അയോധ്യ വിധി സമീപകാല ഇന്ത്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉയർ ചോദ്യങ്ങള്‍ .
? രാമജന്മഭൂമി പ്രശ്നവും മസ്ജിദ് തകര്‍ക്കല്‍ പ്രശ്നവും പരസ്പരം ബന്ധപ്പെട്ടവയാണ്. ഓഗസ്റ്റ് 5-ന് മോദി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുമ്പോള്‍ ഇന്ത്യയിലെ മിക്ക മുഖ്യരാഷ്ട്രീയപാര്‍ട്ടികളും ആഹ്ലാദവും ആശംസകളുമായി എത്തിയിരുന്നു. രണ്ടു കേസുകളെയും തികച്ചും വേര്‍തിരിച്ചു കണ്ടാല്‍ മതിയോ?
? ആരും സംഘടിപ്പിക്കാതെ, മുന്നൊരുക്കമില്ലാതെ, ഒന്നരലക്ഷത്തോളം കര്‍സേവകര്‍ ആയിരക്കണക്കുനു കിലോമീറ്ററുകള്‍ താണ്ടി അയോധ്യയില്‍ എത്തി എന്നത് എങ്ങനെ വിശ്വസനീയമാകും?
? അങ്ങനെ ഇത്രയാളുകളെ അവിടെ എത്തിക്കാന്‍ സാധിച്ചവര്‍ക്ക് അവരെ മന്ദിരം തകര്‍ക്കുന്നതില്‍നിന്ന് തടയാന്‍ കഴിയുമായിരുന്നില്ലേ?
? ഇത്രയും വിപുലമായ സംഘാടനവും പതിനായിരങ്ങളുടെ പങ്കാളിത്തവുമുള്ള പരിപാടിയുടെ വരുംവരായ്കകള്‍ ഊഹിക്കാന്‍ ഇന്ത്യയിലെ ഒരു രഹസ്യാന്വേഷണവിഭാഗത്തിനും സാധിച്ചില്ല എന്നു പറയുന്നതു വിശ്വസനീയമാണോ?
? ഇത്ര പ്രകടവും ഗൗരവസ്വഭാവമാര്‍ന്നതുമായ കേസുകളില്‍പോലും വിധി ഇത്ര വൈകിയാല്‍ നീതി എങ്ങനെ നടപ്പിലാകും? പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഏറെപ്പേരും മരണമടയുവോളം വിധിക്കു കാലവിളംബമുണ്ടാകുന്നത് നീതി നടപ്പാകുന്നത് അസാധ്യമാക്കില്ലേ?
? ബാബറി – മസ്ജിദ് – രാമജന്മഭൂമി കേസില്‍ വിധി പ്രഖ്യാപിച്ച ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ച ഉടന്‍ ബി.ജെ.പി. ടിക്കറ്റില്‍ രാജ്യസഭാംഗമായിത്തീര്‍ന്നത് ഉന്നത നീതിപീഠത്തിന്‍റെ അന്തസ്സിന് വലിയ ഇടിവുവരുത്തിയെന്ന മുന്‍ പരമോന്നത ന്യായാധിപരുടെ വിമര്‍ശനം ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാകയല്ലേ?
? മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എല്ലാവരും നേതാക്കന്മാരായിരുന്നു. അവരുടെ മേല്‍ ഗൂഢാലോചന, പ്രേരണാകുറ്റങ്ങളാണ് ആരോപിക്കാനായത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നശീകരണപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവര്‍ ആരും പ്രതിപ്പട്ടികയിലുണ്ടായില്ല. ഇത് വളരെ അസാധാരണമല്ലേ?
? വിധിക്കെതിരെ രംഗത്തു വന്ന വിമര്‍ശകരുടേതടക്കം കഴിഞ്ഞ 28 വര്‍ഷം ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും എപ്പോഴെങ്കിലും അധികാരം പങ്കിട്ടിട്ടുണ്ടല്ലോ. ഇങ്ങനെയൊരു നിര്‍ണ്ണായകമായ കേസില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ആര്‍ക്കും സാധിക്കാതിരുന്നത് എന്തുകൊണ്ട്?
? കോടതിയിലുള്ള വിശ്വാസം ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെയാണ്. കോടതി രാഷ്ട്രീയസ്വാധീനത്തിന് അതീതമായി ഉയര്‍ന്നുനില്ക്കുന്നു എന്ന ഉറപ്പ് പൗരരുടെ ജീവിതത്തിന്‍റെ സുരക്ഷയെ സംബന്ധിച്ച് അവര്‍ക്കു ലഭിക്കേണ്ട ഉറപ്പല്ലേ? ഈ ഉറപ്പ് തന്നെയല്ലേ ഒരു രാഷ്ട്രത്തിന്‍റെ ഐക്യത്തിന്‍റെയും കെട്ടുറപ്പിന്‍റെയും അടിസ്ഥാനം?
? ഇന്ത്യപോലെ വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും കൂടിയായ ഒരു രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പരമപ്രധാന പരിഗണനയായിരിക്കേണ്ടതാണ്. ഭരണഘടനാവിധാതാക്കള്‍ ഈ സത്യം തിരിച്ചറിയുകയും അതിനാവശ്യമായ കരുതല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ ഭരണഘടനാമൂല്യങ്ങളുടെ കാവലാള്‍ സുപ്രീം കോടതിയാണ്. സുപ്രീം കോടതി ഈ ഉത്തരവാദിത്തം നിറവേറ്റിയാലല്ലേ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങള്‍ ഭൂരിപക്ഷത്താല്‍ അമര്‍ത്തപ്പെടുകയില്ല എന്നും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സുരക്ഷിതമാണെന്നും ഉറച്ചു വിശ്വസിക്കാന്‍ സാധിക്കുകയുള്ളൂ?
* രാഷ്ട്രത്തിന്‍റെ അടിസ്ഥാനസ്തംഭങ്ങളാണ് നിയമനിര്‍മ്മാണസഭയും നിര്‍വ്വഹണവിഭാഗവും നീതിപീഠവും പിന്നെ മാധ്യമങ്ങളും. ഇവ പരസ്പരം സ്വാതന്ത്ര്യത്തിലും ജാഗ്രതയിലും നിലകൊള്ളുമ്പോഴേ രാഷ്ട്രവും രാഷ്ട്രീയവും സുസ്ഥിതിയില്‍ ആവുകയുള്ളൂ. ഇന്ത്യയില്‍ ഗവണ്മെന്‍റും ജുഡീഷ്യറിയും തമ്മിലുള്ള പരസ്പര സ്വാതന്ത്ര്യം അവസാനിച്ചിരിക്കുന്നു എന്ന വിമര്‍ശനം ഇന്ന് ധാരാളമായി ഉയരുകയാണ്. ഇത് രാഷ്ട്രത്തിന്‍റെ അന്തസ്സിനും ഐക്യത്തിനും അഖണ്ഡതക്കും മങ്ങല്‍ ഏല്‍പ്പിക്കാതെ സൂക്ഷിക്കാന്‍ രാഷ്ട്രനേതാക്കള്‍ക്ക് ബാധ്യതയുണ്ട് എന്നു മറക്കരുത്.
ഒടുവില്‍ ഓര്‍ക്കാന്‍: “ചരിത്രം പഠിക്കുന്നത് വിദൂര ഭൂതകാലത്തു നടന്ന അതിക്രമങ്ങള്‍ക്ക് മറുപടി കൊടുക്കാനല്ല; പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്നതിനാണ്.” – ബിപന്‍ ചന്ദ്ര.
. Prof.Bino P Jose
