കോവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കത്ത്. വാക്സിനേഷന്‍ കൂട്ടണമെന്നതുള്‍പ്പെടെ അഞ്ച് നിര്‍ദ്ദേശങ്ങളാണ് കത്തില്‍ നല്‍കിയത്.
കോവിഡ് വാക്സിനേഷന്‍ നടപടി വ്യാപിപ്പിക്കണമെന്ന് കത്തില്‍ മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ഈ കാലഘട്ടത്തില്‍ ലക്ഷ്യമിടുന്നത്രയും പേര്‍ക്ക് വാക്സീന്‍ നല്‍കണമെങ്കില്‍ വാക്സീന്‍ നിര്‍മാതാക്കള്‍ക്ക് ആറു മാസത്തേക്കെങ്കിലും മുന്‍കൂട്ടി ഓര്‍ഡറുകള്‍ നല്‍കണം.
വാക്‌സിനുകള്‍ എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് രണ്ടാമത്തെ നിര്‍ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടി
അടിയന്തര ആവശ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം 10 ശതമാനം വാക്‌സിന്‍ നിലനിര്‍ത്തണം. കൂടാതെ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.45 വയസിന് താഴെയാണെങ്കില്‍ പോലും വാക്‌സിന്‍ നല്‍കാന്‍ കഴിയുന്ന കോവിഡ് മുന്‍നിര തൊഴിലാളി വിഭാഗങ്ങളെ നിര്‍വചിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കണം. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ ഉത്പാദന കേന്ദ്രങ്ങള്‍ വിപുലീകരിക്കാന്‍ സഹായിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളും മറ്റു ഇളവുകളും പ്രഖ്യാപിച്ച് പിന്തുണ നല്‍കണമെന്ന നിര്‍ദേശവും കത്തിലുണ്ട്.വാക്സീന്‍ നിര്‍മാതാക്കളെ സര്‍ക്കാര്‍ പിന്തുണയ്ക്കണം. ഫണ്ടുകളും ഇളവുകളും നല്‍കി നിര്‍മാണം വ്യാപിപ്പിക്കുന്നതിനും സഹകരിക്കണം. ആഭ്യന്തര വാക്സീനുകളുടെ കാര്യത്തില്‍ പരിമിതികളുള്ളതിനാല്‍ വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് അനുമതി ലഭിച്ച വിദേശ വാക്സീനുകളും ഇറക്കുമതി ചെയ്യണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.

