സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ജയിലിലെത്തിയാകും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നാണ് കസ്റ്റംസ് വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും കസ്റ്റംസ് പറയുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും ഇന്ന് അപേക്ഷ നല്‍കിയേക്കും.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കര്‍ ഇപ്പോള്‍ ജയിലിലാണ്.

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റും വാദിക്കുന്നത്. ശിവശങ്കര്‍ ഹെെക്കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിലപാട് തേടിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് റജിസ്റ്റര്‍ ചെയ്‌ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച കമ്മിഷന്‍ സ്വപ്‌നയുടെ ലോക്കറില്‍ സൂക്ഷിച്ചുവെന്നാണ് അന്വേഷണ എജന്‍സിയുടെ ആരോപണം. സ്വര്‍ണക്കടത്തിലോ ലൈഫ് മിഷന്‍ ഇടപാടുകളുമായോ തനിക്ക് ബന്ധമുണ്ടന്ന് സ്വപ്‌ന മൊഴി നല്‍കിയിട്ടില്ല. തനിക്കെതിരായ പ്രധാന ആരോപണം ലോക്കര്‍ എടുക്കാന്‍ സ്വപ്‌നയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയെന്നാണ്. 2018ലാണ് ഇത് നടന്നത്. അന്ന് സ്വര്‍ണക്കടത്തോ, ലൈഫ് മിഷന്‍ ഇടപാടോ നടന്നിരുന്നില്ല. ലോക്കറിലെ പണം സംബസിച്ച്‌ അന്വേഷണ ഏജന്‍സി വിചാരണക്കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ വൈരുധ്യമുണ്ടെന്നും സൂക്ഷമമായി പരിശോധിക്കണമെന്നും ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തനിക്കെതിരെ ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്ന തെളിവുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അറസ്റ്റിന് പര്യാപ്‌തമല്ലെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു. ശിവശങ്കറിനു വേണ്ടി ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ഹാജരാവും..

Leave a Reply