സംഘർഷസാധ്യതകളുടെ നടുവിൽ പുതുജീവിതം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്ന ഇറാഖിലെ ക്രൈസ്തവർക്ക് പ്രത്യാശാനിർഭരമായ ഒരു സദ്വാർത്ത. വിവിധ കാലങ്ങളിലായി ഇറാഖി ക്രൈസ്തവരിൽനിന്ന് അന്യായമായി തട്ടിയെടുത്ത വസ്തുവകകൾ വീണ്ടെടുത്തു നൽകുന്ന നടപടി പുരോഗമിക്കുന്നു. ഇറാഖിലെ ഷിയാ നേതാവും സദ്രിസ്റ്റ് പാർട്ടി തലവനുമായ മുഖ്താദ അൽ സദറിന്റെ നേതൃത്വത്തിൽ ഇതുവരെ വീടും സ്ഥലവും ഉൾപ്പെടെ 80ൽപ്പരം വസ്തുവകകൾ യഥാർത്ഥ ഉടമകൾക്ക് വീണ്ടെടുത്തു നൽകിയെന്ന് പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസ്’ റിപ്പോർട്ട് ചെയ്യുന്നു.
2003ലെ സദ്ദാം ഹുസൈൻ ഭരണകൂടത്തിന്റെ പതനത്തിനു ശേഷമാണ് പ്രാദേശിക തീവ്രവാദി സംഘടനകളും ഗുണ്ടാ സംഘങ്ങളും സ്വാധീനമുള്ള കുടുംബങ്ങളും ക്രൈസ്തവരുടെ വസ്തുവകകൾ തട്ടിയെടുക്കുന്നത് പതിവായത്. ഐസിസ് അധിനിവേശവും പലായനം ചെയ്തവർ ഭൂമി ചോദിച്ച് തിരിച്ചെത്തില്ലെന്ന ധാരണയും അതിന് ഊർജം പകർന്നു. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രിസ്ത്യാനികളുടെ വസ്തുവകകൾ തത്പ്പരകക്ഷികൾ അന്യായമായി കൈവശപ്പെടുത്തുന്നത്.
ഇതിന് തടയിടാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്യായമായി തട്ടിയെടുത്ത ക്രൈസ്തവരുടെ വസ്തുവകകളെ കുറിച്ച് അന്വേഷിക്കാൻ ഈ വർഷത്തിന്റെ ആരംഭത്തിൽതന്നെ മുഖ്താദ അൽ സദർ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചത് വാർത്തയായിരുന്നു. അതോടൊപ്പം, ക്രൈസ്തവർക്ക് തങ്ങളുടെ സ്വത്തിന്മേലുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇ മെയിലൂടെയും വാട്സാപ്പിലൂടെയും സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അതുപ്രകാരം ബാഗ്ദാദ് റീജ്യണിലെ അവസാന വസ്തുവകകൾ വരെ യഥാർത്ഥ ഉടമസ്ഥർക്ക് കൈമാറിയെന്നും ‘സദ്രിസ്റ്റ്’ പാർട്ടിയെ പ്രതിനിധീകരിച്ച് ഹക്കിം അൽ സമിലി പ്രസ്താവനയിൽ അറിയിച്ചു.
വസ്തുവകൾ തിരിച്ചുകിട്ടാൻ ഏതാണ്ട് 140 അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്നും, ഇറാഖീ പാർലമെന്റിലെ സെക്യൂരിറ്റി അൻഡ് ഡിഫൻസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻകൂടിയായ അൽ സമിലി പറഞ്ഞു. ക്രൈസ്തവരുടെ വസ്തു കൈവശ അവകാശം കവർന്നെടുക്കുന്നത് അവസാനിപ്പിച്ച് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്ദത അൽ സദർ ഇപ്രകാരമൊരു സംരംഭത്തിന് ആഹ്വാനം ചെയ്തത്. തങ്ങളുടെ അണികളും ഇതിൽ പങ്കുകാരാണെന്ന തിരിച്ചറിവും ‘സദ്രിസ്റ്റ്’ പാർട്ടിയെ ഇതിന് പ്രേരിപ്പിച്ചു.
ഐസിസ് തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് അനേകായിരങ്ങളാണ് ജനിച്ച നാടും വീടും സമ്പാദിച്ച സ്വത്തുവകകളും ഉപേക്ഷിച്ച് ഇറാഖിൽനിന്ന് പലായനം ചെയ്തത്. ഏർബിൻ അതിരൂപതയുടെ കണക്കുകൾ പ്രകാരം 2003ൽ രാജ്യത്ത് ഒരു മില്യൺ ക്രൈസ്തവരുണ്ടായിരുന്നെങ്കിൽ ഇന്ന് അത് മൂന്ന് ലക്ഷത്തിൽതാഴെ മാത്രമാണ്. എന്തായാലും, പലായനം ചെയ്ത ക്രൈസ്തവരിൽ കുറച്ചുപേർക്കെങ്കിലും തിരിച്ചുവരാൻ ‘സദ്രിസ്റ്റ്’ പാർട്ടിയുടെ ഇടപെടൽ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.

