കുടുംബത്തിന്‍റെ പ്രതിഷേധം വകവെച്ചില്ല,ക്രൂരപീഡനത്തിനിരയായ പെൺ കുട്ടിയെ പോലീസ് സംസ്‌കരിച്ചു,നാടെങ്ങും പ്രതിഷേധം

ലഖ്നോ: യു.പിയിലെ ഹഥ് രസില്‍ സവര്‍ണര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു. കുടുംബത്തിന്‍റെ പ്രതിഷേധം വകവെക്കാതെയാണ് പുലര്‍ച്ചെ മൂന്നോടെ സംസ്കാരം നടത്തിയത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പരിഗണിക്കാതെ പൊലീസ് ബലമായി സംസ്കരിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രി 10.10ഓടെയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസിന് വിട്ടുനല്‍കിയത്. നീതി ലഭിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. തുടര്‍ന്നാണ് പൊലീസ് ബലമായി സംസ്കാരം നടത്തിയത്

തങ്ങളുടെ അനുവാദമില്ലാതെയാണ് പൊലീസ് മൃതദേഹം കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ആരോപിച്ചു.

സഫ്ദര്‍ജങ് ആശുപത്രിക്ക് മുന്നില്‍ ഇന്നലെ ഭീം ആര്‍മിയുടെയും കോണ്‍ഗ്രസിന്‍റെയും പ്രതിഷേധം നടന്നിരുന്നു. കുടുംബാംഗങ്ങളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

എന്നാല്‍, വിഷയം മറ്റ് ചിലര്‍ ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം പ്രതിഷേധത്തില്‍ ചേര്‍ന്നിട്ടില്ലെന്നുമാണ് ഡല്‍ഹി പൊലീസ് അവകാശപ്പെട്ടത്.

വന്‍ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപം തന്നെ സംസ്കാരത്തിനുള്ള താല്‍ക്കാലിക സൗകര്യം യു.പി പൊലീസ് ഒരുക്കിയിരുന്നു. എത്രയും വേഗം മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍, നീതി ലഭ്യമായാല്‍ മാത്രമേ സംസ്കരിക്കൂവെന്ന് കുടുംബം നിലപാടെടുത്തു. ഹിന്ദു മതവിശ്വാസപ്രകാരം രാത്രി സംസ്കരിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും പൊലീസ് പരിഗണിച്ചില്ല.

സെപ്​റ്റംബര്‍ 14ന്​ വൈകീട്ടാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം​ പുല്ലുവെട്ടാന്‍ പോയ പെണ്‍ക​ുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച്‌​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയത്. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ പാടത്തിനരികില്‍ അബോധാവസ്ഥയില്‍ ​കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നാവ്​ കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്ന നാഡിക്കും പരിക്കേറ്റിരുന്നു.

സംഭവത്തില്‍ നാലു പ്രതികളെയും പൊലീസ്​ അറസ്​റ്റു ചെയ്​തിട്ടുണ്ട്​. ആദ്യഘട്ടത്തില്‍ പൊലീസ്​ നടപടി എടുത്തില്ലെന്ന പരാതി ഉയര്‍ന്നിരുന്നു

Leave a Reply