ക്രിസ്തു ജീവന്റെ അപ്പം, ഉപവിഭവമായി അവിടുത്തെ തരംതാഴ്ത്തരുത്; വിശ്വാസികളെ ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ

യേശുനാഥൻ ജീവന്റെ അപ്പമാണെന്നും അവിടുത്തെ ഒരു ഉപവിഭവമായി തരംതാഴ്ത്തരുതെന്നും വിശ്വാസീസമൂഹത്തെ ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. അവഗണിക്കപ്പെടാനോ മാറ്റിവയ്ക്കപ്പെടാനോ നമുക്ക് ആവശ്യമുള്ളപ്പോൾമാത്രം ക്ഷണിക്കപ്പെടാനോ ഈശോ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച്, എപ്പോഴും നമ്മോടൊപ്പം ആയിരിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

താൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണെന്ന ഈശോയുടെ പ്രഖ്യാപനത്തിനെതിരെ യഹൂദർ പിറുപിറുക്കുന്നതും തന്റെ ശരീരമാകുന്ന ജീവന്റെ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കുമെന്ന് യേശു ഉറപ്പു നൽകുന്നതുമായ സുവിശേഷ ഭാഗത്തെ ആസ്പദമാക്കിയായിരുന്നു സന്ദേശം. ‘ഞാൻ ജീവന്റെ അപ്പമാണ്,’ എന്നതിൽ അവിടുത്തെ അസ്തിത്വവും ദൗത്യവും മുഴുവനും സംഗ്രഹിക്കപ്പെടുന്നു. അന്ത്യത്താഴത്തിൽ ഇത് പൂർണമായി പ്രകടമാകും. നമുക്ക് ജീവനുണ്ടാകേണ്ടതിന് ആത്മദാനമാകാൻ തന്നെത്തന്നെ വിഭജിച്ച് നൽകുകയും ചെയ്തു അവിടുന്ന്.

കർത്താവിന്റെ ഈ വാക്കുകൾ വിശുദ്ധ കുർബാനയെന്ന ദാനത്തെക്കുറിച്ചുള്ള വിസ്മയം നമ്മിൽ ഉണർത്തണം. ഈ ലോകത്തിലാർക്കും, മറ്റൊരു വ്യക്തിയെ എത്രമാത്രം സ്‌നേഹിച്ചാലും, അയാൾക്കുവേണ്ടി സ്വയം ഭക്ഷണമായിത്തീരാനാവില്ല. എന്നാൽ, ദൈവം നമുക്കായി അതു ചെയ്തു, ചെയ്യുന്നു. ജീവന്റെ അപ്പത്തെ ആരാധിച്ചുകൊണ്ട് നമുക്ക് ആ വിസ്മയം നവീകരിക്കാം. കാരണം ആരാധന ജീവിതത്തെ വിസ്മയഭരിതമാക്കുന്നു.

അവിടുന്നില്ലെങ്കിൽ നാം ജീവിക്കുകയല്ല മറിച്ച്, നാം ജീവിതം തള്ളിനീക്കുകയാണ്. കാരണം, അവിടുന്നു മാത്രമാണ് നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്നത്. നമ്മുടെ തെറ്റ് നമ്മോടു പൊറുക്കുന്നതും സ്‌നേഹിക്കപ്പെടുന്നുവെന്ന അവബോധം നമ്മിലുളവാക്കുന്നതും സ്‌നേഹിക്കാനുള്ള കരുത്ത് പ്രദാനം ചെയ്യുന്നതും ക്ഷമിക്കാനുള്ള ശക്തി നൽകുന്നതും നാം തേടുന്ന ഹൃദയശാന്തി പ്രദാനം ചെയ്യുന്നതും ഭൗമിക ജീവിതാന്ത്യത്തിൽ നിത്യജീവിതം സമ്മാനിക്കുന്നതും അവിടുന്ന് മാത്രമാണ്.

നമ്മുടെ ജീവിതത്തിലേക്കു കടക്കുന്നതിനു വേണ്ടി അവിടുന്ന് മനുഷ്യനായിത്തീർന്നു. നമ്മുടെ ജീവിതത്തിലെ സകലവും അവിടത്തേക്കു താൽപ്പര്യമുള്ളതാണ്. സ്‌നേഹം, ജോലി, ദിവസം, വേദനകൾ, ഉത്ക്കണ്ഠകൾ എന്നിങ്ങനെയുള്ള നമ്മുടെ നിരവധി കര്യങ്ങൾ നമുക്ക് അവിടുത്തോട് വിവരിക്കാൻ കഴിയും. നമുക്ക് അവിടുത്തോട് എല്ലാം പറയാം. കാരണം, യേശു നമ്മോടുള്ള ഈ ഉറ്റബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.