സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ 4 ജില്ലകളില്‍ ഇന്ന്‌ 4 ഡിഗ്രിവരെ ചൂടു കൂടാന്‍ സാധ്യത,കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ സൂര്യാഘാത മുന്നറിയിപ്പ്‌

സംസ്‌ഥാനത്തു താപനില ക്രമാതീതമായി ഉയരുന്നു. ഇന്നു നാലു ജില്ലകളില്‍ താപനില കുതിച്ചുയരാന്‍ സാധ്യത.

കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും കോട്ടയം ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും ആലപ്പുഴ, കോഴിക്കോട്‌ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും (സാധാരണയേക്കാള്‍ 3 മുതല്‍ 4 നാല്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നാണ്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു ഉയര്‍ന്ന ചൂട്‌ കാരണമാകും എന്നതിനാല്‍ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ നേരിട്ടു ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ്‌ സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത്‌ ഒഴിവാക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ര്‌തങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതു നന്ന്‌. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ്‌. ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റ്‌, കെട്ടിടം, മാലിന്യശേഖരണനിക്ഷേപകേന്ദ്രം (ഡമ്ബിങ്‌ യാര്‍ഡ്‌) തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനും സാധ്യത കൂടുതലായതിനാല്‍ ഫയര്‍ ഓഡിറ്റ്‌ നടത്തുകയും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം.ഇവയോടു ചേര്‍ന്നു താമസിക്കുന്നവരും സ്‌ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. ചൂട്‌ അധികരിച്ചാല്‍ കാട്ടുതീ വ്യാപിക്കാന്‍ സാധ്യത. വനമേഖലയോടു ചേര്‍ന്നു താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം. വനംവകുപ്പിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണം. വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, ക്ലാസ്‌ മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാ ഹാളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്കു കൂടുതല്‍ വെയില്‍ ഏല്‍ക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ കുട്ടികള്‍ക്കു നേരിട്ടു ചൂടേല്‍ക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. അംഗന്‍വാടി കുട്ടികള്‍ക്കു ചൂട്‌ ഏല്‍ക്കാത്ത സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത്‌ അധികൃതരും അംഗന്‍വാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റു രോഗങ്ങള്‍മൂലം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ നേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കരുത്‌. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വളര്‍ത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക്‌ ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തിയിട്ടു പോകാന്‍ പാടില്ല. അസ്വസ്‌ഥ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.