ചിരി ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും മനോഹരമായ അനുഗ്രഹങ്ങളിലൊന്നാണ്. അത് സന്തോഷത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും ഭാഷയാണ്. ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാനും ചിരിക്കാനും പറ്റുക എന്നത് നിസ്സാര കാര്യമല്ല. നാം മലയാളികള്‍ പൊതുവെ ചിരിയില്‍ പിശുക്ക് കാണിക്കുന്നവരാണ് എന്നൊരു പറച്ചിലുണ്ട്. അത് നേരാണെന്നു പലപ്പോഴും തോന്നാറുമുണ്ട്. കുഞ്ഞു കാര്യങ്ങളില്‍ ചിരിക്കാനായാല്‍ നമ്മുടെ ജീവിതം എത്ര സരസമായിരിക്കും.
ചിരിയിലൂടെ നാം മറ്റുള്ളവര്‍ക്കും സന്തോഷം പകരുന്നുണ്ട്. ‘സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്. തളര്‍ന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു’ (സുഭാഷിതങ്ങള്‍ 17:22). സന്തോഷവും ചിരിയും വെറും വികാരമല്ല; അത് ശരീരത്തിന്റെയും മനസ്സിന്റെയും ഔഷധമാണ്.
ആനന്ദപൂരിതമായ ചിരി നമ്മുടെ ജീവിതത്തിലേക്ക് ആരോഗ്യവും സമാധാനവും കൊണ്ടുവരുന്നു.
ആധുനിക ശാസ്ത്രം തെളിയിക്കുന്നത് ചിരി വെറും സന്തോഷത്തിന്റെ പ്രതിഫലനം മാത്രമല്ല, ശരീരത്തെയും മനസ്സിനെയും സാമൂഹികബന്ധങ്ങളെയും ആരോഗ്യകരമാക്കുന്ന ഒരു പ്രകൃതിദത്ത ചികിത്സയാണെന്നതാണ്.
ചിരിയുടെ പ്രയോജനങ്ങള്‍.
ചിരി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഇത് കോര്‍ട്ടിസോള്‍ പോലുള്ള സ്ട്രെസ് ഹോര്‍മോണുകള്‍ കുറച്ച്, രോഗപ്രതിരോധ കോശങ്ങളും ആന്റിബോഡികളും വര്‍ധിപ്പിക്കുന്നു.
2025-ല്‍ UCLA Health നടത്തിയ പഠനവും Healthline(2024) റിപ്പോര്‍ട്ടും പ്രകാരം, ചിരി രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദ്രോഗംമൂലമുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചിരിക്കുമ്പോള്‍ നമ്മില്‍ ‘എന്‍ഡോര്‍ഫിന്‍’ എന്ന വേദനകുറയ്ക്കുന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു.
ഉച്ചത്തിലുള്ള ചിരി ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ശരീരത്തില്‍ ഓക്‌സിജന്‍ വിതരണത്തെ കൂട്ടുകയും ചെയ്യുന്നു.
ഡോപമൈന്‍, സെറോട്ടോണിന്‍ തുടങ്ങിയ ”സന്തോഷ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ചിരിയിലൂടെ ത്വരിതപ്പെടുമ്പോള്‍ വിഷാദം, ഉത്കണ്ഠ, ക്ഷീണം എന്നിവ കുറയുന്നു. 2024-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ക്യാന്‍സര്‍ രോഗികളില്‍ ചിരി ചികിത്സാസമ്മര്‍ദ്ദം, വിഷാദം, വേദന എന്നിവയെ കുറയ്ക്കുന്നതായി കണ്ടെത്തുകയുണ്ടായി
സാമൂഹികമായി ചിരി, മനുഷ്യരെ തമ്മില്‍ അടുത്ത് കൊണ്ടുവരുന്ന ഒരു ചാലകശക്തിയാണ്. ഒരുമിച്ച് ചിരിക്കുമ്പോള്‍ സൗഹൃദം, പരസ്പരവിശ്വാസം, തുറവി എന്നിവ ശക്തിപ്പെടുന്നു. ഇത് സംഘര്‍ഷങ്ങള്‍ കുറയ്ക്കുകയും സംവാദം സുഗമമാക്കുകയും സമൂഹത്തില്‍ ഐക്യബോധം വളര്‍ത്തുകയും ചെയ്യുന്നു.
ചുരുക്കത്തില്‍, ചിരി ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യത്തിന്റെ അടയാളമാണ്. നമ്മുടെ കുടുംബങ്ങളിലും കൂട്ടുചേരലുകളിലും കൂട്ടായ്മകളിലും ചിരിയുടെ സ്വരം മുഴങ്ങികേള്‍ക്കട്ടെ. പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും കുറ്റം പറച്ചിലുകള്‍ക്കും പകരം ചിരി പരത്തുന്ന, എല്ലാറ്റിലും നന്മ കാണുന്ന, നല്ല മനുഷ്യരായി നമുക്ക് മാറാം.
ഡോ. ആനി മരിയ സിഎംസി
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
മാര്‍ അപ്രേം മെഡിക്കല്‍ സെന്റര്‍, ചിറക്കടവ്.

