ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദം ആയി മാറി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീവ്ര ന്യൂനമര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 10 കിമീ വേഗത്തില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.
അടുത്ത 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.
തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് നാളെ വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വ്യാഴാഴ്ച കന്യാകുമാരി തീരത്ത് എത്താനുള്ള സാദ്ധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

