ന്യൂഡല്‍ഹി: 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. പെട്രോള്‍-ഡീസല്‍ നികുതി നിരക്ക് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും.
പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കാനുള്ള തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ജിഎസിടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വന്നാല്‍ രാജ്യത്ത് പെട്രോള്‍ വില 75 രൂപയിലേക്കും ഡീസല്‍ വില 68 രൂപയിലേക്കെങ്കിലും കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറ് കടന്ന കുതിക്കുന്ന ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.
ജിഎസ്ടി സംവിധാനത്തില്‍ മാറ്റം വരുത്താന്‍ പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണം. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗങ്ങള്‍. ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തേക്കും. കേരളം എതിര്‍പ്പ് ഉന്നയിച്ച വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓണ്‍ലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗണ്‍സിലിന് മുന്നിലെത്തും

