യൂറോപ്പിലെ പള്ളികള്‍ ഡാന്‍സ് ബാറുകളായി മാറുന്നുവോ?

മധ്യയൂറോപ്പിലെ ഒരു ചെറിയ രാജ്യമായ ഓസ്ട്രിയയില്‍ 12 വര്‍ഷമായി താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍, ഞാന്‍ ഇവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.ആധുനികതയുടെ അതിപ്രസരണംമൂലം ആഴ്ചയില്‍ ഒരിക്കല്‍ ഇടവക ദൈവാലയത്തില്‍വന്ന് വി. ബലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഓസ്ട്രിയായില്‍ കുറഞ്ഞുവരുന്നു എന്നത് വാസ്തവമാണ്. ഇങ്ങനെയുള്ളപ്പോള്‍ ഇടവകകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു പോകുവാന്‍, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുക എന്നത് സ്വാഭാവികമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ പല ഇടവകകളെ ഒന്നിച്ചുചേര്‍ത്ത് ഒരു ഇടവകയാക്കി ഇടവകപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാന്‍ രൂപതാധികാരികള്‍ ശ്രമിക്കാറുണ്ട്. കൂടാതെ, സ്വന്തമായി ആരാധന അര്‍പ്പിക്കുവാന്‍ ഒരു ദൈവാലയമില്ലാതെ വിഷമിക്കുന്ന മറ്റ് ക്രൈസ്തവ സമൂഹങ്ങള്‍ക്ക്, (ഓര്‍ത്തഡോക്സ് അല്ലെങ്കില്‍ പെന്തക്കോസ്ത്) ഇങ്ങനെയുള്ള ദൈവാലയങ്ങള്‍ ആരാധനയ്ക്കായി നല്‍കാറുണ്ട്. എന്നാല്‍ മറ്റ് മതവിഭാഗങ്ങള്‍ക്ക് ഇങ്ങനെയുള്ള ദൈവാലയങ്ങള്‍ നല്‍കാറില്ല എന്നതാണ് സത്യം.ഓസ്ട്രിയായിലെ നിര്‍മ്മാണനിയമമനുസരിച്ച് അത് പള്ളിയായാലും, വീടായാലും ഒരു കെട്ടിടം കാലഹരണപ്പെട്ടുകഴിഞ്ഞാല്‍ പൊളിച്ചു മാറ്റുകയോ പുതുക്കിപ്പണിയുകയോ ചെയ്യേണ്ടതാണ്. ഈ നിയമമനുസരിച്ച് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ഒരു പള്ളിപൊളിച്ചു നീക്കുകയും അവിടെ മറ്റൊരു കെട്ടിടം പണിയുവാന്‍ വിയന്ന രൂപത തീരുമാനിക്കുകയും ചെയ്തു എന്ന് കേട്ടറിഞ്ഞതാണ്. ഇവിടെയുണ്ടായിരുന്ന ഇടവകാംഗങ്ങളെ തൊട്ടടുത്ത ഇടവകയിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ദൈവാലയത്തില്‍ വിയന്നയിലെ ഏതാനും സീറോ മലബാര്‍ വിശ്വാസികള്‍ ആഴ്ചയില്‍ 3 ദിവസം കുര്‍ബാന അര്‍പ്പിക്കുകയും, വേദപാഠക്ലാസുകള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നതാണ്. എന്നാല്‍ വിയന്ന രൂപത ഇവര്‍ക്കുവേണ്ടി മറ്റൊരു പള്ളി കണ്ടെത്തി, ഈ സമൂഹത്തിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.നിരവധി സന്യാസസമൂഹങ്ങളാല്‍ സമ്പന്നമായ ഒരു രാജ്യമാണ് ഓസ്ട്രിയ. ഈ സന്യാസസമൂഹങ്ങള്‍ തങ്ങളുടെ കൃഷിസ്ഥലത്ത്, മുന്തിരി, ചോളം, സോയബീന്‍, ഗോതമ്പ് തുടങ്ങിയ ധാന്യവിളകള്‍ കൃഷി ചെയ്യുകയും, മൃഗസംരക്ഷണം നടത്തുകയും ചെയ്യാറുണ്ട്. തങ്ങള്‍ ഉല്പാദിപ്പിച്ച വസ്തുക്കള്‍ ഭക്ഷണപദാര്‍ത്ഥങ്ങളായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്, ഒട്ടു മിക്ക സന്യാസസമൂഹങ്ങളും തങ്ങളുടെ കോമ്പൗണ്ടില്‍തന്നെ ഒരു റെസ്റ്റോറന്‍റ് തുടങ്ങുകയും, തങ്ങളുടെ ഉത്പന്നങ്ങള്‍ അവിടെ വിറ്റഴിക്കുകയും ചെയ്യാറുണ്ട്. ഇവിടെത്തന്നെ ഹാളുകള്‍ ഒരുക്കി, സെമിനാറുകളും, മറ്റ് ആഘോഷങ്ങളും സംഘടിപ്പിക്കുവാനുള്ള സൗകര്യവും നല്‍കാറുണ്ട്.ഇതുവരെയും, എന്‍റെ അറിവില്‍ ഓസ്ട്രിയായിലെ ഒരു പള്ളിയും ഡാന്‍സ് ബാര്‍ ആയിട്ടില്ല.

ഫാ. തോമസ് കുഴിപ്പള്ളില്‍

Leave a Reply