ന്യൂഡല്‍ഹി: കെ – റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ അനുമതി.
സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളുകയായിരുന്നു. സര്‍വേയില്‍ തെറ്റ് എന്താണെന്ന് ചോദിച്ച സുപ്രീം കോടതി സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ നിശിതമായി വിമര്‍ശിക്കുകയും ഡിവിഷന്‍ ബെഞ്ചിന്റെ നടപടി ശരിവയ്ക്കുകയും ചെയ്തു. ബൃഹത്തായ പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കെ – റെയിലിനെതിരെ മുന്നണിയില്‍ നിന്നുള്‍പ്പടെ പലഭാഗത്തുനിന്നും കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്. പ്രതിഷേധം ശക്തമായതോടെ പദ്ധതിക്കുവേണ്ടിയുള്ള കല്ലിടല്‍ തല്‍ക്കാലം അവസാനിപ്പിച്ചിരിക്കുകയാണ്. പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ വീടുവീടാന്തം കയറിയിറങ്ങുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.