മാതൃരൂപതയുടെ ആദരം

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് സ്വീകരണം നല്‍കി

മകനെ അനുഗ്രഹിക്കാന്‍ വാണിയപ്പുരയ്ക്കല്‍ തൊമ്മന്‍ വര്‍ക്കി എത്തി

റെജി ജോസഫ്


കാഞ്ഞിരപ്പള്ളി: സ്‌നേഹോഷ്മളവും വികാരഭരിതവുമായിരുന്നു ആ കൂടിക്കാഴ്ചയും സ്വീകരണവും. 102-കാരനായ നിര്‍മലഗിരി വാണിയപ്പുരയ്ക്കല്‍ തൊമ്മന്‍ വര്‍ക്കി മകനും നിയുക്ത കല്യാണ്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ കൈകളില്‍ ആശ്ലേഷിച്ച്, ചുംബനം നല്‍കി.
അതിനു സാക്ഷ്യം വഹിക്കാന്‍ തൊമ്മന്‍ വര്‍ക്കിയുടെ മറ്റു മക്കളും മരുമക്കളും ബന്ധുക്കളും അരികുചേര്‍ന്നു നിന്നു. കാഞ്ഞിരപ്പള്ളി മാതൃരൂപതയുടെ പാസ്റ്ററല്‍ സെന്ററിലെത്തിയ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ലഭിച്ച ദൈവനിയോഗവും അനുഗ്രഹവുമാണ് മാര്‍ വാണിയപ്പുരയ്ക്കലിന്റെ ആര്‍ച്ച്ബിഷപ് സ്ഥാനമെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
ദൈവനിയോഗത്താല്‍ ഏല്‍പ്പിക്കപ്പെട്ട എല്ലാ ചുമതലകളും ഫലദായകമാക്കാന്‍ പിതാവിന് സാധിച്ചു. കാഞ്ഞിരപ്പള്ളി രൂപതയില്‍ ശ്ലാഘനീയമായ ശുശ്രൂഷകള്‍ക്കുശേഷം സീറോമലബാര്‍ സഭാ കൂരിയയില്‍ ചാന്‍സലറായും പിന്നീട് മെത്രാനായും ശുശ്രൂഷ ചെയ്തു. വരുംകാലത്തു സീറോമലബാര്‍ സഭയ്ക്കും സഭാസംവിധാനത്തിനും അജഗണങ്ങള്‍ക്കും സമൃദ്ധമായ ഫലങ്ങള്‍ ചൊരിയാനുള്ള വലിയ നിയോഗമാണ് കല്യാണ്‍ രൂപതയിലേക്കുള്ള കടന്നുവരവെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
ജനിച്ച ഭവനം കഴിഞ്ഞാല്‍ കാഞ്ഞിരപ്പള്ളി രൂപത തനിക്ക് രണ്ടാമത്തെ ഭവനവും കാക്കനാട് സഭാ ആസ്ഥാനം മൂന്നാമത്തെ ഭവനവുമായി മാറിയെന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കല്യാണ്‍ അതിരൂപത നാലാമത്തെ ഭവനമായി മാറാന്‍ പ്രാര്‍ഥിക്കുന്നു. മേരിമാതാ മൈനര്‍ സെമിനാരി പരിശീലനം മുതല്‍ ഇന്നേവരെയുള്ള പ്രയാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാകുടുംബം നല്‍കിയ കരുതലും മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു വട്ടക്കുഴി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നീ പിതാക്കന്‍മാരും വൈദികഗണവും സന്യസ്തരും വിശ്വാസികളും നല്‍കിയ കരുതലും പ്രാര്‍ഥനകളും വലിയ ബലംപകര്‍ന്നു. രൂപതയില്‍ വിവിധ ചുമതലകളില്‍ ലഭിച്ച അവസരങ്ങളും പ്രോത്സാഹനങ്ങളും അവിസ്മരണീയമായി സൂക്ഷിക്കുന്നു. രൂപതയിലും പുറത്തും അനേകരുമായി സ്ഥാപിച്ച ആത്മബന്ധമാണ് ജീവിതത്തിലെ ഏറ്റവും വലിയ കരുതല്‍. രൂപതയില്‍ ഇപ്പോള്‍ വലിയ ചുമതലകള്‍ വഹിക്കുന്ന വൈദികരേറെയും മൈനര്‍ സെമിനാരി പഠനം മുതല്‍ സഹപാഠികളും സഹപ്രവര്‍ത്തകരും ആത്മസ്നേഹിതരുമാണെന്നത് വലിയൊരു ബലമായി മാറി. മാര്‍ ജോസ് പുളിക്കല്‍ പിതാവുമായി മൈനര്‍ സെമിനാരിയില്‍ തുടങ്ങിയ സഹോദരബന്ധം ഇന്നും എന്നും ഊഷ്മളമായി സൂക്ഷിക്കുന്നു.
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാഞ്ഞിരപ്പള്ളി പ്രീസ്റ്റ് ഹോമില്‍ കഴിയുന്ന മുന്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. മാത്യു ഏറത്തേടത്തെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. പാസ്റ്ററല്‍ സെന്ററില്‍ ഒരുക്കിയ സ്വീകരണത്തിനുശേഷം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പഴയപള്ളിയില്‍ എട്ടുനോമ്പു തിരുനാള്‍ പ്രമാണിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷമാണു മടങ്ങിയത്.
മാര്‍ മാത്യു അറയ്ക്കല്‍, പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, ദീപിക രൂപത ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത് എന്നിവരും പ്രസംഗിച്ചു. സിഞ്ചെല്ലൂസുമാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു ശൗര്യാംകുഴി, ഫാ. ജോഷി വാണിയപ്പുരയ്ക്കല്‍, പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു തുടങ്ങിയവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.