പ്രളയകാലത്തിലെ ചില ഓര്‍മ്മപ്പെടുത്തലുകള്‍


പ്രൊഫ. റോണി കെ.ബേബി
എസ്.ഡി. കോളേജ്, കാഞ്ഞിരപ്പള്ളി

2020 ആഗസ്റ്റ് മാസം രണ്ടാം വാരം നമ്മൾ മഹാപ്രളയത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്..പ്രളയം നമ്മളെ പഠിപ്പിച്ച ചില കാര്യങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ,

കേരളത്തിലെ മലയാളികള്‍ക്ക് ഒരു സ്വകാര്യ അഹങ്കാരമുണ്ടായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധിയായ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴും, വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമ്പോഴും നമ്മള്‍ സുരക്ഷിതരാണ് എന്ന ചിന്തയായിരുന്നു ഭൂരിപക്ഷം മലയാളികള്‍ക്കും ഉണ്ടായിരുന്നത്. അസംഖ്യം ആളുകള്‍ മരണപ്പെട്ട വലിയ ഭൂകമ്പങ്ങളോ, മഹാപ്രളയങ്ങളോ, വലിയ കൊടുങ്കാറ്റുകളോ കേരളത്തിന്‍റെ സമീപകാല ചരിത്രത്തിലോ, മലയാളികളുടെ ഓര്‍മ്മകളിലോ ഉണ്ടായിട്ടില്ല. തൊണ്ണൂറ്റിയൊന്‍പതിലെ പ്രളയം എന്ന പേരില്‍ അറിയപ്പെടുന്ന 1924 ലെ വെള്ളപ്പൊക്കം, സുനാമി, ഓഖി ചുഴലിക്കാറ്റ് തുടങ്ങിയ ഒറ്റപ്പെട്ട പ്രകൃതിക്ഷോഭങ്ങള്‍ വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്.
കേരളത്തിലെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിവ അടങ്ങിയ എല്ലാ മേഖലകളെയും ബാധിച്ചുകൊണ്ടുള്ള ഒരു പ്രകൃതിക്ഷോഭം മുന്‍പ് ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കുമ്പോഴാണ് 2018 ഓഗസ്റ്റ് മാസം 14, 15, 16 തീയതികളില്‍ ഉണ്ടായ മഹാപ്രളയം സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നത്. ജൂലൈ പകുതി മുതല്‍ ചെറുതും, വലുതുമായ മലവെള്ളപ്പാച്ചിലും മലയിടിച്ചിലും ഉണ്ടായി എങ്കിലും പ്രകൃതി അതിന്‍റെ എല്ലാ രൗദ്രഭാവങ്ങളോടെയും ആഞ്ഞടിച്ചത് ഈ ദിവസങ്ങളിലാണ്. മുന്‍വര്‍ഷങ്ങളിലേക്കാള്‍ 41.44% അധികം മഴയാണ് ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ കേരളത്തില്‍ ലഭിച്ചത്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് ഇരുപതു വരെ 2500 മി.മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്തത്. തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ല്‍ ഇതേ കാലയളവില്‍ 3368 മി.മീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. 1924 ലെ പ്രളയത്തിന്‍റെ കാര്യം ഒരു താരതമ്യത്തിനുവേണ്ടി പറഞ്ഞു എന്നുമാത്രം.
ഓഗസ്റ്റ് 14, 15, 16 തീയതികളില്‍ തുടര്‍ച്ചയായി ഉണ്ടായ പെരുമഴയില്‍ പമ്പാനദിയിലെ ഒന്‍പത് ഡാമുകളും, ഇടുക്കി – എറണാകുളം ജില്ലകളിലെ പതിനൊന്ന് ഡാമുകളും, ചാലക്കുടി പുഴയിലെ ആറ് ഡാമുകളും ഒരുമിച്ച് തുറക്കേണ്ട സാഹചര്യം ഉണ്ടായി. ഇത് പമ്പാ, പെരിയാര്‍, ചാലക്കുടി തുടങ്ങിയ പുഴകളുടെ തീരങ്ങളില്‍ കിലോമീറ്ററോളം ദൂരത്തില്‍ വലിയ പ്രളയത്തിന് കാരണമായി. കുത്തിയൊഴുകി എത്തിയ പ്രളയജലത്തില്‍ റാന്നി, ചെങ്ങന്നൂര്‍, ആറന്‍മുള, ആലുവ, ചാലക്കുടി, വടക്കന്‍ പറവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടാക്കി. വലിയ തോതില്‍ പ്രളയജലം വേമ്പനാട് കായലിലേക്ക് ഒഴുകി എത്തിയതോടെ കായലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും കുട്ടനാട് പൂര്‍ണ്ണമായും തന്നെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഏകദേശം മൂന്ന് ലക്ഷത്തോളം ജനസംഖ്യ വരുന്ന കുട്ടനാട്ടിലെ 90% ത്തില്‍ അധികം ആളുകളെയും ഒഴിപ്പിക്കേണ്ടി വന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് എത്രമാത്രം വലിയ ദുരന്തമാണ് അവിടെ സംഭവിച്ചത് എന്ന് തിരിച്ചറിയുന്നത്.
നദീതീരങ്ങളും, കുട്ടനാടും പ്രളയജലത്തില്‍ മുങ്ങിയതിനെക്കാള്‍ ഭീകരമായിരുന്നു ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളുടെ മലയോരങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലും, മലയിടിച്ചിലും. ഉരുള്‍പൊട്ടലിലും, മലയിടിച്ചിലിലും നിരവധി വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്, ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. പല പ്രദേശങ്ങളും പുറംലോകത്തുനിന്നും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തന്നെ തകര്‍ന്നുപോയി. ചില പ്രദേശങ്ങളിലൊക്കെ നദികള്‍ കരകവിഞ്ഞ് മുപ്പത് അടി ഉയരത്തില്‍വരെ പ്രളയജലം പാഞ്ഞു എന്ന് അറിയുമ്പോഴാണ് എത്ര വലിയ വെള്ളപ്പൊക്കത്തിനാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചത് എന്ന് മനസ്സിലാക്കുന്നത്.
ഇതുപോലൊരു ദുരന്തം നമ്മുടെ തലമുറയില്‍ ആരുടെയും ഓര്‍മ്മകളില്‍ ഉണ്ടാകണം എന്നില്ല.
പ്രസിദ്ധമായ 1924 ലെ വെള്ളപ്പൊക്കം ഇപ്പോഴും ഓര്‍മ്മകളില്‍ സൂക്ഷിക്കുന്ന ആരുംതന്നെ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാവില്ല. അന്ന് തുടര്‍ച്ചയായി ഏഴ് ദിവസം മഴ പെയ്തു എന്നാണ് ചരിത്രം പറയുന്നത്. പഴയ മൂന്നാറും, നിരവധി മലകളും മഴവെള്ള പാച്ചിലില്‍ ഒഴുകിപ്പോയി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരുടെ ശവശരീരങ്ങളും പതിനായിരക്കണക്കിന് നാല്‍ക്കാലികളും ശക്തമായ അടിയൊഴുക്കില്‍ അറബിക്കടലില്‍ നിപതിച്ചു എന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്. 1924 നേക്കാള്‍ അനേകം ഇരട്ടി ആസൂത്രിതമായ ‘രക്ഷാദൗത്യങ്ങള്‍’ ഉണ്ടായതുകൊണ്ടു മാത്രമാണ് ദുരന്തത്തിന്‍റെ ആഘാതം നമുക്ക് കുറയ്ക്കാന്‍ സാധിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളും, സൈന്യവും, മത്സ്യത്തൊഴിലാളികളും, നാട്ടുകാരും എല്ലാം കയ്മെയ് മറന്നുപ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പതിനായിരക്കണക്കിന് ആളുകളെ ദുരന്തമുഖത്തുനിന്നും രക്ഷിക്കാന്‍ സാധിച്ചു. 1924-ല്‍ ആളുകള്‍ക്ക് മലമുകളിലേക്കും, ഉയര്‍ന്ന സ്ഥലങ്ങളിലേക്കും ഓടി രക്ഷപ്പെടാന്‍ സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ ഇത്തവണ ആര്‍ക്കും രക്ഷപ്പെടാന്‍ പോലും സാധിക്കാത്ത രീതിയില്‍ നിമിഷനേരം കൊണ്ടാണ് പ്രളയജലം ഇരച്ചെത്തിയത്. പതിമൂന്നരലക്ഷത്തോളം ആളുകള്‍ ഉടുതുണിയും മാത്രമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി എത്തിയെന്നത് ദുരന്തത്തിന്‍റെ ഭീകരത വെളിപ്പെടുത്തുന്നതാണ്.
ദുരന്തമുഖത്ത് മലയാളികള്‍ കാണിച്ച ഐക്യം, ഒത്തൊരുമ, പരസ്പര സഹകരണം വളരെയധികം പ്രശംസനീയമാണ്. ചെറുപ്പ വലുപ്പ വ്യത്യാസമില്ലാതെ, രാഷ്ട്രീയ മതജാതി വിഭാഗീയതകളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി എന്നത് വലിയ ഒരു സന്ദേശമാണ് നല്‍കുന്നത്. അതുപോലെതന്നെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് ഭക്ഷണമായും, വസ്ത്രമായും ഒഴുകി എത്തിയ മലയാളികളുടെ കാരുണ്യം എടുത്തു പറയേണ്ടതാണ്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളി സമൂഹം തങ്ങളാലാവുംവിധം ആശ്വാസം എത്തിക്കാന്‍ ശ്രമിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ കത്തോലിക്കാ സഭകളുടെ ഇടപെടലുകള്‍ പ്രത്യേകിച്ചും കുട്ടനാട്ടിലും, എയ്ഞ്ചല്‍വാലിയിലും നടത്തിയ രക്ഷാ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമാണ്.
ഏതൊരു ദുരന്തവും പ്രതിസന്ധികള്‍ക്കൊപ്പം പുതിയ അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ നമ്മള്‍ നടന്നുവന്ന വഴികളില്‍ പരിസ്ഥിതി സംരക്ഷണവും, വികസനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നയങ്ങളും, പാളിച്ചകളും ഒന്ന് പുനരവലോകനം ചെയ്യാനുള്ള അവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. മലയോരമേഖലകളിലെ അനിയന്ത്രിതമായ ക്വാറികളും, പുഴയോരങ്ങളിലെ കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയിട്ടുണ്ടോ എന്ന് സത്യസന്ധമായി വിലയിരുത്തേണ്ടതുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല എങ്കില്‍ പ്രകൃതിയില്‍നിന്നും കനത്ത തിരിച്ചടി ഉണ്ടാകും എന്ന് ഇതുപോലെയുള്ള നിരവധി ദുരന്തങ്ങള്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ എന്തിനേയും ഏതിനേയും ലാഭേച്ഛയോടെ മാത്രം കാണുന്ന പുതിയ കമ്പോളസംസ്ക്കാരവും, എന്തിനെയും ഏതിനെയും കീഴ്പ്പെടുത്തുക എന്ന മനുഷ്യസഹജമായ വാസനകളും വര്‍ദ്ധിച്ചുവരുമ്പോള്‍ കരുതലിന്‍റെയും, കാരുണ്യത്തിന്‍റെയും, മനുഷ്യത്വത്തിന്‍റെയും ഒരു പുതിയ സമീപനം ഇതുപോലെയുള്ള ദുരന്തങ്ങള്‍ നമ്മളെ ഓര്‍മ്മപ്പെടുത്തുകയാണ്.

Leave a Reply