കർഷകരെ കോർപറേറ്റുകൾക്ക് തീറെഴുത്തുന്ന നിയമങ്ങൾ അപകടകരമാണ്.

ഇന്ന് രാജ്യസഭ പാസാക്കുന്ന നിയമത്തിലെ അപകട കെണികൾ .

രാജ്യത്തെ കാർഷിക മേഖലയെ വലിയ രീതിയിൽ സ്വാധീനിക്കാൻ പോകുന്ന സുപ്രധാനമായ നിയമനിർമ്മാണങ്ങൾക്ക് കളമൊരുങ്ങുകയാണ്. സ്വാഭാവികമായും ഇതിന്റെ രാഷ്ട്രീയ ചലനങ്ങളും ആരംഭിച്ചിട്ടുണ്ട് . കേന്ദ്ര മന്ത്രിസഭയിൽ നിന്നും ശിരോമണി അകാലിദൾ മന്ത്രിയായ ഹർസിമ്രത് കൗർ ബാദലിന്റെ രാജിയും, ഹരിയാനയിലെ ബി ജെ പി സർക്കാരിലെ കൂട്ടുകക്ഷിയായ ജനനായക് ജനതാ പാർട്ടി മുന്നണി വിടുമെന്ന ഭീഷണിയും ഈ നിയമനിർമ്മാണങ്ങളിലുള്ള കർഷകരുടെ ആശങ്കകളുടെ പ്രതിഫലനമാണ്. പ്രമുഖ കർഷക സംസ്ഥാനങ്ങളായ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ, അതും പ്രബലമായ ജാട്ടുകളുടെ പിന്തുണയുള്ളവരാണ് ഈ രണ്ടു പാർട്ടികളും.

കഴിഞ്ഞ ജൂൺ അഞ്ചാം തീയതി ഓർഡിനൻസുകളായി കൊണ്ടുവന്നവക്ക് പകരമായി ആണ് കാർഷിക ഉൽപ്പന്ന വ്യാപാര വാണിജ്യ (പ്രമോഷൻ ഫെസിലിറ്റേഷൻ) ബില്ല്, കർഷക (ശാക്തീകരണ സംരക്ഷണ) കരാർ ബില്ല്, അവശ്യസാധന ഭേദഗതി ബില്ല് എന്നീ നിയമനിർമ്മാണങ്ങളാണ് പാർലമെന്റ് ഇപ്പോൾ പരിഗണിക്കുന്നത്. ലോക്സഭ പാസാക്കിയ ബില്ലുകൾ ഇനി രാജ്യസഭയും കടക്കേണ്ടിയിരിക്കുന്നു. കർഷകരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ് ഈ ബില്ലുകൾ എന്നാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും, ഭരണ മുന്നണിയിലെ കർഷക സ്വാധീന മേഖലയിൽനിന്നുള്ള പാർട്ടികളും ഉയർത്തുന്ന ആരോപണം. ഇന്ത്യയിലെ കാർഷികമേഖലയുടെ കോർപ്പറേറ്റ് വൽക്കരണം ആണ് ഈ ബില്ലുകൾ ലക്ഷ്യം വയ്ക്കുന്നത് എന്നതാണ് പ്രധാന ആരോപണം. എന്നാൽ കാർഷിക ഉൽപ്പന്നങ്ങളുടെ സ്വതന്ത്ര വില്പനക്കുള്ള നിയന്ത്രണങ്ങൾ നീക്കി കർഷകർക്ക് കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ നിയമനിർമാണങ്ങൾ എന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറയുന്നത്.

സ്വതന്ത്ര വിപണിയുടെ അപകടങ്ങൾ

കാർഷിക ഉൽപ്പന്ന വ്യാപാര വാണിജ്യ നിയമം നിലവിൽവരുന്നതോടെ കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നവരുമായി ആയി മുൻകൂർ വ്യാപാര കരാറുകളിൽ ഏർപ്പെടുവാൻ കർഷകർക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു എന്നാണ് സർക്കാരിന്റെ അവകാശവാദം. കരാർ നിലവിൽ വന്നതിനു ശേഷം ഉൽപ്പന്നങ്ങളുടെ വില പൊതുവിപണിയിൽ വർധിക്കുകയാണെങ്കിൽ അതിന്റെ ആനുകൂല്യവും കർഷകർക്ക് ലഭിക്കുന്നതിന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനാന്തര തലത്തിൽ കാർഷികോൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനും കർഷകർക്ക് സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ കാർഷികോല്പന്നങ്ങളുടെ സ്വതന്ത്ര വ്യാപാരമാണ് നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കാർഷിക വിപണി എന്ന പരമ്പരാഗത കാഴ്ചപ്പാടിനെ പൊളിച്ചെഴുതുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത് . എവിടെ വെച്ചും എപ്പോൾ വേണമെങ്കിലും കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം സാധ്യമാകും. സ്വന്തമായി പാൻ കാർഡ് ഉള്ള ഏതൊരാൾക്കും ഇനി കാർഷികോൽപ്പന്നങ്ങൾ വ്യാപാരം ചെയ്യുവാൻ സാധിക്കും. കേന്ദ്രസർക്കാർ പിന്തുടർന്നുവരുന്ന തീവ്രവലതുപക്ഷ സാമ്പത്തിക നയങ്ങളുടെ സൃഷ്ടി കൂടിയാണ് ഈ നിയമനിർമ്മാണങ്ങൾ എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കർഷകർക്ക് കുറെയൊക്കെ ആശ്വാസമായിരുന്ന വിപണിയിലെ സർക്കാരുകളുടെ ഇടപെടലുകൾ ഈ നിയമനിർമ്മാണങ്ങളോടുകൂടി പരിമിതപ്പെടുകയാണ്. എല്ലാം വിപണിയുടെ കൊടുക്കൽ വാങ്ങലുകൾക്ക് വിധേയമാവുകയും, കാർഷിക വ്യാപാരങ്ങൾ വിപണി കേന്ദ്രീകൃതമായി മാറുകയും ചെയ്യുമ്പോൾ സ്വാഭാവികമായും സർക്കാരിൻറെ ഇടപെടലുകൾ അവസാനിക്കുകയും അത് ദൂരവ്യാപകമായി കർഷകരുടെ താൽപര്യങ്ങൾക്ക് എതിരാവുകയും ചെയ്യും.

കോർപറേറ്റുകൾക്ക് വഴിയൊരുക്കൽ

കാർഷിക വിപണികളിലേക്ക് വൻകിട കോർപ്പറേറ്റുകളുടെ വ്യാപകമായ കടന്നുവരവിന് ഈ നിയമനിർമ്മാണങ്ങൾ കാരണമാകും. ഇപ്പോൾതന്നെ റിലയൻസിനെ പോലെയുള്ള വ്യവസായ ഭീമൻമാർ നമ്മുടെ കാർഷിക മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട്. കർഷകർക്ക് മുൻകൂറായിതന്നെ പണം നൽകിക്കൊണ്ട് വ്യാപകമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ കരാർ കൃഷികൾ ചെയ്തു വരുന്നുണ്ട്. ഈ നിയമനിർമ്മാണ ങ്ങളിലൂടെ ഇത്തരം കരാർ കൃഷികൾക്ക് നിയമസാധുത ലഭിക്കുകയും, ഭാവിയിൽ ഇത് വ്യാപകമാവുകയും ചെയ്യുന്നതിന് കാരണമാവും. പൊതുവിപണിയേക്കാളും മെച്ചപ്പെട്ട വിലയിൽ ആകൃഷ്ടരായി ഇത്തരം കോർപ്പറേറ്റ് ഭീമന്മാരുമായി കർഷകർ കരാറുകളിൽ ഏർപ്പെടുന്നതിൽ വലിയ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇതിലൂടെ ഭാവിയിൽ പൊതുവിപണികൾ തന്നെ ഇല്ലാതാവുകയും, കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിന്റെ കുത്തക ഇവരിൽ എത്തുകയും ചെയ്യുമ്പോൾ വില ഇവർതന്നെ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് കാർഷിക മേഖലയുടെ കുത്തക വൽക്കരണത്തിന് കാരണമാകും എന്നുമാത്രമല്ല കർഷകരുടെ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കാർഷികോൽപ്പന്നങ്ങളുടെ വില മാത്രമല്ല കർഷകർ കൃഷി ചെയ്യേണ്ട വിളകളും അതിന് ഉപയോഗിക്കേണ്ട വിത്ത് ഇനങ്ങളും കുത്തകകൾ തന്നെ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകും.ഇത്തരം കോർപ്പറേറ്റ് ഭീമന്മാരമായി ബന്ധപ്പെട്ട കരാർ കൃഷി വ്യാപകമാകുന്നതോടെ ചെറുകിട കർഷകർ വലിയ പ്രതിസന്ധിയിൽ ആകും എന്ന് നിസ്സംശയം പറയാം. കാരണം വൻകിട ഭൂവുടമകൾക്ക് മാത്രമേ ഇത്തരം കോർപ്പറേറ്റുകളുടെ വാണിജ്യ താൽപര്യങ്ങൾക്ക് അനുകൂലമായി കാർഷിക ഉൽപ്പാദനം നടത്തുവാൻ സാധിക്കുകയുള്ളൂ.കോർപ്പറേറ്റ് കമ്പനികൾക്ക് താല്പര്യമുള്ള കാർഷികവിളകളുടെ ഉല്പാദനം മാത്രമേ ഭാവിയിൽ പ്രോത്സാഹിപ്പിക്കപ്പെടുകയുള്ളു എന്ന വിമർശനം കൂടിയുണ്ട്. ചുരുക്കി പറഞ്ഞാൽ ഇത്രയും കാലം കർഷകരുടെ താൽപര്യങ്ങൾ ആയിരുന്നു കൃഷിയിടങ്ങളിൽ പരീക്ഷിക്കപ്പെട്ടിരുന്നത് എങ്കിൽ ഇനി വരാൻ പോകുന്നത് കോർപ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കപ്പെടും എന്നതാണ്. കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന വിപണിയിൽ കർഷകർ നിസ്സഹായരായി നിൽക്കേണ്ടിവരും. വ്യാപകമായ കർഷക ചൂഷണങ്ങളായിരിക്കും ഇതിലൂടെ സംഭവിക്കുന്നത്.

താങ്ങുവില അസ്തമിക്കും

കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നിയമം നിലവിൽ വന്നതിനു ശേഷവും കാർഷിക ഉൽപ്പന്നങ്ങളുടെ തറ വില നിശ്ചയിക്കുന്നത് സർക്കാർ തന്നെ ആയിരിക്കുമെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലുംഅത് എത്രമാത്രം പ്രായോഗികം ആയിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. കാരണം സ്വതന്ത്ര വിപണിയിലേക്ക് തുറന്നു കൊടുക്കപ്പെട്ട എല്ലാ മേഖലകളുടെയും നിയന്ത്രണ സംവിധാനങ്ങൾ കാലക്രമേണ സർക്കാരിൽനിന്നും നഷ്ടപ്പെട്ടതാണ് സമീപകാലത്തെ സംഭവങ്ങൾ കാണിക്കുന്നത് . ഇന്ത്യയിലെ കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിൽ കർഷകർക്ക് പ്രതികൂലമായി നിൽക്കുന്നു എന്ന് എല്ലാകാലത്തും വലിയ വിമർശനം ഏറ്റുവാങ്ങുന്ന ഇടനിലക്കാരെ ഒഴിവാക്കി ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും നേരിൽ ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നിയമനിർമാണങ്ങൾ എന്നാണ് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതു മൂലമുള്ള ഗുണം കർഷകർക്ക് നേരിട്ട് ലഭിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പക്ഷേ ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും വളരെ പിന്നോക്ക സാഹചര്യങ്ങളിൽ നിന്നും വരുന്നതിനാൽ ഇ കൊമേഴ്സ് പോലെയുള്ള അത്യാധുനിക മാർഗ്ഗങ്ങളിലൂടെ അവർക്ക് എത്രമാത്രം ഇടനിലക്കാരുടെ സഹായമില്ലാതെ നഗരങ്ങളിൽ ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാൻ സാധിക്കുന്നത് സംശയകരമാണ്. ഈ നിയമങ്ങളിലൂടെ കർഷകരുടെ മുമ്പിൽ കൂടുതൽ സാധ്യതകളും , അവർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മത്സരാധിഷ്ഠിത വിപണനവും മെച്ചപ്പെട്ട വിലയും ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. എന്നാൽ മത്സരാധിഷ്ഠിത വിപണികൾ കുത്തകകളുടെ കൈകളിലേക്ക് എത്തുമ്പോൾ കർഷകരുടെ വിലപേശലിനുളള സാധ്യതകൾ അവസാനിക്കുമെന്നാണ് ആഗോളീകരണം നമ്മളെ പഠിപ്പിക്കുന്നത്.

വിലക്കയറ്റത്തിനും സാധ്യത

കൂടാതെ അവശ്യവസ്തു നിയമം ഭേദഗതി ചെയ്യാനുള്ള നീക്കവും വളരെ ആശങ്കകൾ ഉയർത്തുന്നതാണ് . അവശ്യവസ്തു നിയമം മൂലമാണ് പല അവശ്യ സാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാകാതെ കമ്പോളത്തിൽ പിടിച്ചു നിർത്തുന്നത്. ഈ നിയമം മാറ്റുന്നതോടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാവുകയും അവശ്യ വസ്തുക്കളുടെ വില നിയന്ത്രണം സർക്കാരിന് നഷ്ട്ടപ്പെടുകയും ചെയ്യും. ഇതും ഭലത്തിൽ സഹായകരമാവുക കുത്തകകൾക്കായിരിക്കും . സമീപകാലത്തു തന്നെ സവോള, ഭക്ഷ്യ എണ്ണ തുടങ്ങിയ പ്രധാനപ്പെട്ട സാധനങ്ങളെ അവശ്യവസ്തുക്കളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നു . പാർലമെന്റ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ നിയമങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിയാൽ ഇവ കർഷക കേന്ദ്രീകൃതം അല്ല എന്നു വ്യക്തമാകും. കർഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് എന്ന് പലവട്ടം കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും നിയമനിർമാണങ്ങളുടെ ലക്ഷ്യം കാർഷികോല്പന്ന വിപണന മേഖലയുടെ കോർപ്പറേറ്റ് വൽക്കരണം തന്നെയാണ് .

പ്രൊഫ റോണി കെ. ബേബി

Leave a Reply