ഞാൻ എൻ്റെ സഭയിൽ അഭിമാനിക്കുന്നു

ഫാ. ജോബി മഞ്ഞനാനിക്കൽ

വത്തിക്കാൻ

ക്രിസ്തു നമുക്ക് പുതിയ മാർപാപ്പയെ തരുമ്പോൾ പോപ്പ് പോൾ ആറാമൻ്റെ വാക്കുകൾ അനുസ്‌മരിക്കാം. ‘പാപ്പയിൽനിന്ന് പലരും നാടകീയമായ ചലനങ്ങളും ശക്തവും ഉറച്ചതുമായ ഇടപെടലുകളും പ്രതീക്ഷിക്കുന്നു. പക്ഷേ പാപ്പയ്ക്ക് പിൻതുടരാനുള്ള ഏകവഴി, സഭയെ ബദ്ധശ്രദ്ധയോടെ പരിപാലിക്കുന്ന ക്രിസ്‌തുവിൻ്റെ വഴി മാത്രമാണ്… പാപ്പയ്ക്കുപോലും പ്രാർത്ഥനയുടെ സഹായം ആവശ്യമാണ്.

‘ദൈവജനത്തിൻ്റെ വലിയ ഇടയൻ’ ഫ്രാൻസിസ് മാർപ്പാപ്പയുടെ സാന്നിധ്യവും വാക്കുകളും പ്രവൃത്തികളും നമ്മിൽ ഉളവാക്കുന്ന ആദ്യപ്രതികരണം ഇതാണ്. 2013 മുതൽ 2025 വരെ വി. പത്രോസിൻ്റെ 266-ാം പിൻഗാമിയായി സഭയെ നയിച്ചപ്പോൾ, 4 ചാക്രികലേഖനങ്ങളും 7 അപ്പസ്തോലിക പ്രബോധനങ്ങളും ലോകത്തിനു സമ്മാനിച്ചു. 68 രാജ്യങ്ങൾ സന്ദർശിച്ചു. 942 വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ സഭാദർശനം എല്ലാവരെയും ഉൾകൊള്ളുകയും ശ്രവിക്കുകയും ചെയ്യുന്ന, സമൂഹത്തിന്റെ അരികുകളിലേക്ക് പോകുന്ന, സ്വയം നവീകരിക്കുന്ന തിരുസഭ. രണ്ടാം വത്തിക്കാൻ കൗൺസിൽ വിത്തുപാകിയ ദൈവജനം എന്ന സഭാദർശനത്തിന് ‘സിനഡൽ സഭ’ എന്ന പൂർണ്ണരൂപത്തിൽ എത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹം മുന്നോട്ടുവച്ച ആത്മീയത ദൈവ – മനുഷ്യ – പ്രകൃതി ബന്ധത്തിൻ്റെ സമന്വയമായിരുന്നു. ഫ്രാൻസിസ് മാർപാപ്പായെ ഇപ്രകാരം സംഗ്രഹിക്കാം. “അദ്ദേഹം ആരെയും മറന്നില്ല.” പാവപ്പെട്ടവർ, സമൂഹം മാറ്റിനിർത്തിയവർ, യുദ്ധക്കെടുതി അനുഭവിക്കുന്നവർ, കുടിയേറ്റക്കാർ, അദ്ദേഹം സമാധാനത്തിനായി ആഹ്വാനം ചെയ്യുക മാത്രമല്ല, സമാധാനം സ്ഥാപിക്കുവാൻ ദക്ഷിണസുഡാനിലെ രാഷ്ട്രനേതാക്കളുടെ പാദങ്ങളിൽ കുമ്പിടാൻപോലും തയ്യാറായി.

ജനത്തോടൊപ്പം നിലകൊണ്ട വലിയ ഇടയൻ്റെ അവസാനദിനങ്ങൾ ലോകത്തിനുമുമ്പിൽ മറ്റൊരു ചിത്രം വരച്ചുകാട്ടി. വലിയ ഇടയനൊപ്പം ദൈവജനം. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഫ്രാൻസിസ് മാർപാപ്പയെ ഫെബ്രുവരി 14-ാം തീയതി ഗുരുതരമായ ആരോഗ്യപ്രശ്നമായിട്ടാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നറിഞ്ഞ ദൈവജനം, ജപമാല കൈയ്യിലേന്തി ജെമെല്ലി ആശുപത്രിയുടെ മുൻപിൽ പ്രാർത്ഥിച്ചു. “തിരുസഭ മുഴുവൻ ഫ്രാൻസിസ് മാർപാപ്പക്കായി പ്രാർത്ഥിച്ചു.” ദൈവജനം വലിയ ഇടയനെ, മറ്റൊരു വാക്കിൽ തിരുസഭയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻ്റെ സാക്ഷ്യമായിരുന്നു ആ ദിനങ്ങൾ. പ്രാർത്ഥനക്കൊപ്പം ചിലർ പൂക്കൾ സമർപ്പിച്ചു. തിരികൾ തെളിച്ചു. ആശംസ കാർഡുകളും ആശംസ ബലൂണുകൾ സമർപ്പിച്ചു. വൈകുന്നേരങ്ങളിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചത്വരത്തിൽ കാർദ്ദിനാൾമാരുടെ നേതൃത്വത്തിൽ ജപമാല അർപ്പിച്ചു പ്രാർത്ഥിക്കുവാൻ ആയിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. അവരിൽ സമർപ്പിതർ, വൈദികർ, അത്മായർ, വൃദ്ധരായവർ, കുട്ടികൾ എല്ലാം ഉൾപ്പെടുന്നു. കാർഡിനൽ പീറ്റർ പരോളിൻ്റെ വാക്കുകളിൽ, “അപ്പസ്തോലപ്രവർത്തനങ്ങളിൽ പത്രോസ് തടവിലായിരിക്കുമ്പോൾ സഭ അതിതീവ്രമായി പ്രാർത്ഥിച്ചതായി എഴുതിയിട്ടുണ്ട്. രണ്ടായിരം വർഷങ്ങളായി ക്രിസ്‌ത്യൻ ജനത പാപ്പാ അപകടത്തിലോ അസുഖത്തിലോ ആകുമ്പോൾ അവർക്കായി പ്രാർത്ഥിച്ചുവരുന്നു.”

ദൈവജനത്തിൻ്റെ പ്രാർത്ഥനകൾക്ക് ഉത്തരമായി, പ്രാർത്ഥനകളെ പരിഹസിച്ച ചില നിരീശ്വരവാദികളെ നിശബ്ദമാക്കി, മാർച്ച് 23 ന് ജെമെല്ലി ആശുപത്രിയിലെ അഞ്ചാം നിലയിൽനിന്ന് ദൈവജനത്തെ അഭിവാദനം ചെയ്ത് പാപ്പ നന്ദി പറഞ്ഞു. ശബ്ദം ദുർബലമെങ്കിലും മുഖത്ത് വിരിഞ്ഞ പുഞ്ചിരിയും കരങ്ങൾ വീശിയുള്ള അഭിവാദനവും ദൈവജനത്തോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതായിരുന്നു. വിശ്രമത്തിനായി പോയ മാർപാപ്പ, ദൈവജനത്തോടൊപ്പം ആയിരിക്കുവാൻ ഏറെ ആഗ്രഹിച്ചു. അദ്ദേഹം ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങിപ്പോകുന്നതിനു മുമ്പ് അവസാനത്തെ മൂന്ന് പൊതുപരിപാടികൾ അദ്ദേഹത്തിന്റെ ജീവിതത്തിൻ്റെ സംഗ്രഹമായിരുന്നു. ഏപ്രിൽ 6 (ഞായർ): ദൈവജനത്തോടൊപ്പം ആയിരിക്കുന്ന, ലളിതമായ ഭാഷയിൽ അവരോട് സംവദിക്കുന്ന വലിയ ഇടയൻ. ഏപ്രിൽ 17: റോമിലെ ജയിലിൽ 70 തടവുകാരുമായി കൂടിക്കാഴ്ച; സമൂഹത്തിൻ്റെ അരികിലുള്ളവരെ ചേർത്തുപിടിക്കുന്ന ക്രിസ്തുവിൻ്റെ വികാരി. ഏപ്രിൽ 20: ഉർബി എത് ഓർബി, ആശീർവ്വാദദിനം; സമാധാനത്തിന്റെ പ്രവാചകൻ.

വലിയ ഇടയൻ്റെ വിയോഗം അറിഞ്ഞ് ദൈവജനം പ്രാർത്ഥനയോടെ അദ്ദേഹത്തെ ഒരുനോക്ക് കാണാൻ കാത്തുനിന്നു. ഏകദേശം 2,50,000 പേർ ഏപ്രിൽ 23 മുതൽ 25 വരെ ആദരാഞ്ജലികൾ അർപ്പിച്ച് പ്രാർത്ഥിച്ചു. മാധ്യമങ്ങൾക്ക് കത്തോലിക്കസഭയുടെ പരമാധ്യക്ഷൻ മാത്രമല്ല, സ്നേഹത്തിൻ്റെയും നീതിയുടെയും സമാധാനത്തിന്റെയും സ്വരമായിരുന്നു. സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് ദൈവജനത്തിൻ്റെ പ്രാർത്ഥനകൾ വാങ്ങി ആരംഭിച്ച ഫ്രാൻസിസ് മാർപാപ്പയെ ഏപ്രിൽ 26 ന് അതേ ബസിലിക്കയുടെ മുൻപിൽ വീണ്ടും ദൈവജനത്തിൻ്റെ പ്രാർത്ഥനകൾക്കായി കൊണ്ടുവന്നു. ഏകദേശം 400,000 പേർ പങ്കെടുത്ത മൃതസംസ്‌കാരശുശ്രൂഷക്കുശേഷം വലിയ ഇടയൻ സെൻ്റ് മേരി മേജർ ബസിലിക്കയിലെ ലാളിത്യം നിറഞ്ഞ കല്ലറയിലേക്ക് യാത്രയായപ്പോൾ ആയിരങ്ങൾ വഴിയരികിൽനിന്ന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തരം 7 മെയ് 2025 ന് കോൺക്ലേവ് തുടങ്ങി. ദൈവജനം സഭയെ എത്രമാത്രം സ്നേഹിക്കുന്നു എന്നു തെളിയിക്കുന്ന ദിനങ്ങൾ ആയിരുന്നു അത്. ആദ്യദിനം വോട്ടെടുപ്പ് കഴിയുമ്പോൾ പതിവു സമയം താമസിച്ചിരുന്നു. എന്നാൽ നിറഞ്ഞുകവിഞ്ഞ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ അവർ അക്ഷമരായി കാത്തുനിന്നു. അവർ വെറും കാഴ്‌ചക്കാർ ആയിരുന്നില്ല. പകുതിയിലധികം വരുന്നവർ ജപമാല കൈയ്യിലേന്തി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. പ്രാർത്ഥനയോടെ കാത്തിരുന്ന ദൈവജനത്തിന് ആഹ്ലാദം പകരുന്നതായിരുന്നു 8-ാം തീയതി ലോക്കൽ സമയം 6 മണിക്ക് സിസ്റ്റെയിൻ ചാപ്പലിൻ്റെ മുകളിൽനിന്നു ഉയർന്ന വെളുത്തപുക. ഇതു കണ്ട ദൈവജനം സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് ഓടാൻ തുടങ്ങി. റോഡുകൾ നിശ്ചലമായി. ദൈവജനത്തിൻ്റെ ആവേശവും ആഹ്ളാദാരവവും തിരുസഭ എത്ര മാത്രം സ്നേഹിക്കപ്പെടുന്നു എന്നതിന്റെ നേർകാഴ്ച‌യായിരുന്നു. കാത്തുനിന്ന ദൈവജനത്തിന്റെ മുൻപിലേക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കായുടെ ബാൽക്കണിയിൽ കാർഡിനൽ പ്രോട്ടോഡിക്കൻ പ്രത്യക്ഷപ്പെട്ട് പ്രശസ്‌തമായ വാക്യം പറഞ്ഞു. HABEMUS PAPAM (We have a Pope) “The Most Eminent and Most Reverend Lord Robert Francis Cardinal of the Holy Roman Church Prevost who has taken the name Leo XIV” ദൈവജനം ഹർഷാരവത്തോടെ സ്വാഗതം ചെയ്‌തു. എന്നാൽ മുഖത്ത് ആശ്ചര്യം നിഴലിച്ചിരുന്നു. കാരണം അധികമാരും കേൾക്കാത്ത, മാധ്യമങ്ങൾ പ്രവചിക്കാത്ത ഒരു പേര്. ഒരി ക്കൽകൂടി ലോകത്തിൻ്റെ മുൻപിൽ തെളിയിക്കപ്പെട്ടു, ക്രിസ്തു‌വിന്റെ മണവാട്ടിയുടെ വലിയ ഇടയന്റെ തെരഞ്ഞെടുപ്പ് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്.

വി. പത്രോസിൻ്റെ 267-ാം പിൻഗാമി ലിയോ 14-ാമൻ മാർപാപ്പ ദൈവജനത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവരുടെ ആഹ്ളാദം അണപൊട്ടിയൊഴുകി. സെന്റ്റ് പീറ്റേഴ്‌സ് ചത്വരവും ആരവമുഖരിതമായി. ലിയോ 14-ാ മൻ മാർപാപ്പ, ഉത്ഥിതൻ പറഞ്ഞ അതേ സമാധാനം ആശംസിച്ചുകൊണ്ട് ദൈവജനത്തെ അഭിസംബോധന ചെയ്തു‌.

അദ്ദേഹം പറഞ്ഞു, “ദൈവം നമ്മെ സ്നേഹിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. ദുഷ്ടൻ വിജയിക്കില്ല. നാം എല്ലാവരും ദൈവത്തിന്റെ കരങ്ങളിലാ ണ്. അതുകൊണ്ട് ഭയമില്ലാതെ ദൈവത്തോടും പരസ്പ രവും കൈകോർത്ത് മുന്നോട്ടുപോകാം.”

ക്രിസ്തു നമുക്ക് പുതിയ മാർപാപ്പയെ തരുമ്പോൾ പോപ്പ് പോൾ ആറാമൻ്റെ വാക്കുകൾ അനുസ്‌മരിക്കാം. ‘പാപ്പയിൽനിന്ന് പലരും നാടകീയമായ ചലനങ്ങളും ശക്തവും ഉറച്ചതുമായ ഇടപെടലുകളും പ്രതീക്ഷിക്കുന്നു. പക്ഷേ പാപ്പയ്ക്ക് പിൻതുടരാനുള്ള ഏകവഴി, സഭയെ ബദ്ധശ്രദ്ധയോടെ പരിപാലിക്കുന്ന ക്രിസ്‌തുവിൻ്റെ വഴി മാത്രമാണ്… പാപ്പയ്ക്കുപോലും പ്രാർത്ഥനയുടെ സഹായം ആവശ്യമാണ്.