വത്തിക്കാൻ സിറ്റി: മഹാമാരിയുടെ പശ്ചാത്തലത്തിൽ, ക്രിസ്മസ് ഉൾപ്പെടെ മൂന്ന് വിശേഷ ദിനങ്ങളിൽ വൈദികർക്ക് നാല് ദിവ്യബലികൾ അർപ്പിക്കാൻ അനുവാദം നൽകി വത്തിക്കാൻ. ദൈവമാതാവിന്റെ തിരുനാൾ ദിനമായ ജനുവരി ഒന്ന്, ദനഹാ തിരുനാൾ ദിനമായ ജനുവരി ആറ് എന്നിവയാണ് മറ്റ് ദിനങ്ങൾ. അന്നേ ദിനങ്ങളിൽ, ദൈവാലയങ്ങളിൽ നേരിട്ടെത്തി ദിവ്യബലിയിൽ പങ്കുകൊള്ളാൻ കൂടുതൽ പേർക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.
കാനോൻ നിയമപ്രകാരം വൈദികർക്ക് ദിവസത്തിൽ ഒരു തവണ ദിവ്യബലി അർപ്പിക്കാനേ അനുവാദമള്ളൂ. വൈദികരുടെ കുറവ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ അനുസരിച്ച് ബിഷപ്പിന്റെ അനുമതിയോടെ സാധാരണ ദിനങ്ങളിൽ രണ്ടു ദിവ്യബലിയും ഞായറാഴ്ചകളിലും മറ്റ് തിരുനാൾ ദിവസങ്ങളിലും മൂന്നു ദിവ്യബലിയും അർപ്പിക്കാം.
പൊതുവായ തിരുക്കർമങ്ങൾക്ക് അനുവാദമുള്ള സ്ഥലങ്ങളിൽ കൂടുതൽ പേർ ദിവ്യബലിയിൽ പങ്കുകൊള്ളുന്ന സാഹചര്യം ഉള്ളതിനാൽ തിരക്കു പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശ്യമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. ആരാധനക്രമ തിരുസംഘമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
