കോവിഡിനെ തുരത്താൻ വാക്‌സിന്റെ മൂന്നു ഡോസുകൾ സ്വീകരിക്കേണ്ടി വരുമെന്ന് ഫൈസര്‍ സിഇഒ

ന്യൂഡല്‍ഹി: കോവിഡ് വൈറസിനെ തുരത്താന്‍ വാക്‌സിന്റെ ഉപയോഗം നിര്‍ണായകമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല. വാക്‌സിനേഷന്‍ പൂര്‍ണമായാലും 12 മാസത്തിനുള്ളില്‍ വീണ്ടും ഒരു വാക്‌സിന്‍ ഷോട്ട് സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു. 6-12 മാസത്തിനുള്ളില്‍ മൂന്നാം ഡോസ് സ്വീകരിക്കേണ്ടി വന്നേക്കാം. മൂന്ന് ഡോസുകള്‍ സ്വീകരിച്ച ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ വാക്‌സിന്‍ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടതുണ്ടെന്നും വൈറസിന്റെ ജനിതക മാറ്റം നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സ് ഗോര്‍സ്‌കിയും അടുത്തിടെ സമാനമായ പ്രതികരണം നടത്തിയിരുന്നു. ആഗോളതലത്തില്‍ വ്യാപിക്കുന്ന കോവിഡ് വൈറസിന് വലിയ രീതിയില്‍ ജനിതക മാറ്റം സംഭവിക്കുന്നതിനാല്‍ വാക്‌സിനേഷന്‍ പ്രധാനമാണ്. എല്ലാ വര്‍ഷവും വാക്‌സിന്‍ സ്വീകരിക്കേണ്ടത് ആവശ്യമായി വന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. വൈറസിന്റെ ദക്ഷിണാഫ്രിക്ക, യുകെ, ബ്രസീല്‍ എന്നീ വകഭേദങ്ങളാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്.

Leave a Reply