തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 2021- 22 അക്കാദമിക് വര്‍ഷത്തില്‍ ബിരുദ കോഴ്‌സുകള്‍ പരമാവധി 70 സീറ്റ് വരെ വര്‍ധിപ്പിക്കാം. സയന്‍സ് വിഷയങ്ങള്‍ക്ക് 25 സീറ്റ് എന്ന പരിധിയിലും ആര്‍ട്‌സ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 30 സീറ്റ് പരിധിയിലും ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. അധിക സീറ്റ് വേണമോ എന്ന് കോളജുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. സര്‍വ്വകലാശാല എത്രയും വേഗം കോളജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമപ്രകാരവും സര്‍ക്കാരിന് ബാധ്യത ഉണ്ടാക്കാത്ത വിധത്തില്‍ അധിക സീറ്റുകള്‍ ഈ അക്കാദമിക വര്‍ഷം തന്നെ അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

