പിങ്ക് ബോള്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് ബോളര്‍മാരുടെ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര. ബാറ്റിങ് തുടങ്ങി വൈകാതെ തന്നെ നൈറ്റ് വാച്ച്‌മാന്‍ ജസ്പ്രീത് ബുംറയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. പിന്നീട് വന്ന പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ പ്രതിരോധിക്കാനാവാതെ പരാജയപ്പെടുകയായിരുന്നു. ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല. ടോപ് സ്‌കോറര്‍ നേടിയത് 9 റണ്‍സ്.
പൂജാര (0), കോലി (4), രഹാനെ (0) എന്നിവര്‍ പുറത്തായതോടെ തന്നെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഗതി വ്യക്തമായി. 9 റണ്‍സെടുത്ത് മായങ്ക് അഗര്‍വാളും പുറത്തായി. ഹനുമ വിഹാരി (8), വൃദ്ധിമാന്‍ സാഹ (4) എന്നിവരും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ മടങ്ങി.
വാലറ്റത്തും വലിയ ചെറുത്തുനില്‍പ്പുണ്ടായില്ല. ആര്‍ അശ്വിന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പരിക്കേറ്റ ഷമി റിട്ടയര്‍ ചെയ്ത് മടങ്ങിയതോടെ ഇന്ത്യയുടെ കാര്യം തീരുമാനമായി. 9 വിക്കറ്റ് നഷ്ടത്തില്‍ വെറും 36 റണ്‍സാണ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.
ഓസീസ് പേസര്‍മാരായ സ്റ്റാര്‍ക്കും കമ്മിന്‍സും ഹേസല്‍വുഡും ചേര്‍ന്നാണ് ഇന്ത്യയെ ആക്രമിച്ച് തകര്‍ത്തത്. ഹേസല്‍വുഡ് 5 വിക്കറ്റുകളും കമ്മിന്‍സ് 4 വിക്കറ്റും വീഴ്ത്തി. മത്സരം ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് 90 റണ്‍സാണ വേണ്ടത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 53 റണ്‍സിന്റെ ലീഡുണ്ടായിരുന്നു

