ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം കൂടുതല്‍ ശക്തിയേറിയ ചുഴലികാറ്റുകളുണ്ടാകുമെന്ന് പ്രവചനം. മാത്രമല്ല ശിശിര കാലത്ത് ശക്തമായ ശിശിര തരംഗവും രാജ്യത്തുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ പഠനവിഭാഗം മേധാവി എം.മൊഹാപാത്ര അറിയിച്ചു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടും.
രാജ്യത്ത് ലാ നിന പ്രതിഭാസ സാഹചര്യം ശക്തമാണ്. അതിനാല്‍ ശക്തമായ ചുഴലികാറ്റുകളും തണുപ്പ് കാലത്ത് പതിവിലും അധികം തണുപ്പും ഉണ്ടാകും. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതുമൂലമാണ് ലാ നിന പ്രതിഭാസമുണ്ടാകുന്നത്. ഇത് എല്ലാവര്‍ഷവും സംഭവിക്കുന്നതുമല്ല. എല്‍ നിനോ കടുത്ത വരള്‍ച്ചയ്ക്കും മഴ കുറയാനും ഇടയാക്കുമെങ്കില്‍ ലാ നിന കനത്ത മണ്‍സൂണ്‍ മഴയ്‌ക്കും തണുപ്പേറിയ മഞ്ഞുകാലത്തിനും ഇടയാക്കും.
നവംബര്‍ മാസത്തില്‍ ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ പുറത്തുവിടും. നിലവില്‍ ലാ നിന സാഹചര്യം ഭൂമദ്ധ്യരേഖയോട് ചേര്‍ന്ന പസഫിക് സമുദ്ര ഭാഗങ്ങളില്‍ സമുദ്ര താപനില പതിവിലും കുറവാണ്. ഈ സാഹചര്യം തുടരുന്നതിനനുസരിച്ച് ലാ നിന സാഹചര്യം ശക്തിപ്രാപിക്കുകയും ചെയ്യാം. ഇത് അടുത്ത വര്‍ഷം ആദ്യം വരെ തുടരാം.
നിലവില്‍ ഒക്‌ടോബര്‍ മാസത്തില്‍ ചുഴലികാറ്രുകള്‍ ഒന്നുമുണ്ടായില്ലെങ്കിലും കര്‍ണാടകയുടെ വടക്ക് ഭാഗത്തും മഹാരാഷ്‌ട്രയുടെ ഭാഗത്തും ഇപ്പോള്‍ ദുര്‍ബലമായ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തുമ്ബോള്‍ ശക്തി കൂടാനും സാദ്ധ്യതയുണ്ട്. ഇത് പടിഞ്ഞാറേക്കോ വടക്ക് പടിഞ്ഞാറോ നീങ്ങി നാളെ പുലര്‍ച്ചയോടെ മഹാരാഷ്‌ട്രാ തീരത്ത് എത്തും. അടുത്ത 24 മണിക്കൂറില്‍ മഹാരാഷ്‌ട്ര-ഗുജറാത്ത് തീരത്ത് തീവ്ര ന്യൂനമര്‍ദ്ദമാകും.ഇതുമൂലമുളള മഴ അവസാനിച്ച ശേഷമേ വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ കാലം അവസാനിക്കൂ.

