തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേരുടെ ജീവനെടുത്ത് കോവിഡ്. രോഗലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും കോവിഡ് നെഗറ്റീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
രണ്ടു ദിവസമായി പ്രതിദിനം നാല്പതിനായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം ഗുരുതരാവസ്ഥയില്‍ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്.
കോവിഡ് സ്ഥിരീകരിക്കുന്നതില്‍ ഭൂരിഭാഗം പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
കോവിഡ് നെഗറ്റീവായ ശേഷം ഉടനുണ്ടാകുന്ന മരണങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണം. പ്രായമായവരില്‍ കൂടുതല്‍ പേരും വാക്‌സീന്‍ സ്വീകരിച്ചതിനാല്‍ ഇവരില്‍ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വാക്‌സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത ചെറുപ്പക്കാരില്‍ മരണ നിരക്ക് ഉയര്‍ത്തുന്നതിന്റെ ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍.

