ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ലഭിച്ചതോടെ ജില്ലയിലെ കോവിഡ് പരിശോധന ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് 16 പേരുടെ സ്രവങ്ങളാണ് പരിശോധനയ്‌ക്കെടുത്തത്. ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവിടെ പ്രതിദിനം നൂറോളം പേരുടെ സ്രവ പരിശോധന നടത്താനാവും. എന്നാല്‍ ഒരു സമയത്ത് 96 സാംമ്പിള്‍ പരിശോധിയ്ക്കാന്‍ സാധിക്കുന്ന ഓട്ടോമേറ്റഡ് എക്‌സ്ട്രാക്ഷന്‍ ആര്‍എന്‍എ സിസ്റ്റം ലഭിച്ചാല്‍ ജില്ലയിലെ മുഴുവന്‍ സ്രവ പരിശോധനയും ഇവിടെ നടത്താന്‍ സാധിക്കും. നിലവില്‍ കോട്ടയം തലപ്പാടിയിലാണ് പരിശോധനകള്‍ നടത്തിയിരുന്നത്. ഇക്കാരണത്താല്‍ പരിശോധന ഫലം വൈകിയിരുന്നു. ലാബിന്റെ അപര്യാപതത വിഷയം മന്ത്രി എംഎം മണി മുന്‍കൈയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജയെയും ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ ജില്ലയില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചത്. ഭാവിയില്‍ ഈ ലാബ് മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.

