മക്അലൻ: 2020ൽ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരിൽ ഇടംപിടിച്ച് ഫ്രാൻസിസ് ‘പാപ്പയുടെ ഫേവററ്റ് നൺ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിസ്റ്റർ നോർമ പിമെന്റൽ. ‘ടൈം’ മാഗസിൻ തയാറാക്കിയ പട്ടികയിൽ ഇടം പിടിച്ച ഏക കന്യാസ്ത്രീയുമാണ്, അഭയാർത്ഥികളുടെ അമ്മ എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന സിസ്റ്റർ നോർമ. പലവിധ കാരണങ്ങളാൽ ജനിച്ച നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്‌തെത്തിയ ഒരു ലക്ഷത്തിൽപ്പരം മെക്‌സിക്കൻ അഭയാർത്ഥികൾക്ക് സിസ്റ്റർ നോർമ അന്നവും അഭയവും നൽകി എന്ന് ‘ടൈം’ മാഗസിൻ വ്യക്തമാക്കുന്നു. മിഷണറീസ് ഓഫ് ജീസസ് സഭാംഗമായ സിസ്റ്റർ ‘റിയോ ഗ്രാൻഡ് വാലി കാത്തോലിക് ചാരിറ്റി’ എക്‌സികുട്ടിവ് ഡയറക്ടറുമാണ്.
‘കുടിയേറ്റക്കാർ, അഭയാർത്ഥികൾ എന്നെല്ലാം കേൾക്കുമ്പോൾ ഏത് വിധത്തിലുള്ള ചിത്രമാണ് നിങ്ങളുടെ മനസിലെത്തുന്നത്?’ കുടിയേറ്റം, അഭയാർത്ഥികൾ എന്നീ വിഷയങ്ങളിൽ സംസാരിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം സിസ്റ്റർ നോർമ ഉന്നയിക്കുന്ന ചോദ്യമാണിത്. അതിന്റെ ഉത്തരവും സിസ്റ്റർതന്നെ പങ്കുവെക്കും: ‘പലരും കരുതുന്നു അവരെല്ലാം ക്രിമിനലുകളാണെന്ന്, അല്ലെങ്കിൽ തടവുപുള്ളികൾ, അതുമല്ലെങ്കിൽ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ. പക്ഷേ എന്റെ അനുഭവം അതല്ല. ജോലിക്കുവേണ്ടി, ഭക്ഷണത്തിനുവേണ്ടി, കിടപ്പാടത്തിനുവേണ്ടി ജനിച്ച നാടും വീടും ഉപേക്ഷിക്കാൻ നിർബന്ധിതരായവരാണവർ.’
സ്വദേശത്ത് മക്കൾക്കോ ജീവിതപങ്കാളികൾക്കോ കുടുംബാംഗങ്ങൾക്കോ സ്വസ്ഥമായി ജീവിക്കാനാവാത്തതിനാൽ ലാറ്റിൻ അമേരിക്കൻ, മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ജനങ്ങളാണ് അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത്. അവർ രാജ്യാതിർത്തികളിൽ ഒറ്റപ്പെടുന്നതും പലവിധ ചൂഷണങ്ങൾക്ക് ഇരയാകുന്നതും പതിവാണ്. ഭക്ഷണവും വെള്ളവും പോലും ഇല്ലാതെ അനേകദിനങ്ങൾ അലഞ്ഞുതിരിയേണ്ടിവരും. ഇപ്രകാരമുള്ള കുഞ്ഞുങ്ങളെയും മുതിർന്നവരെയുമെല്ലാം ശുശ്രൂഷിക്കുന്ന ദൗത്യമാണ് സിസ്റ്ററിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തിരിക്കുന്നത്.
അഭയാർത്ഥികളെ സംരക്ഷിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ നിരന്തര അഭ്യർത്ഥന ശിരസാവഹിക്കുന്നതിനാലാണ് സിസ്റ്റർ നോർമയെ ‘പാപ്പയുടെ ഫേവററ്റ് നൺ’ എന്ന വിശേഷിപ്പിക്കാൻ കാരണം. യു.എന്നിലും വൈറ്റ് ഹൗസിലെ ഉപദേശക സമിതി ഉൾപ്പെടെയുള്ള നിരവധി വേദികളെയും പലവട്ടം അഭിസംബോധന ചെയ്തിട്ടുണ്ട് സിസ്റ്റർ നോർമ. ‘എനിക്ക് വിശന്നു, നിങ്ങൾ എനിക്ക് ഭക്ഷണംതന്നു. എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു, നിങ്ങളെന്നെ സ്വീകരിച്ചു,’ എന്ന തിരുവചനം ജീവിത ദർശനമായി സ്വീകരിച്ച സിസ്റ്റർ ലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക് നിയമപരമായ പുനരധിവാസം ഉറപ്പാക്കിയെന്നും ‘ടൈം’ മാഗസിൻ ചൂണ്ടിക്കാട്ടുന്നു.
യു.എസ്- മെക്‌സിക്കൻ അതിർത്തിയിലെ അഭയാർത്ഥികൾക്കുവേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്ന സിസ്റ്റർ നോർമ ശ്രദ്ധേയയായ മനുഷ്യാവകാശ പ്രവർത്തകയുമാണ്. തലചായ്ക്കാനിടമില്ലാത്ത മെക്‌സിക്കൻ അഭയാർത്ഥികൾക്ക് ഒരു നേരത്തെ സൂപ്പും ദേഹശുദ്ധിക്കുള്ള ക്രമീകരണങ്ങളുമായി 2014ലാണ് ആദ്യത്തെ വിശ്രമ കേന്ദ്രം മക്അലനിലെ തിരുഹൃദയ ദൈവാലയത്തോട് ചേർന്ന് സിസ്റ്റർ ആരംഭിച്ചത്. അനേകരുടെ സഹായത്തോടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതിനാൽ അനേകായിരങ്ങളെ ശുശ്രൂഷിക്കാനുള്ള ഭാഗ്യമുണ്ടായി എന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ക്യാംപുകളിൽ കഴിയുന്നവർക്ക് ആവശ്യവസ്തുക്കൾ എത്തിക്കുന്നതിവും വ്യാപൃതരാണ് സിസ്റ്ററിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ.
