ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ നിറഞ്ഞുനില്ക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും മലയാളികളെയൊന്നാകെ വിഷമിപ്പിക്കുകയും ചെയ്ത ചില സംഭവങ്ങള്‍ക്ക് നാമെല്ലാം സാക്ഷികളായി. വിദേശ രാജ്യങ്ങളില്‍ മാത്രം നടക്കുന്നു എന്നു കരുതിയിരുന്ന ഇത്തരം സംഭവങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തിലും നടമാടുന്നു എന്നത് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. ഇതിനായി ഇരയായ പിഞ്ചുകുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു; ഇത്തരം സംഭവങ്ങള്‍ ഇനിമേല്‍ ആവര്‍ത്തിക്കപ്പെടരുതേയെന്ന് എല്ലാവരും ആഗ്രഹിക്കുകയും ചെയ്തു.
രാജ്യത്തെ കുട്ടികളില്‍ 53 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ലൈംഗികചൂഷണത്തിന് വിധേയരാകുന്നതായി കേന്ദ്രസര്‍ക്കാര്‍ സര്‍വ്വേ. സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ക്കു സുരക്ഷയില്ലെന്നും അവര്‍ക്കുനേരെ വിവിധ അതിക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നും സാമൂഹിക നീതി വകുപ്പ് നടത്തിയ സര്‍വ്വേയും കണ്ടെത്തി.
എന്താണ് ബാലപീഡനം?
കുട്ടികളെ പീഡിപ്പിക്കുന്നത് പലതരത്തിലാകാം:-
1. ശാരീരികമായ പീഡനം
2. ലൈംഗിക പീഡനം
3. വൈകാരികമായ പീഡനം
4. അവഗണന, വേണ്ട പരിചരണം നല്‍കാതിരിക്കുക.
പീഡനം കുട്ടിയുടെ വീട്ടിലോ, സ്കൂളിലോ നടക്കാം.
ഇവയില്‍ ഏറ്റവും ക്രൂരവും, ദീര്‍ഘമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതുമാണ് ലൈംഗികപീഡനം.
ശാരീരിക പീഡനം:-
കുട്ടിക്ക് ശാരീരിക ക്ഷതമുണ്ടാക്കുന്ന പ്രവൃത്തികള്‍ മനഃപൂര്‍വ്വം ചെയ്യുന്നതാണിത്. അടിക്കുക, പൊള്ളലേല്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ലൈംഗിക പീഡനം:-
മുതിര്‍ന്നവര്‍ ലൈംഗിക ഉത്തേജനത്തിനായി കുട്ടിയെ ഉപയോഗിക്കുന്നതാണ് ലൈംഗികപീഡനം. പീഡകരില്‍ 30 ശതമാനം ബന്ധുക്കളും; 60 ശതമാനം കുടുംബസുഹൃത്തുക്കള്‍, ആയമാര്‍, അയല്‍ക്കാര്‍ എന്നിവരും, 10 ശതമാനം അപരിചിതരും ആണ്.
വൈകാരികമായ പീഡനം:-
കുട്ടിക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലുള്ള മാതാപിതാക്കളുടെയോ കുട്ടികളെ സംരക്ഷിക്കുന്നവരുടെ ഭാഗത്തുനിന്നോ ഉണ്ടാകുന്ന എല്ലാ പെരുമാറ്റങ്ങളേയും വൈകാരികമായ പീഡനത്തില്‍ ഉള്‍പ്പെടുത്തുന്നു.
അവഗണന:-
കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷയും ഉറപ്പുവരുത്തുന്ന രീതിയില്‍ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യരക്ഷ, മേല്‍നോട്ടം എന്നിവ നല്കാതിരിക്കലാണ് അവഗണന. ഇതിന്റെ ലക്ഷണങ്ങള്‍ ഇവയാണ്:- കുട്ടി കൃത്യമായി സ്കൂളില്‍ പോകാതിരിക്കുക, ആഹാരമോ പണമോ യാചിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുക, ആവശ്യമുള്ള ആരോഗ്യപരിചരണം കിട്ടാതിരിക്കുക, ആവശ്യത്തിന് വസ്ത്രങ്ങള്‍ ഇല്ലാതിരിക്കുക.
പീഡനം ആരില്‍നിന്ന്?
വളര്‍ത്തു മാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവര്‍ അല്ലെങ്കില്‍ മദ്യപരായ മാതാപിതാക്കള്‍ എന്നിവരുള്ള കുടുംബങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളാണു കൂടുതല്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നത്. അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളില്‍ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.
പലപ്പോഴും ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍, വളരെ ചെറിയ കുട്ടികള്‍ ഉള്ളവര്‍, നാലു കുട്ടികളില്‍ കൂടുതലുള്ള മാതാപിതാക്കള്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നോ, മാതാപിതാക്കളുടെ സ്ഥാനത്തുള്ളവരില്നിന്നോ അവരുടെ സംരക്ഷണയിലുള്ള കുഞ്ഞുങ്ങള്‍ക്ക് ചൂഷണത്തിന് സാധ്യതയേറെയാണ്. കൂടാതെ കുടുംബത്തില്‍ മാനസികമായി പിന്തുണ കിട്ടാത്തവര്‍ കുട്ടികളുടെ നേരെ അക്രമാസക്തരാകുന്നത് കാണാറുണ്ട്.
മാനസികവും ശാരീരികവുമായ വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് ചൂഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെറുപ്പത്തില്‍ പീഡനങ്ങളേറ്റവര്‍ മാതാപിതാക്കളാകുമ്പോള്‍ സ്വന്തം കുട്ടികളെ പീഡിപ്പിക്കാനുള്ള സാധ്യതയുണ്ട്.
ചൂഷണങ്ങളുടെ പ്രത്യാഘാതം:-
തിരിച്ചറിവില്ലാത്ത പ്രായത്തില്‍ സംഭവിക്കുന്നതാണെങ്കിലും ഇത് മുതിര്‍ന്നവരില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് കുട്ടികളിലും ഉണ്ടാക്കുന്നത്. അതില്‍ പ്രധാനപ്പെട്ടവ ഇതാണ്:-
1. ആത്മവിശ്വാസക്കുറവ്:-
കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ സ്വന്തം കഴിവില്‍ വിശ്വാസമില്ലാതിരിക്കുക, മറ്റുള്ളവരെ വിശ്വസിക്കാനുള്ള പ്രയാസം ഉണ്ടാവുക എന്നിവ കാണാം. അടുത്ത ബന്ധുക്കളില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നവരിലാണ് കൂടുതലും ഇതിനുള്ള സാധ്യത. പിന്നീടുള്ള വ്യക്തിബന്ധങ്ങളെ ഇത് സ്വാധീനിച്ചേക്കാം.
2. ഉത്കണ്ഠാരോഗങ്ങള്‍ (Anxiety disorder)
ഇത് അകാരണമായ ഉത്കണ്ഠകള്‍, ആശങ്കകള്‍, ചില പ്രത്യേക സന്ദര്ഭങ്ങളെയോ വസ്തുക്കളേയോ ഭയപ്പെടുന്ന ഫോബിയകള്‍ എന്നിവയായി കാണപ്പെടാം. എന്നാല്‍ ചിലര്‍ക്ക് ഇടയ്ക്കിടയ്ക്ക് അകാരണമായി ഹൃദയമിടിപ്പു കൂടുക, വിയര്‍ക്കുക, കൈകാലുകള്‍ വിറയ്ക്കുക, നെഞ്ചിലും വയറിലും അസ്വസ്ഥത ഉണ്ടാകുക, എന്തോ സംഭവിക്കാന്‍ പോകുന്നു, മരിക്കാന്‍ പോകുന്നു തുടങ്ങിയ തീവ്രമായ ഭയം എന്നിവയടങ്ങുന്ന പാനിക് ഡിസോര്‍ഡര്‍ (ുമിശര റശീൃറെലൃ) ആയും കാണപ്പെടാം.
3. വിഷാദരോഗം (Depression)
ഇത് കൂടുതലായും കാണുന്നത് ലൈംഗിക ചൂഷണം നേരിട്ടിട്ടുള്ള കുട്ടികളിലാണ്. അകാലവിഷാദം, മുന്‍പ് ചെയ്തിരുന്ന പ്രവൃത്തികളില്‍ താല്പര്യമില്ലായ്മ, അകാരണ ക്ഷീണം, ഉറക്കക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരക്കാരില്‍ ആത്മഹത്യാ പ്രവണത ഉണ്ടാകാം.
4. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (Post traumatic stress disorder)
തീവ്രമായ മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചവര്‍ക്കാണ് ഈ രോഗം വരാനുള്ള സാധ്യത. തനിക്കുണ്ടായ അനുഭവം ആവര്‍ത്തിക്കുന്നതായുള്ള തോന്നല്‍, ആ സമയത്ത് അനുഭവിച്ച മാനസികവും ശാരീരികവുമായ വേദനകള്‍ വീണ്ടും അനുഭവിക്കുന്നതായ തോന്നല്‍, ചുറ്റും നടക്കുന്ന സംഭവങ്ങളോടു തോന്നുന്ന മരവിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
5. ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (Obsessive Compulsive disorder)
ഓരോ കാര്യവും ആവര്‍ത്തിച്ചു ചെയ്യുന്ന അവസ്ഥയാണിത്. ഉദാ:- പല പ്രാവശ്യം കൈ കഴുകുക, ശരീരം വൃത്തിയാക്കുക തുടങ്ങിയവ. ആത്മവിശ്വാസമില്ലായ്മയും, ശരീരത്തിനോ ശരീരഭാഗങ്ങള്‍ക്കോ കാര്യമായ വൈകല്യമുണ്ടെന്ന തോന്നലും ഉണ്ടാവുന്ന ബോഡി ഡിസ് മോര്‍ഫോ ഫോബിക് ഡിസോര്‍ഡര്‍ (ആീറ്യ റ്യാീൃുവെീുവീയശര റശീൃറെലൃ) വരാനുള്ള സാധ്യതയുമുണ്ട്.6. ലഹരിയുടെ ഉപയോഗവും കുറ്റകൃത്യങ്ങളും:-
ചെറുപ്പത്തിലുണ്ടാകുന്ന ചൂഷണങ്ങള്‍ പിന്നീട് ലഹരിയുടെ ഉപയോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
7. വ്യക്തിത്വ വൈകല്യങ്ങള്‍:-
സ്വയം വേദനിപ്പിക്കാനുള്ള പ്രവണത, വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ബുദ്ധിമുട്ട്, ചഞ്ചലമായ മാനസികാവസ്ഥ, വളരെ പെട്ടെന്ന് ദേഷ്യം വരല്, ആവര്‍ത്തിച്ചുള്ള ആത്മഹത്യാഭീഷണി തുടങ്ങിയ വ്യക്തിത്വവൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്.
പ്രതിരോധമാര്‍ഗ്ഗങ്ങള്‍:-
1. മാതാപിതാക്കള്‍ കുട്ടികളുടെ കൂടെ സൗഹൃദത്തിലാവുകയും അവരുടെ സുഹൃത്തുക്കള്‍ ആരൊക്കെയെന്ന് അറിയുകയും ചെയ്യണം. ദിവസേന സ്കൂളിലും മറ്റും നടക്കുന്ന അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങളുമായി പങ്കുവയ്ക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
2. സ്കൂളില്‍നിന്നും വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടാല്‍ അവരെ സമാധാനത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്കും അല്ലെങ്കില്‍ കുട്ടികളുമായി ചേര്‍ന്നു കഴിയുന്ന ബന്ധുക്കള്‍ക്കും കഴിയണം.
3. മാതാപിതാക്കള്‍ കുട്ടികളെ ചീത്ത സ്പര്‍ശനം നല്ല സ്പര്‍ശനം എന്നിവ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കണം. പലപ്പോഴും പീഡനങ്ങള്‍ക്ക് കൂട്ടുനില്ക്കുന്നതും പീഡനം നടത്തുന്നതും ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ആണ്. സ്വന്തം ശരീരത്തിനുമേല്‍ കടന്നുകയറ്റം നടത്തുന്നത് എത്ര അടുത്ത ബന്ധുവാണെങ്കില്പോലും അതനുവദിക്കാന്‍ പാടില്ല എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.
4. ഗാര്‍ഹികപീഡനം തിരിച്ചറിയാന്‍:-
കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നും അവരെ കാണുന്നവരെന്ന രീതിയില്‍ അധ്യാപകര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കുട്ടികളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങള്‍, സ്ഥിരമായി ഹോംവര്‍ക്ക് ചെയ്യാതെ വരിക, വൃത്തിഹീനമായി ക്ലാസ്സില്‍ വരിക എന്നിവ ചില ലക്ഷണങ്ങളാണ്. മിക്ക സ്കൂളുകളിലും ഇന്ന് കൗണ്‍സലിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്. ഇതിലൂടെ കുട്ടികള്‍ വീടുകളില്‍ സുരക്ഷിതരാണോ, അവര്‍ക്ക് മാനസികമോ ശാരീരികമോ ആയ ഗാര്‍ഹികപീഡനം ഉണ്ടാകുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും.
5. അയല്പക്കത്ത് ദിവസവും ബഹളവും കുഞ്ഞുങ്ങള്‍ കരയുന്നത് കേള്‍ക്കുന്നതും ചില പീഡനങ്ങളുടെ ലക്ഷണമാകാം.
6. തങ്ങളുടെ ദേഷ്യവും ടെന്‍ഷനും തീര്‍ക്കാനുള്ള ഒരു മാര്‍ഗ്ഗമായി കുഞ്ഞുങ്ങളെ കരുതി മാതാപിതാക്കളും കുട്ടികളെ സംരക്ഷിക്കുന്നവരും അവരെ ഉപദ്രവിക്കാന്‍ പാടില്ല.
കുട്ടികള്‍ക്ക് അപകടകരമായ ഒരു സാഹചര്യം വരുമ്പോള്‍ മാത്രമാണ് പലപ്പോഴും അത് സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോഴേക്കും നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയുടെ ജീവന് അപകടം പറ്റുന്ന സ്ഥിതിയിലെത്തിയിട്ടുണ്ടാകും കാര്യങ്ങള്‍. അതിനാല്‍ ഒരു കുട്ടി എവിടെയെങ്കിലും ഉപദ്രവിക്കപ്പെടുന്നു എന്ന് അറിഞ്ഞാല്‍ അതില്‍നിന്ന് അവരെ മോചിപ്പിക്കാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്. ഇതിനായി ഇന്ന് ചൈല്‍ഡ്ലൈനും ലഭ്യമാണ്.