ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ പേപ്പൽ പ്രതിനിധിയായി മലയാളി വൈദികൻ

ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായി മലയാളി വൈദികൻ റവ. ഡോ. ജോൺ ബോ വെളിയിൽ നിയമിതനായി. പൊന്തിഫിക്കൽ എക്ലെസ്യാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്ര പരിശീലനം പൂർത്തിയാക്കിയ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ നയതന്ത്ര പ്രതിനിധിയായി നിയമിച്ചത്. 37 വയസുകാരനായ ഇദ്ദേഹം ആലപ്പുഴ രൂപതാംഗമാണ്.

വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് അസീസി ഇടവക ജോണി- ലില്ലി ദമ്പതികളുടെ മകനാണ്. ആലപ്പുഴ ലിയോ തേർട്ടീൻത് സ്‌കൂളിലെ പഠനത്തിനു ശേഷം രൂപത സെമിനാരിയിൽ ചേർന്ന ജോൺ ബോ, ചേർത്തല സെന്റ് മൈക്കിൾസ് കോളജ്, പൂനയിലെ പേപ്പൽ സെമിനാരി, റോമിലെ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാല എന്നിവിടങ്ങളിലാണ് വൈദിക പരിശീലനം നടത്തിയത്.

റോമിലെ ഉർബാനിയ സർവകലാശാലയിൽനിന്ന് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് ബിരുദവും നേടിയിട്ടുണ്ട്. 2014ൽ തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ അസിസ്റ്റന്റ് വികാരിയായി. ആലപ്പുഴ ലിയോ തേർട്ടീൻത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പലായും ആലപ്പുഴ രൂപതാ മൈനർ സെമിനാരി പ്രീഫെക്ടുമായും സേവനം ചെയ്തിട്ടുണ്ട്.

പടിഞ്ഞാറൻ ആഫ്രിക്കയുടെ ഭാഗമായ, റിപ്പബ്ലിക് ഓഫ് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന രാജ്യം 1984ലാണ് ബുർക്കിനാ ഫാസോ എന്ന പേര് സ്വീകരിച്ചത്. 2006ലെ സെൻസസ് പ്രകാരം 60% മുസ്ലീങ്ങളും 23% ക്രൈസ്തവരുമുള്ള രാജ്യമാണിത്. ക്രൈസ്തവരിൽ 19% കത്തോലിക്കാ വിശ്വാസികളാണ്.

Leave a Reply