മാർ ജോസ് പുളിക്കൽ
പുതിയ അധ്യയനവർഷം എത്തിക്കഴിഞ്ഞു. പുത്തൻപ്രതീക്ഷകളുമായി കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തുകയായി. നിറമുള്ള സ്വപ്‌നങ്ങളുമായിട്ടാണ് എല്ലാവരും പുതുവർഷത്തെ വരവേല്ക്കുന്നത്. അത് അങ്ങനെയാവുകയും വേണം. ഭാവിയെപ്പറ്റിയുള്ള അർത്ഥപൂർണ്ണമായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ടാകുമ്പോഴാണ് അദ്ധ്വാനിക്കാനുള്ള പ്രചോദനം കിട്ടു ന്നത്. പഠനമെന്നത് തീക്ഷ്‌ണമായ ഒരന്വേഷണവും അദ്ധ്വാനവുമാണ്. അറിവിൻ്റെ, പക്വമായ വീക്ഷണങ്ങളുടെ വാതായനങ്ങൾ തുറക്കുന്ന യാത്രയാണത്.
ആദ്യാക്ഷരം കുറിച്ചുതുടങ്ങുന്ന വിദ്യാരംഭം അറിവിൻ്റെ, ആശയങ്ങളുടെ ലോകത്തിലൂടെ കുട്ടികളെ പക്വമായ വ്യക്തിത്വവളർച്ചയിലേക്കാണ് നയിക്കേണ്ടത്. ധാർമ്മികതയുള്ള ഒരു സമൂഹത്തെ നിർമ്മിച്ചെടുക്കുന്നതിൽ വലിയ പങ്ക് വിദ്യാലയങ്ങൾക്കുണ്ട്. നവലോകനിർമ്മിതി – രാഷ്ട്രനിർമ്മിതി – വളരുന്ന തലമുറയുടെ കാഴ്‌ചപ്പാടുകളിലധിഷ്‌ഠിതമാണ്. അതുകൊണ്ടുതന്നെ ശരിയായ ബോധ്യങ്ങളും കാഴ്‌ചപ്പാടുകളും ഇളംതലമുറയിൽ രൂപപ്പെടേണ്ടതാവശ്യമാണ്. അപരനെ – സഹജീവിയെ – മറന്നുള്ള ഇടപെടലുകളും നിലപാടുകളും അപകടകരമാണ്.
ഭവനത്തിൽ ഒറ്റപ്പെട്ടുവളരുന്ന കുട്ടികളുടെ എണ്ണം വർദ്ധമാനമാകുന്ന കാലമാണിത്. സ്വന്തം മുറികളിലും മൊബൈൽലോകത്തും ഒതുങ്ങിക്കൂടാൻ ഇടയാകുന്നവിധം കുട്ടികളുടെ ലോകം ചുരുങ്ങിപ്പോകുന്നതിൻ്റെ അപകടം വലുതാണ്. വിശാലമായ ലോകത്തെപ്പറ്റിയും പച്ചയായ യാഥാർത്ഥ്യങ്ങളെപ്പറ്റിയുമുള്ള അറിവുകൾ അന്യമാകുന്നതുവഴി സ്വാർത്ഥം വളർന്ന് സ്വന്തം നേട്ടങ്ങളിലൊതുങ്ങിക്കൂടുന്നതിനിടയാകുന്നു. സൈബർ അഡിക്‌ഷൻ ഇതി നോടനുബന്ധിച്ചുണ്ടാകാവുന്ന വലിയ ദുരന്തമാണ്. ജീവിതം തന്നെ വഴിവിട്ടു ചരിക്കുന്നതിനും നഷ്ടപ്പെട്ടുപോകുന്നതിനുമുള്ള അപകടസാധ്യതയാണിത്.
അർത്ഥവത്തും ഭാവാത്മകവുമായ ലോകവീക്ഷണമാണ് കുട്ടികൾക്കു ലഭിക്കേണ്ടത്. അവരുടെ ഭാവിസ്വപ്‌നങ്ങൾ പരോന്മുഖമായിരിക്കണം, സഹോദരങ്ങളെയും പ്രകൃതിയെയും ജന്മനാടിനെയും പരിഗണിക്കുന്ന നവലോകനിർമ്മിതിയുടെ ഉദാത്തദർശനങ്ങളായിരിക്കണം സ്വപ്നങ്ങളുടെ ഉള്ളടക്കം. കാലംചെയ്ത സാത്വികനായ രാഷ്ട്രപതി അബ്ദുൾ കലാമിൻ്റെ കാഴ്ചപ്പാടുകൾ – എഴുത്തുകൾ – കുട്ടികളുടെ ചിന്താധാരകൾക്ക് ദിശാബോധം നൽകാൻ പര്യാപ്തമാണ്. ജ്വലിക്കുന്ന മനസ്സുകൾ (Ignited Minds) എന്ന പുസ്‌തകത്തിൽ കലാം കുറിച്ചു: “സ്വപ്‌നം കാണുക, സ്വപ്‌നം കാണുക. സ്വപ്‌നം വിചാരങ്ങൾക്ക് രൂപം നൽകുന്നു, വിചാരങ്ങൾ പ്രവൃത്തികളിലേക്കു നയിക്കുന്നു.” അഗ്നിച്ചിറകുകൾ (Wings of Fire) എന്ന ഗ്രന്ഥത്തിലും സ്വന്തം ജീവിതദർശനങ്ങൾ എങ്ങനെ യാഥാർത്ഥ്യവത്ക്കരിക്കപ്പെട്ടുവെന്ന് കലാം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ സ്വപ്‌നങ്ങൾ അപരന്റെ നന്മയ്ക്കും രാജ്യപുരോഗതിക്കുമുതകുന്ന ഉന്നതകാഴ്‌ചപ്പാടുകളാണ് പങ്കുവയ്ക്കുന്നത്. സഹജീവികളുടെ വേദനയും പാർശ്വവത്ക്കരിക്കപ്പെട്ട – പരിമിതികളുള്ള – മനുഷ്യ രുടെ കഷ്ടപ്പാടുകളും കുട്ടികളുടെ മനസ്സിൽ എത്തിക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം. അപരനെ പരിഗണിക്കാത്ത അറിവുസമ്പാദനം അന്ധവും അപക്വവുമാണ്. വർദ്ധിച്ചുവരുന്ന ഹിംസാത്മകപ്രവൃത്തികളും വിദ്വേഷസമീപനങ്ങളുമെല്ലാം പരിഹരിക്കപ്പെടേണ്ടത് ശരിയായ അറിവുസമ്പാദനത്തിലൂടെയാണ്. സമഗ്രമായ ജീവിതദർശനമായിരിക്കട്ടെ നമ്മുടെ വിദ്യാലയങ്ങളിലൂടെ കൈമാറുന്നത്. മൂല്യാധിഷ്ഠിതവിദ്യാഭ്യാസമെന്നത് മാറുന്ന കാലത്ത് അന്യമാകാൻ പാടില്ലാത്തതാണ്.
പഠനവിജയത്തിനും ജീവിതലക്ഷ്യം പ്രാപിക്കുന്നതിനും അനിവാര്യമായ ചില കാര്യങ്ങൾ കുറിക്കുന്നു. അടിയുറച്ച ദൈവവിശ്വാസം സുപ്രധാനമാണ്. വിജ്ഞാനസ്രോതസ്സായ സ്രഷ്ടാവിലുള്ള വിശ്വാസം അറിവിൻ്റെ ലോകത്തിലേക്കുള്ള ഒന്നാമത്തെ കവാടമാണ്. അതിന്റെ ഭാഗമാണ് ദൈവവുമായുള്ള ബന്ധവും പ്രാർത്ഥനയും. ഭാവിയെപ്പറ്റിയുള്ള പക്വമായ സ്വപ്നങ്ങൾ ചെറുപ്രായത്തിൽ മുതൽ മനസ്സിൽ സൂക്ഷിക്കുന്നവർക്കാണ് ലക്ഷ്യം പ്രാപിക്കാൻ കഴിയുന്നത്. അത് ഓരോ ദിവസവും നവീകരിച്ചുകൊണ്ട് ദൃഢനിശ്ചയമാക്കിത്തീർക്കണം. കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് ലക്ഷ്യപ്രാപ്‌തിക്കുള്ള അടുത്ത സുപ്രധാന ഘടകങ്ങൾ. ഇതോടൊപ്പം ചിട്ടയായിട്ടുള്ള പഠനരീതി പരിശീലിക്കേണ്ടത് ആവശ്യമാ ണ്. ദിനംതോറുമുള്ള സമയബന്ധിതമായ പഠനശൈലി പ്രാവർത്തികമാക്കാൻ കഴിയണം. എവിടെങ്കിലും പരാജയമുണ്ടായാൽ മനസ്സിടറാൻ പാടില്ല. പരാജയങ്ങളെല്ലാം വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നുള്ള സത്യം കുട്ടികൾ വിസ്‌മരിക്കരുത്. ഇതോടൊപ്പം, ഗുരുവിനോടുള്ള ആദരവും സഹപാഠികൾ തമ്മിലുള്ള പരസ്‌പരബന്ധങ്ങളും സഹായസന്നദ്ധതയും വിജയത്തിന് അനിവാര്യമാണ്.
പ്രിയകുട്ടികളേ, നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും സഫലമാകട്ടെ. പുതിയ അധ്യ യനവർഷം അനുഗ്രഹപ്രദമാകട്ടെയെന്ന് ആശംസിക്കുന്നു. പ്രാർത്ഥനകൾ നേരുന്നു.

