ദില്ലി: വ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല, താങ്ങുവിലയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കാനാണ് തീരുമാനം. തീരുമാനമെടുക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന ഉന്നതതലയോഗം അവസാനിച്ചു.
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് യോഗത്തിലേക്ക് 32 കര്‍ഷക സംഘടനകള്‍ക്ക് മാത്രമാണ് ക്ഷണം നല്‍കിയിട്ടുള്ളത്. അഞ്ഞൂറോളം കര്‍ഷക സംഘടനകളില്‍ നിന്നും 32 കര്‍ഷക സംഘടനകളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേന്ദ്രം യോഗം വിളിച്ചത്.
കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഉപാധികള്‍ തള്ളി കര്‍ഷകസമരം കൂടുതല്‍ ശക്തമായതോടെയാണ് അമിത് ഷാ തന്നെയാണ് അനുനയ നീക്കം ആരംഭിച്ചത്.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ദില്ലി ചലോ മാര്‍ച്ച് കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ ദില്ലി ചലോ പ്രക്ഷോഭത്തിനായി എത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ദില്ലിയിലെത്തുമെന്ന് സമര നേതാക്കള്‍ പ്രഖ്യാപിച്ചതോടെ ജന്തര്‍ മന്തര്‍, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

