പത്തനംതിട്ട: നീതി തേടി മത്തായിയുടെ കുടുംബത്തിന്റെ കാത്തിരിപ്പ് ഒരു മാസം നീളുന്നു. കേസ് സിബിഐ അന്വേഷണത്തിന് വിടാൻ തീരുമാനിച്ചെങ്കിലും മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.
ചിറ്റാർ കുടപ്പന പടിഞ്ഞാറെചരുവിൽ കർഷകൻ പി.പി. മത്തായി(പൊന്നു – 41)യെ ജൂലൈ 28നു വൈകുന്നേരമാണ് ചിറ്റാറിൽ നിന്നെത്തിയ വനപാലകർ വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോകുന്നത്.
അന്നു വൈകുന്നേരത്തോടെ മത്തായിയുടെ മൃതദേഹം കുടുംബവീടിന്റെ കിണറ്റിലും കണ്ടെത്തി. വനാതിർത്തിയിലെ കാമറ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു. ഇതിനിടെയിൽ നടന്ന സംഭവവികാസങ്ങളിൽ മത്തായിയെ ഇറക്കാൻ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻവരെ ഷീബ എത്തിയതാണ്. ആവശ്യപ്പെട്ട 75000 രൂപ കൈവശമില്ലായിരുന്നെങ്കിലും അതു സംഘടിപ്പിക്കാൻ കഴിയുന്നതരത്തിൽ പണയം വയ്ക്കാനുള്ള സ്വർണവുമായാണ് ഇറങ്ങിയത്. ഫോറസ്റ്റ് സ്റ്റേഷനരികിൽ നിൽക്കുന്പോഴാണ് അരുതാത്തത് എന്തോ സംഭവിച്ച വിവരം അറിയുന്നത്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് 31ന് മൃതദേഹം കുടുംബത്തിന് കൈമാറിയെങ്കിലും പിന്നാലെ എത്തിയ റിപ്പോർട്ടാണ് ഞെട്ടിച്ചത്. മത്തായി കിണറ്റിൽ മുങ്ങിമരിച്ചതാണെന്നും അന്വേഷണത്തിനിടെ കിണറ്റിലേക്ക് ചാടുകയായിരുന്നെന്നും നിഗമനം വന്നു. ഇതംഗീകരിച്ചു കൊടുക്കാൻ ഷീബയും കുടുംബാംഗങ്ങളും തയാറായില്ല. നീതിക്കുവേണ്ടി അന്നു മുതൽ പോരാട്ടത്തിലാണ്.
സംസ്കാരം നടക്കണമെങ്കിൽ മത്തായിയുടെ മരണത്തിനുത്തരവാദികൾ അകത്താകണമെന്ന ഉറച്ച തീരുമാനം വന്നു. പോലീസ് അന്വേഷണം എങ്ങുമെത്തില്ലെന്നായപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം കഴിഞ്ഞ 21ന് ഹൈക്കോടതി അംഗീകരിച്ചു. സർക്കാരും ഇതിനു സമ്മതം അറിയിച്ചതോടെ ഇനി പ്രതീക്ഷ സിബിഐയിലാണ്. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യണമെന്ന തീരുമാനം സിബിഐ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.
സംഭവം നടന്ന് ഒരുമാസത്തിനുള്ളിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത് ഇതാദ്യമാകും. തന്നെയുമല്ല, മറവു ചെയ്യാത്ത ഒരു മൃതദേഹം സ്വന്തം നിലയിൽ തയാറാക്കുന്ന ഡോക്ടർമാരുടെ പാനലിനെക്കൊണ്ട് പോസ്റ്റ്മോർട്ടം ചെയ്യിപ്പിച്ച് അന്വേഷണം നടത്തുന്നത് അപൂർവ സംഭവമാണ്.

