ഡോ. ജൂബി മാത്യു
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ശാസ്ത്രമാണ് നാനോ ടെക്നോളജി അഥവാ നാനോ സാങ്കേതികവിദ്യ. നാനോ സാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1974-ല്‍ ജപ്പാനിലെ ടോക്കിയോ സയന്‍സ് സര്‍വകലാശാല അധ്യാപകനായിരുന്ന പ്രൊഫസര്‍ നോറിയോ താനിഗുചിയാണ്. കുള്ളന്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദത്തില്‍നിന്നാണ് നാനോ എന്ന വാക്കുണ്ടായത്. ഒരു മീറ്ററിന്‍റെ നൂറുകോടിയില്‍ ഒരംശമാണ് ഒരു നാനോ. പദാര്‍ത്ഥങ്ങളുടെ വലിപ്പ വിസ്താരം കുറയുന്തോറും അവയുടെ ഉപരിതല ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. അത്തരം പദാര്‍ത്ഥങ്ങള്‍ വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ വിജ്ഞാനതത്വത്തിലധിഷ്ഠിതമായ ശാസ്ത്ര മേഖലയെ പൊതുവേ പറയുന്ന പേരാണ് നാനോ സയന്‍സ്.
ഓരോ വസ്തുവും ഉണ്ടാക്കിയിരിക്കുന്നത് ആറ്റങ്ങള്‍ എന്ന അതിസൂക്ഷ്മങ്ങളായ കണങ്ങള്‍കൊണ്ടാണ്. കുറെ ആറ്റങ്ങള്‍ ചേര്‍ന്ന് തന്മാത്രകള്‍ ഉണ്ടാകുന്നു. തന്മാത്രകള്‍ ചേര്‍ന്ന് പലതരം പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. ആറ്റങ്ങളുടെ ഘടന ഓരോ വസ്തുവിലും വ്യത്യസ്ത തരത്തിലാണ്. അതുകൊണ്ട് വിവിധ വസ്തുക്കള്‍ക്ക് വ്യത്യസ്തഗുണങ്ങളാണുള്ളത്. ഈ അടിസ്ഥാന കണങ്ങളുടെ ഘടനയില്‍ വിവിധ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ വസ്തുവിന്‍റെ സ്വഭാവത്തിലും മാറ്റം വരുത്താം. തന്മാത്രയില്‍നിന്ന് ഇത്രയും ചെറിയ ആറ്റങ്ങളെ എടുത്ത് അവയുടെ ഘടനയില്‍ മാറ്റം വരുത്തി, പുതിയ സവിശേഷതകളോടുകൂടി പദാര്‍ത്ഥങ്ങളെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി.
സാധാരണ കരിക്കട്ടയും വജ്രവും തമ്മില്‍ രാസപരമായി വ്യത്യാസമില്ല. രണ്ടും കാര്‍ബണ്‍ എന്ന മൂലകത്തിന്‍റെ അപരരൂപങ്ങളാണ്. ആറ്റങ്ങള്‍ അടുക്കിയിരിക്കുന്ന രീതിയില്‍ മാത്രമാണ് ഇവ വ്യത്യസ്തമായിരിക്കുന്നത്. ഇത്തരത്തില്‍ നാനോ തലത്തില്‍ സമാനതകളുള്ള നിരവധി വസ്തുക്കള്‍ പ്രകൃതിയില്‍ കാണാം. താമരയിലും മറ്റും വെള്ളം ഒട്ടിപ്പിടിക്കാത്തതും ചിലന്തിവലയുടെ ഉറപ്പും പൂമ്പാറ്റയുടെ അഴകും നമ്മുടെ ചുറ്റും കാണാനാവുന്ന നാനോ ഘടനാസവിശേഷതകളുടെ ചില ഉദാഹരണങ്ങളാണ്.
അര്‍ബുദരോഗത്തില്‍, കീമോ തെറാപ്പി ഏറെ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതാണെന്നിരിക്കെ, നാനോ ,സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍ദ്ദിഷ്ട കോശങ്ങളെ മാത്രം കരിച്ച് കളയാനും സമീപമുള്ള കോശങ്ങളെ നിലനിര്‍ത്താനും സാധിക്കും. നാനോ ടെക്നോളജി ഉപയോഗിച്ച് അര്‍ബുദത്തെയും ഹൃദ്രോഗത്തെയും തുടക്കത്തില്‍തന്നെ കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗം ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചുകഴിഞ്ഞു. നാനോടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഗുളിക, ആദ്യഘട്ടത്തില്‍ നല്‍കുന്നു. പിന്നീട് കൈയില്‍ ധരിക്കുന്ന റിസ്റ്റ് ബാന്‍ഡില്‍നിന്ന് അസുഖമുണ്ടെങ്കില്‍ വിവരം ലഭിക്കും. ആദ്യഘട്ടത്തില്‍തന്നെ അര്‍ബുദമോ ഹൃദ്രോഗമോ കണ്ടുപിടിക്കാനായാല്‍ ഫലപ്രദമായ ചികിത്സ നല്‍കാനാകുമെന്നതാണ് ഇതിന്‍റെ നേട്ടം.
നാനോ ടെക്നോളജിയുടെ അഭൂതപൂര്‍വ്വമായ മറ്റൊരു സാധ്യതയാണ് ടെലിപോര്‍ട്ടേഷന്‍. ഒരു വസ്തുവിനെ ഒരു ബിന്ദുവില്‍നിന്ന് ഏറെക്കുറെ അപ്രത്യക്ഷമാക്കി അതിന്‍റെ കൃത്യമായ ആറ്റോമികഘടന, മറ്റൊരു സ്ഥലത്തേക്ക് അയച്ച് അവിടെവച്ച് ആ വസ്തുവിനെ പുനഃസൃഷ്ടിക്കുന്ന പ്രക്രിയയാണ് ടെലിപോര്‍ട്ടേഷന്‍.
ജീവിതത്തിന്‍റെ സമസ്തമേഖലകളിലും മാറ്റം വരുത്താന്‍ കഴിവുള്ളയൊന്നായി നാനോ ടെക്നോളജി പുരോഗമിക്കുമ്പോള്‍തന്നെ, സൂക്ഷിച്ച് ഉപയോഗിച്ചില്ലായെങ്കില്‍ ഇത് ഏറെ ദോഷങ്ങളും ക്ഷണിച്ച് വരുത്തും. തിരിച്ചെടുക്കാനാവാത്ത (ശൃൃല്ലൃശെയഹല) നാനോ മാറ്റങ്ങള്‍ ജീവകോശങ്ങളില്‍ വന്നുപോയാല്‍ അത് വിപത്തായി തീരുമെന്നതാണ് ആശങ്കകളിലൊന്ന്. യുദ്ധമേഖലയില്‍ ചെറുജൈവബോംബുകള്‍ ഉണ്ടാക്കാനും നിലവിലുള്ള ജൈവയുദ്ധസാധ്യതകള്‍ക്ക് കാര്യക്ഷമത വര്‍ധിപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നത് ദൂരവ്യാപകമായ വന്‍വിപത്ത് ഉണ്ടാക്കും.

