തിരുവനന്തപുരം: കരാര്‍പ്രകാരം ജൂണ്‍ അഞ്ചിനകം ശമ്ബളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിക്കും.
ചീഫ് ഓഫിസിന്‍റെ ഇരുകവാടങ്ങളിലും സത്യഗ്രഹ പന്തല്‍ സജ്ജമായി. സെക്രട്ടേറിയറ്റിനു മുന്നിലും കെ.എസ്.ആര്‍.ടി.സിയുടെ ജില്ല ആസ്ഥാനങ്ങളിലും അനിശ്ചിതകാല ധര്‍ണ ആരംഭിക്കാനാണ് ബി.എം.എസ് തീരുമാനം.
ഐ.എന്‍.ടി.യു.സി ഡ്രൈവേഴ്‌സ് യൂനിയന്‍ കൂട്ടായ്മയായ ടി.ഡി.എഫിന്‍റെ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍റെ സമരം ഉദ്ഘാടനം ചെയ്യുക സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദനാണ്.
200 കോടി രൂപ വരുമാനം ലഭിച്ചിട്ടും ശമ്ബളവിതരണം വൈകുന്നതാണ് യൂനിയനുകളെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങളിലും 20 ദിവസത്തോളം വൈകിയാണ് ശമ്ബളവിതരണം നടന്നത്. ക്രമാനുഗതമായി വരുമാനം വര്‍ധിക്കുന്നുണ്ടെങ്കിലും ഭാരിച്ച ചെലവാണ് ശമ്ബളതടസ്സത്തിന് കാരണമായി മാനേജ്മെന്‍റ് നിരത്തുന്നത്. ഡീസല്‍ ചെലവ്, കണ്‍സോര്‍ട്യം വായ്പ തിരിച്ചടവ്, കഴിഞ്ഞമാസം ശമ്ബളം നല്‍കാനെടുത്ത 46 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചടവ് എന്നിവയെല്ലാം വന്നതോടെ കലക്ഷന്‍ വരുമാനം തീര്‍ന്നെന്നാണ് അധികൃതര്‍ പറയുന്നത്. ശമ്ബളം ഉള്‍പ്പെടെ 250 കോടി രൂപ ഈമാസം ചെലവുണ്ട്. ഫലത്തില്‍ മുന്‍ മാസങ്ങളിലേതുപോലെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് ഇക്കുറിയും കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബളവിതരണം.

