മെക്‌സിക്കോ: കൊറോണമൂലമുള്ള ശാരീരിക അവശതകളെല്ലാം ആത്മാക്കളുടെ രക്ഷയെപ്രതി സമർപ്പിച്ച്, മൂക്കിൽ ഘടിപ്പിച്ച ഓക്‌സിജൻ ട്യൂബുമായി ദിവ്യബലി അർപ്പിക്കുന്ന മെക്‌സിക്കൻ വൈദികന്റെ ത്യാഗസന്നദ്ധതയ്ക്ക് ആദരം അർപ്പിച്ച് വിശ്വാസീസമൂഹം. സുരക്ഷാവസ്ത്രം അണിഞ്ഞ് അജപാലനശുശ്രൂഷ ചെയ്യുന്ന വൈദികരുടെ ചിത്രങ്ങൾ ഇപ്പോൾ സാധാരണമാണെങ്കിലും, ‘ഓക്‌സിജൻ ടാങ്കി’നെ ആശ്രയിക്കേണ്ട അവസ്ഥയിലും പൊതുജനത്തിനായി ദിവ്യബലി അർപ്പിക്കുന്ന വൈദികർ വെറെയുണ്ടാവുമോ!
മെക്‌സിക്കോയിലെ യുകാറ്റന്റെ തലസ്ഥാമായ മെറിഡായിലെ സാന്താ ലൂയിസ ഡെ മാരില്ലാക ഇടവക വികാരി ഫാ. മിഗുവേൽ ജോസ് മെദീനയാണ് ആ വൈദികൻ. പൊതുജനങ്ങൾക്ക് ദൈവാലയത്തിൽ പ്രവേശനമില്ലെങ്കിലും ഓൺലൈനിലൂടെയുള്ള ദിവ്യബലിയർപ്പണത്തിൻ പങ്കുകൊള്ളാൻ അനേകർ കാത്തിരിപ്പുണ്ടെന്ന ബോധ്യമാണ്, അനാരോഗ്യത്തിലും ദിവ്യബലി അർപ്പണം തുടരാൻ ഫാ. മിഗുവേലിനെ പ്രചോദിപ്പിക്കുന്നത്. ‘ഈ ത്യാഗത്തിന്റെ വില എനിക്കറിയാം, അതാണ് എന്റെ സന്തോഷവും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസത്തിന്റെ ആരംഭത്തിലാണ് 66 വയസുകാരനായ അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. ലോക് ഡൗൺ ദിനങ്ങളിൽ ആദ്യം തന്റെ മുറിയിലും പിന്നീട് ചാപ്പലിലുമായി അർപ്പിക്കുന്ന ദിവ്യബലി, രോഗം സ്ഥിരീകരിച്ചശേഷവും തുടരുകയായിരുന്നു. ഫാ. മെദീന അർപ്പിക്കുന്ന ദിവ്യബലി ഇരുപതിനായിരം ഫോളോവേഴ്‌സുള്ള ഇടവകയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ഓൺലൈനിലൂടെ അർപ്പിക്കുന്ന ജപമാലയിലും അദ്ദേഹം പങ്കുചേരുന്നുണ്ട്.

