരെ ശതമാനം പലിശ നൽകുമ്പോൾ 20-ഉം 24-ഉം ശതമാനം പലിശ ഓഫർ ചെയ്യുന്നവർ നടത്തുന്നതു തുടർന്നു പോകാവുന്ന ബിസിനസ് അല്ല, അതിൽ ചേരുന്നതു പണം നഷ്ടപ്പെടുത്താൻ മാത്രമേ സഹായിക്കൂ.

മൂന്ന്: അറിയാത്ത ബിസിനസിൽ പണം നിക്ഷേപിക്കരുത്. എന്താണ് ഒരു പ്രസ്ഥാനം ചെയ്യുന്നത്, എങ്ങനെയാണ് അവർ പണം ഉണ്ടാക്കുന്നത്, അവർ ആരാണ് എന്നൊന്നും അറിയാതെ പണം നിക്ഷേപിക്കരുത്. നിയമവിരുദ്ധ കാര്യങ്ങൾ മുതൽ അപ്രായോഗിക കാര്യങ്ങൾ വരെ അവയിൽ ഉണ്ടാകാം. എന്തിനാണു പണം കളഞ്ഞ് അബദ്ധത്തിൽ വീഴുന്നത്.

നാല്: വളരെ ലാഭകരമായ സ്കീമുകളെ സംശയിക്കാനും അപരിചിതർ നിങ്ങൾക്ക് ആദായമാർഗം ചൂണ്ടിക്കാട്ടാൻ വരുന്നതിൽ അപകടം മണക്കാനും മടിക്കരുത്. സഹതാപമോ ആർത്തിയോ ചിന്താശേഷിയെ അടിച്ച മർത്താൻ അനുവദിക്കരുത്. സംശയം തോന്നിയാൽ പിന്മാറ്റമാണു നല്ലത് എന്നതു മറക്കാതിരിക്കുക.