മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പില്‍ ഇന്ന് തന്നെ സംസ്കാരം ഉണ്ടാകുമെന്നാണ് വിവരം.

വയനാട്ടില്‍ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച്‌ നാളുകളായി താമസിച്ചിരുന്നത്. കക്കോടിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

എകെ ആന്റണി മന്ത്രിസഭയിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണി മന്ത്രിസഭയില്‍ 1995 മെയ് 03 മുതല്‍ ഭക്ഷ്യം, പൊതുവിതരണം മന്ത്രിയായിരുന്ന അദ്ദേഹം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായായും പ്രവര്‍ത്തിച്ചു.

2006 ജനുവരി 14ന് അദ്ദേഹം സ്ഥാനം രാജിവച്ചു.

കോഴിക്കോട് റൂറല്‍ ഡിസിസി പ്രസിഡണ്ടായിരുന്നു. കേണിച്ചിറയില്‍ സ്കൂള്‍ അധ്യാപകനായിരിക്കെ രാജിവെച്ചാണ് മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നത്.

2011 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളില്‍ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകള്‍ നല്‍കിയിരുന്നില്ല.

Leave a Reply