ഭിന്നശേഷി സംവരണവിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

സര്‍ക്കാരിന്റെ ഈ നിലപാട് മൂലം നിയമനം നേടിയിട്ടുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് സാമ്പത്തിക ക്ലേശങ്ങള്‍ക്കൊപ്പം, വ്യക്തിപരവും കുടുംബപരവും, സാമുദായികവുമായ അസ്വസ്ഥതകള്‍ക്ക് കൂടി കാരണമാകുന്ന പശ്ചാത്തലത്തില്‍ ആത്മഹത്യയിലേക്കുപോലും അധ്യാപകരും, കുടുംബങ്ങളും തള്ളിവിടപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാട് പതിനായിരത്തിലേറെ അധ്യാപകരുടെ ജീവിതമാണ് ചോദ്യചിഹ്നത്തിലാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും, നിയമനം നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവ പാസാകാത്തതിനാല്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിവിശേഷമാണ് ഇന്ന് നിലവിലുള്ളത്. 17000 ല്‍ അധികം അധ്യാപകരാണ് തങ്ങളുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം കാത്തിരിക്കുന്നത്. അവരില്‍ 90 ശതമാനവും സ്ത്രീകളും വിവാഹിതരുമാണെന്ന വസ്തുത പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പാര്‍ലമെന്റിന്റെ 1995-ലെ RPWD Act പ്രകാരം ഗവ. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധമാക്കിയിരുന്നുവെങ്കിലും 2021-ല്‍ മാത്രമാണ് കേരളസര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കുന്നതുവരെ അധ്യാപകരെ സ്ഥിരപ്പെടുത്താനോ 2022 മുതല്‍ നിയമിതരായവര്‍ക്കു ശമ്പളസ്‌കെയിലില്‍ വേതനം കൊടുക്കുവാനോ പാടില്ല എന്ന് ബഹു. ഹൈക്കോടതിയും വിധിച്ചു. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി തസ്തികകള്‍ മാറ്റിവച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഭിന്നശേഷിക്കാര്‍ ലഭ്യമല്ലാത്തതുമൂലം ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാന്‍ ഒരു മാനേജ്‌മെന്റിനും സാധിക്കുന്നില്ല എന്നത് ചൂണ്ടിക്കാട്ടി നായര്‍ സര്‍വീസ് സൊസൈറ്റി (ചടട) ബഹു. സുപ്രീം കോടതിയെ സമീപിക്കുകയും ഭിന്നശേഷി സംവരണത്തിനു തസ്തികകള്‍ മാറ്റിവച്ചിട്ടുണ്ടെങ്കില്‍ മറ്റു ജീവനക്കാരുടെ നിയമനവേതനകാര്യങ്ങള്‍ തടസപ്പെടുവാന്‍ പാടില്ല എന്ന അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് അനുകൂലമായ ഉത്തരവ് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്‍.എസ്എസ് കേസില്‍ സുപ്രീംകോടതി നടത്തിയ വിധിന്യായത്തില്‍തന്നെ സമാനസ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ ഉത്തരവ് നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ കെസിബിസി കമ്മീഷന്‍ ഫോര്‍ എജുക്കേഷനുവേണ്ടി കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് മാനേജ്‌മെന്റ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയും എന്‍എസ്എസിനു അനുകൂലമായ വിധിയുടെയും, അതിനനുസൃതമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തില്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ അപേക്ഷ പരിഗണിക്കണമെന്ന അനുകൂല വിധി നേടുകയും ചെയ്തു. എന്നാല്‍ ഈ വിധിന്യായം നടപ്പാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എന്‍എസ്എസിന് മാത്രം ബാധകമാണെന്നും മറ്റു മാനേജ്‌മെന്റുകളില്‍ ഇത് നടപ്പിലാക്കണമെങ്കില്‍ പ്രത്യേക കോടതി ഉത്തരവ് മേടിക്കണമെന്നുമാണ്. എന്‍എസ്എസിന് ലഭിച്ച അനുകൂല വിധി മറ്റു സമുദായങ്ങളില്‍പെട്ടവര്‍ക്കും സമാനസാഹചര്യങ്ങളില്‍ ബാധകമാണെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാല്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ കേസില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. 2018 മുതല്‍ സ്ഥിരനിയമനാംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകര്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളൂകളില്‍ ജോലി ചെയ്യുന്നുണ്ട്. ശമ്പളം ലഭിക്കാത്തതിനാല്‍ അധ്യാപനവൃത്തിക്കിടെ മറ്റ് ജോലികള്‍ ചെയ്തു കുടുംബം പോറ്റേണ്ട ഗതികേടുമുണ്ട്.
സര്‍ക്കാരിന്റെ ഈ നിലപാട് മൂലം നിയമനം നേടിയിട്ടുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് സാമ്പത്തിക ക്ലേശങ്ങള്‍ക്കൊപ്പം, വ്യക്തിപരവും കുടുംബപരവും, സാമുദായികവുമായ അസ്വസ്ഥതകള്‍ക്ക് കൂടി കാരണമാകുന്ന പശ്ചാത്തലത്തില്‍ ആത്മഹത്യയിലേക്കുപോലും അധ്യാപകരും, കുടുംബങ്ങളും തള്ളിവിടപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ സത്യം ചൂണ്ടിക്കാട്ടിയാണ് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഓഗസ്റ്റ് 23-ാം തീയതി കോട്ടയത്തു കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.