കൗമാരക്കാരിൽ കോപം വർദ്ധിക്കുന്നു

ഡോ. സിസ്റ്റർ ആനി മരിയ സിഎംസി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് REIC & AC, ICH, ഗവ. മെഡിക്കൽ കോളജ്, കോട്ടയം

നുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള റാഗിങ്ങിന്റെയും ലഹരി ഉപയോഗങ്ങളുടെയും പലവിധ ദുരുപയോഗങ്ങളുടെയും വാർത്തകൾ ഈയിടെയായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ബാല്യത്തിലും കൗമാരത്തിലും നമ്മുടെ കുട്ടികളെ വേണ്ട വിധം മനസ്സിലാക്കി, ഉചിതമായി നയിക്കാനായാൽ മനസാക്ഷി മരവിച്ച യുവത്വത്തിലേക്ക് വഴുതി വീഴാതെ അവരിൽ നല്ലൊരു വിഭാഗത്തെ രക്ഷിക്കാൻ നമുക്കാവും തീർച്ച.പതിനാലുകാരനായ ഒരു വിദ്യാർത്ഥിക്ക് ഈയിടെയായി വാശിയും ദേഷ്യവും വളരെയധികം കൂടി എന്നാണ് മാതാപിതാക്കളുടെ പരാതി ദേഷ്യം വന്നാൽ അവൻ വിട്ടിൽ ഉള്ളവരെ തുറിച്ചു നോക്കുകയും, അവരുടെ നേരെ മുഷ്ടിചുരുട്ടുകയും, വാതിൽതിൽ വലിച്ചടയ്ക്കുകയും, കയർത്തു സംസാരിക്കുകയും, വീട്ടിലുള്ള സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യും. എന്നാൽ പതിമൂന്നുകാരനായ മറ്റൊരു വിദ്യാർത്ഥിയുടെ കോപക്രിയകൾ പ്രധാനമായും വീടിനു പുറത്താണ്. ടീച്ചേഴ്‌സിനോട് തർക്കുത്തരം പറയുക, സഹപാഠികളെ ഉപദ്രവിക്കുക, പഠനത്തിലും കഴിവുകളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ ദേഹോപദ്രവം ചെയ്യുക, ദ്വയാർത്ഥമുള്ള പേരുകൾ വിളിച്ച് കളിയാക്കുക. ക്ഷുദ്രജീവികളെ ഇഞ്ചിഞ്ചായി കൊല്ലുക ഇവയെല്ലാം അവൻ്റെ വിനോദങ്ങളാണ്. പതിമൂന്നു വയസ്സുകാരിയായ ഒരു വിദ്യാർത്ഥിനിയാകട്ടെ അമിതമായ ദേഷ്യം തോന്നുമ്പോൾ അവളെത്തന്നെനുള്ളി നോവിക്കുകയും സ്വന്തം വസ്ത്രങ്ങളും ബാഗും മറ്റും ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞു കീറുകയും ആരോടും മിണ്ടാതെ മുറിയിൽ കയറി കതകടച്ചിരിക്കുകയുമാണ് പതിവ്. അനിയന്ത്രിതമായ കോപവും നിയന്ത്രണങ്ങളോടുള്ള അസഹിഷ്ണു‌തയും എതിർപ്പും കൗമാരക്കാരിൽ സാധാരണയായി കണ്ടുവരാറുണ്ട്. താൻപോരിമയും ധിക്കാരവും കൂസലില്ലായ്‌മയുമായി ഇവ ചിത്രീകരിക്കപ്പെടുമ്പോൾ ഇവയ്ക്ക് പിന്നിലെ യഥാർത്ഥ പ്രശ്‌നങ്ങൾ എന്തെന്ന് മനസ്സിലാക്കി പ്രതികരിക്കുവാൻ മാതാപിതാക്കളും അധ്യാപകരും മറ്റും പരാജയപ്പെട്ടുപോകുന്നുണ്ടോ? ഉള്ളിലുള്ള സമ്മർദ്ദങ്ങൾ, സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്നതിനും പ്രവർത്തിക്കുന്നതിനും ഉള്ള ത്വര, മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ വന്നു ഭവിക്കുന്ന സംഘങ്ങൾ, അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം, സ്വന്തമായ തനിമ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള തീവ്രമായ ആവശ്യം എന്നിവയുടെ ബാഹ്യമായ പ്രകടനമാണ് ഇവരിലെ അനിയന്ത്രിതമായ കോപം. ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ ശരീരത്തിൽ അഡ്രിനാലിൻ എന്ന ഹോർമോണിൻ്റെ അളവ് വർദ്ധിപ്പിക്കുകയും, ഫലമായി കോപം നിയന്ത്രിക്കാൻ സാധിക്കാതെവരികയും ചെയ്യുന്നു. വികാരത്തള്ളൽ ഉണ്ടാകുമ്പോൾ ബുദ്ധിയുടെ ശരിയായ പ്രവർത്തനവും നടക്കില്ല. മാത്രമല്ല. കൗമാരക്കാരിൽ ഉണ്ടാകുന്ന ശാരീരിക, മാനസിക, സാമൂഹിക മാറ്റങ്ങളും; വികാരങ്ങളെ ഉചിതമായ വിധത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള പക്വതക്കുറവും വെല്ലുവിളി ഉയർത്തുന്നുണ്ട്. അപകർഷതാബോധം, നിഷേധാത്മക ചിന്തകൾ, നാണം, കുറ്റബോധം, ഉത്കണ്ഠ, നിരാശ, ലഹരി വസ്‌തുക്കളുടെ ഉപയോഗം ഇവയും വലിയ തോതിലുള്ള കോപത്തിന് കാരണമാകാം.തങ്ങൾക്കുള്ളിൽ നുരഞ്ഞു പൊന്തുന്ന കോപം മുകളിൽ പറഞ്ഞതുപോലെ കൗമാരക്കാർ വ്യത്യസ്‌ത വിധത്തിലാണ് പ്രകടമാക്കുന്നത്. ചിലർ തങ്ങളുടെ ദേഷ്യം അതുമായി ബന്ധപ്പെട്ടവരോട് നേരിട്ട് പ്രകടിപ്പിക്കും (ex-ternalizing), മറ്റുചിലർ തങ്ങളിലേക്ക് തന്നെ തിരിയും (internalizing), ഇനിയും ചിലരാകട്ടെ ദേഷ്യം നേരിട്ട് പ്രകടിപ്പിക്കാതെ അനാരോഗ്യകരമായ ചില രീതികൾ അവലംബിക്കും (passive aggression), ഉദാഹരണത്തിന്, ഭക്ഷണം കഴിക്കാതിരിക്കുക, പൊതുമുതലുകൾ നശിപ്പിക്കുക, പഠനത്തിൽ ശ്രദ്ധിക്കാതിരിക്കുക, അമിതമായി മൊബൈൽ ഉപയോഗിക്കുക.വീട്ടിലും സ്കൂ‌ളിലും കർക്കശമായ നിയന്ത്രണങ്ങളും അച്ചടക്കനടപടികളും ഏർപ്പെടുത്തുന്നതും, കുട്ടികളുടെ ആത്മാഭിമാനത്തെ ഹനിക്കുന്നതരത്തിലുള്ള വിമർശനങ്ങളും ശാപവാക്കുകളും ഉപയോഗിക്കുന്നതും, അനാവശ്യമായ താരതമ്യപ്പെടുത്തലുകളും അവരെ കൂടുതൽ പ്രകോപിതരാക്കുകയേ ഉള്ളൂ, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്നതുപോലെ അനാരോഗ്യകരമായ പെരുമാറ്റങ്ങളിലേക്കും നശീകരണ പ്രവർത്തനങ്ങളിലേക്കും നീങ്ങാൻ ഇവ ഇടയാക്കും. സംഘർഷങ്ങളെ ഉചിതമായ വിധത്തിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾ പഠിക്കേണ്ടത് വീട്ടിൽ നിന്നു തന്നെയാണ്. മാതാപിതാക്കളുടെ പെരുമാറ്റ രീതികളും, സംഘർഷങ്ങളോടുള്ള പ്രതികരണങ്ങളും അവർ കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യാറുണ്ട്. കോപത്തിനു പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് സമചിത്തതയോടും വ്യക്തിബഹുമാനത്തോടും സഹിഷ്‌ണുതയോടും കൂടി മാതാപിതാക്കളും അധ്യാപകരും അവരെ സമീപിക്കുന്നതും നയിക്കുന്നതും പ്രശ്നപരിഹാരത്തിനുള്ള മികവ് (problem-solving and conflict management skills) വർദ്ധിപ്പിക്കാൻ കൗമാരക്കാരെ സഹായിക്കും. അമിത കോപത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റു ചില കാര്യങ്ങൾ ഇവിടെ ചേർക്കുന്നു. ദേഷ്യം ഉളവാക്കുന്ന സാഹചര്യങ്ങൾ (triggers), അപ്പോൾ ഉണ്ടാകുന്ന ചിന്തകൾ (thoughts), ശാരീരിക വൈകാരിക മാറ്റങ്ങൾ (physical and emotional changes), ഫലമായുള്ള പെരുമാറ്റം ( ഉദാഹരണത്തിന് അലറുക, എറിയുക, അടിക്കുക) തുടങ്ങിയകാര്യങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാകുന്നതിനായി എല്ലാദിവസവും ഡയറി എഴുതുന്നതും, ഈ സാഹചര്യത്തിൽ കുറച്ചുകൂടി പക്വതയോടെ എങ്ങനെ പ്രതികരിക്കാമായിരുന്നു എന്ന് ചി ന്തിക്കുന്നതും, മുതിർന്നവരും സുഹൃത്തുക്കളുമായി ചർച്ചചെയ്ത് വിലയിരുത്തുന്നതും മുൻപോട്ടുള്ള സാഹചര്യങ്ങളെ കൂടുതൽ വൈകാരിക പക്വതയോടെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കും. സമാന സാഹചര്യങ്ങളെ മറ്റുള്ളവർ എങ്ങനെ നേരിടുന്നുവെന്ന് നിരീക്ഷിക്കുന്നതും (observation) സ്വയം വിമർശനത്തിനും മാറ്റത്തിനും ആക്കം കൂട്ടും. സ്വാനുകമ്പ (self-compassion) ശരിയായ ഉറക്കം, വിശ്രമം, ഉല്ലാസം, ഭക്ഷണകമം- ആന്തരിക സംഘർഷങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുന്നതിന് വളരെ ആവശ്യമാണ്. കൂടാതെ ഇഷ്ടമുള്ള സംഗീതം കേൾക്കുക, നല്ല പുസ്‌തകങ്ങൾ വായിക്കുക, ശാരീരിക വ്യായാമങ്ങൾ ചെയ്യുക, യോഗ, ഡാൻസ് ഇവ അഭ്യസിക്കുക, ചിത്രം വരക്കുകയും നിറം കൊടുക്കുകയും ചെയ്യുക, പ്രകൃതിസൗന്ദര്യം ആസ്വദിക്കുക, കഥ കവിത ഇവ എഴുതുക, നല്ല സൗഹൃദങ്ങൾ വളർത്തിയെടുക്കുകയും നിലനിർത്തുകയും ചെയ്യുക, ക്രിയാത്മകമായ പ്രവർത്തനങ്ങളിലും കാരുണ്യപ്രവർത്തികളിലും ഏർപ്പെടുക എന്നിവയും ആന്തരിക സമ്മർദ്ദങ്ങളെ കുറയ്ക്കുന്നതിനും അതുവഴി കോപത്തെ നിയന്ത്രിക്കുന്നതിനും സഹായകമാണ്. ദൈവാശ്രയവും ആത്മീയ വളർച്ചയിലുള്ള താല്‌പര്യവും ചെറുപ്പം മുതൽ കുട്ടികളെ പരിശീലിപ്പിക്കുന്നതും ഈ പ്രശ്നങ്ങളെ തരണം ചെയ്യാൻ അവരെ സഹായിക്കുമെന്നതിന് സംശയമില്ല.