കാഞ്ചിയാര്‍: വിലയിടിവും തൊഴിലാളി ക്ഷാമവും മൂലം ഏലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് കര്‍ഷകരാണ് വിലയിടിവും വിളവെടുക്കാന്‍ ആളില്ലാത്തതും മൂലം ദുരിതമനുഭവിക്കുന്നത്.
മറ്റു വിളകള്‍ക്ക് വിലയില്ലാത്തതിനാല്‍ ഹൈറേഞ്ചിലെ ഭൂരിഭാഗം കര്‍ഷകരും ഏലം കൃഷിയിലേക്കു തിരിഞ്ഞിരുന്നു. ന്യായമായ വിലയും വര്‍ഷത്തില്‍ പലതവണ വിളവ് ലഭിക്കുന്നതുമാണ് കര്‍ഷകരെ ഏലം കൃഷിയിലേക്കു ആകര്‍ഷിച്ചത്.
എന്നാല്‍ ഉല്പാദന ചിലവിനനുസരിച്ചു വില ലഭിക്കാത്തതു കര്‍ഷകര്‍ക്ക് താങ്ങാനാകുന്നില്ല.
കഴിഞ്ഞ വര്‍ഷം 5000 രൂപ വരെ വിലയെത്തിയ ഏലയ്ക്കയ്ക്ക് ഇപ്പോള്‍ 1400 രൂപയില്‍ താഴെ മാത്രമാണ് ശരാശരി വില.
കര്‍ഷകര്‍ വില്‍ക്കാനെത്തുമ്ബോള്‍ വില ഇതിലും താഴും. 2000 രൂപയ്ക്കു മുകളില്‍ വില ലഭിച്ചെങ്കില്‍ കൃഷി ലാഭകരമാകൂ എന്ന് കര്‍ഷകര്‍ പറയുന്നു.
അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പലപ്പോഴും തോട്ടങ്ങളില്‍ വിളവെടുക്കുന്നത്. എന്നാല്‍ കോവിഡ് രോഗ വ്യാപനം മൂലം തമിഴ് നാട്ടില്‍നിന്നുള്ള തൊഴിലാളികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതാണ് പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത്. തോട്ടങ്ങളില്‍ വ്യാപകമായി കായ്കള്‍ പഴുത്തു നശിക്കുന്നുമുണ്ട്.
നിലവിലുള്ള തൊഴിലാളികളുടെ കൂലിയിലും ഈ വര്‍ഷം വധനവുണ്ടായി. 400 രൂപയായിരുന്ന വേതനം 450 രൂപയായി ഉയര്‍ത്തിട്ടുണ്ട്. കൂടിയ തുക നല്‍കിയാലും പണിക്കാരെ കിട്ടാത്ത സ്ഥിതിയാണുള്ളത്.
ഏലക്ക വില ഉയര്‍ന്നപ്പോള്‍ വളങ്ങളുടെയും കീടനാശിനികളുടെയും വില ഗണ്യമായി കൂടിയിരുന്നു. എന്നാല്‍ വില കുറഞ്ഞിട്ടും കീടനാശിനികളുടെ വില താഴ്ത്താന്‍ കമ്ബിനികള്‍ തയ്യാറായിട്ടില്ല.
മഴ കൂടുതലായതിനാല്‍ അഴുകല്‍ രോഗവും വ്യാപകമായിട്ടുണ്ട്. ഇത് ഉത്പാദനത്തെ സാരമായി ബാധിക്കും. പ്രതിസന്ധി നേരിടുന്ന ഏലം കര്‍ഷകരെ സഹായിക്കാന്‍ സമഗ്ര പദ്ധതികള്‍ വിഭാവനം ചെയ്‌തു ഉടന്‍ നടപ്പാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.

