ഇറ്റലിയിലെ റോക്കോപ്പൊറേനാ എന്ന ഗ്രാമത്തില്‍ 1386 ലാണ് വി. റീത്താ ജനിച്ചത്. ദൈവഭക്തരായിരുന്ന അന്‍േറാണിയുടെയും അമാത്താഫെറിയുടെയും നീണ്ട കാലത്തെ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ ദൈവം നല്കിയ ഏകപുത്രിയായിരുന്നു റീത്താ. അവള്‍ ജനിക്കുമ്പോള്‍ അമാത്തായ്ക്ക് ഏകദേശം അറുപതുവയസ് പ്രായമുണ്ടായിരുന്നു.
റീത്താ ജനിച്ചപ്പോള്‍ അനന്യമായ ഒരു സ്വരം പുറപ്പെടുവിച്ചുകൊണ്ട് ഒരു കൂട്ടം വലിയ തേനീച്ചകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. റീത്തയുടെ ജന്മഗൃഹത്തിലേക്കാണ് അവ ആദ്യം വന്നത്. പിന്നീട് നൂറ്റാണ്ടുകളായിട്ട് വിശുദ്ധ വാരത്തിലും വി. റീത്തായുടെ തിരുനാള്‍ ദിനത്തിലും അവ വന്നുകൊണ്ടിരുന്നു. ഈ അസാധാരണ സംഭവം റീത്തായെ വിശുദ്ധയെന്നു പ്രഖ്യാപിക്കുന്നതിനു നടത്തിയ നടപടികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എളിയജീവിതം നയിച്ചിരുന്ന റീത്തായില്‍ ബാല്യം മുതല്‍ തന്നെ പരിശുദ്ധി പ്രശോഭിച്ചിരുന്നു. ലാളിത്യം, അടക്കം, അനുസരണം, ത്യാഗം, ശുദ്ധത എന്നീ പുണ്യങ്ങളുടെ വിളനിലമായിരുന്നു റീത്ത. ഏകാന്തമായ പ്രാര്‍ത്ഥന ഏറെ ഇഷ്ടപ്പെട്ടിരുന്ന റീത്താ തന്നാല്‍ കഴിയുംവിധമെല്ലാം മാതാപിതാക്കളെ സഹായിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു.
യുവതിയായ റീത്താ അഗസ്തീനിയന്‍ സന്ന്യാസസഭയില്‍ പ്രവേശിക്കുവാനുള്ള തന്‍റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. ഇതുകേട്ട ആ വൃദ്ധദമ്പതികള്‍ വളരെയധികം ദുഃഖിച്ചു. തങ്ങളുടെ പ്രായാധിക്യത്തെയും നിരാലംബതയേയും അവര്‍ അവളെ ഓര്‍മിപ്പിച്ചു. തങ്ങളെ വിട്ടുപേക്ഷിച്ചു പോകരുതെന്ന മാതാപിതാക്കളുടെ അപേക്ഷയ്ക്കു മുന്നില്‍ അവസാനം റീത്താ വിധേയപ്പെട്ടു. പിന്നെ അധികം താമസിക്കാതെതന്നെ മാതാപിതാക്കളുടെ ആഗ്രഹാനുസരണം ആ നാട്ടിലെ കുലീനനായ ഫെര്‍ഡിനാള്‍ഡിനെ റീത്താ ഭര്‍ത്താവായി സ്വീകരിച്ചു.
അവരുടെ സമാധാനപൂര്‍വമായ ദാമ്പത്യജീവിതം അധികനാള്‍ നീണ്ടുനിന്നില്ല. ഫെര്‍ഡിനാള്‍ഡിനെ ശത്രുക്കള്‍ ഒരു വനത്തില്‍വച്ച് വധിച്ചു. ഇത് അവളെ ദുഃഖത്തിന്‍റെ നിലയില്ലാ കയങ്ങളിലേക്ക് ആഴ്ത്തിയെങ്കിലും റീത്താ ഘാതകരോടു പൂര്‍ണമായി ക്ഷമിച്ചു. എന്നാല്‍ മക്കള്‍ തങ്ങളുടെ പിതൃഘാതകരോടു പ്രതികാരം ചെയ്യാന്‍ തന്നെ നിശ്ചയിച്ചു. ഇതറിഞ്ഞ റീത്താ തന്‍റെ മക്കള്‍ കൊലപാതകം ചെയ്ത് ആത്മാവിനെ മലിനപ്പെടുത്തുന്നതിനുമുമ്പ് അവരെ ഈ ലോകത്തുനിന്ന് തിരികെ വിളിക്കണമേ എന്നു പ്രാര്‍ത്ഥിച്ചു. ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു. ആ വര്‍ഷംതന്നെ രണ്ടു മക്കളും സ്വര്‍ഗത്തിലേക്കു യാത്രയായി.
1442 ല്‍ മാര്‍ച്ചസിലെ വി. ജെയിംസിന്‍റെ പീഡാനുഭവപ്രസംഗം റീത്ത കേള്‍ക്കുകയുണ്ടായി. പ്രസംഗം കേട്ട് തിരികെ മഠത്തില്‍ വന്ന് റീത്തയുടെ ഹൃദയം ക്രിസ്തുവിന്‍റെ പീഡകളെയോര്‍ത്ത് അത്യധികം വേദനിച്ചു. ക്രിസ്തുവിന്‍റെ ശിരസ്സില്‍ പടയാളികള്‍ അണിയിച്ച മുള്‍മുടിയിലെ മുള്ളുകള്‍ അദ്ദേഹത്തെ എത്രമാത്രം വേദനിപ്പിച്ചിരിക്കും. റീത്ത തന്‍റെ ദിവ്യനാഥനോട് അവിടുന്ന് അനുഭവിച്ച സഹനത്തിന്‍റെ ഒരു പങ്ക് തനിക്കു നല്‍കണമേയെന്ന് അപേക്ഷിച്ചു. പെട്ടെന്ന് കര്‍ത്താവിന്‍റെ മുള്‍മുടിയില്‍നിന്നും ഒരു മുള്ള് അടര്‍ന്നുവന്ന് തന്‍റെ നെറ്റിയില്‍ തുളഞ്ഞുകയറുന്നതായി റീത്താക്കു തോന്നി. അതികഠിനമായ വേദനയും. ഇത് തനിക്കുണ്ടായ വെറും തോന്നലാണ് എന്നാണ് അവള്‍ കരുതിയത്. എന്നാല്‍ അടുത്ത ദിവസമായപ്പോഴേക്കും രക്തം പൊടിയുംവിധം മുറിവ് നെറ്റിയില്‍ കാണപ്പെട്ടു. ഓരോ ദിവസം ചെല്ലുന്തോറും തീവ്രമായ വേദനയാണ് ആ മുറിവ് ഉളവാക്കിയത്. മാത്രമല്ല കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ മുറിവ് പഴുക്കുവാനും അസഹ്യമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുവാനും തുടങ്ങി. പതിയെ സഹസന്യാസികളെയെല്ലാം അവളില്‍നിന്നും അകറ്റുംവിധം വലിയൊരു വ്രണമായി അതു മാറി. മരണംവരെ ഏകദേശം പതിനഞ്ചുവര്‍ഷം ആ മുറിവില്‍നിന്നും പഴുപ്പും ദുര്‍ഗ്ഗന്ധവും വമിച്ചിരുന്നു. ആ ദിവസങ്ങളില്‍ റീത്തയ്ക്ക് ഉറക്കമോ വിശ്രമമോ ഉണ്ടായിരുന്നില്ല.
തീവ്രമായ വേദനകള്‍ക്കൊടുവില്‍ 1457 മെയ് 22 ന് റീത്തയുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്കു പറന്നുയര്‍ന്നു. ആ നിമിഷം നഗരത്തിലെ എല്ലാ ദൈവാലയങ്ങളിലെയും മണികള്‍ തനിയെ മുഴങ്ങി എന്നു പറയപ്പെടുന്നു. റീത്താ മരിച്ചതോടെ അതുവരെ പഴുപ്പും ദുര്‍ഗ്ഗന്ധവും വമിച്ചിരുന്ന നെറ്റിയിലെ മുറിവ് പഴുപ്പ് മാറി അല്പം മുമ്പുണ്ടായ മുറിവുപോലെ കാണപ്പെടുകയും അതിശക്തമായ സൗരഭ്യം ആ മുറിവില്‍നിന്നും പുറപ്പെടുകയും ചെയ്തു. റീത്തയുടെ ശരീരം കണ്ടുവണങ്ങുവാനായി ജനം അങ്ങോട്ടേക്ക് ഒഴുകിയെത്തി.
ശരീരം പൊതുദര്‍ശനത്തിനു വച്ചിരുന്നപ്പോള്‍ മുതല്‍ നിരവധിയായ അത്ഭുതങ്ങള്‍ നടന്നുതുടങ്ങി. മൃതദേഹം സംസ്കരിച്ചതിനുശേഷവും കല്ലറയിലേക്കു ജനങ്ങളുടെ പ്രവാഹം തുടര്‍ന്നുകൊണ്ടിരുന്നു. ഇക്കാലയളവിലും അനവധി അത്ഭുതങ്ങള്‍ നടക്കുകയുണ്ടായി. നാമകരണത്തിനു മുമ്പായി കല്ലറ തുറന്നപ്പോഴാണ് ശരീരം അഴുകിയിട്ടില്ലായെന്നു കണ്ടത്. പിന്നീട് ശരീരം ദൈവാലയത്തിനുള്ളില്‍ പ്രത്യേകം നിര്‍മ്മിച്ച പേടത്തിലേക്കു മാറ്റി. പതിനെട്ടാം നൂറ്റാണ്ടില്‍ ഈ ദൈവാലയത്തില്‍ സന്യാസികളും അല്‍മായരും തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി. അപ്പോള്‍ റീത്തയുടെ അടഞ്ഞിരുന്ന കണ്ണുകള്‍ തനിയെ തുറന്നു എന്നു വിശ്വസിക്കുന്നു.
1743 ലും 1892 ലും വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശരീരം ഇപ്പോള്‍ കാസ്സിയായിലെ വി. റീത്തയുടെ പേരിലുള്ള ദൈവാലയത്തില്‍ ഒരു സുവര്‍ണ്ണപേടകത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോഴും നിരവധിയായ അത്ഭുതങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
1900 ത്തില്‍ വിശുദ്ധയായി പ്രഖ്യാപിച്ച വി. റീത്തയുടെ തിരുന്നാള്‍ മെയ് ഇരുപത്തിരണ്ടിനാണ്.
- കുര്‍ബ്ബാന – നിയോഗവും കുര്‍ബ്ബാന-ധര്‍മ്മവും
- തിരുരക്തമായ വീഞ്ഞിന് 702 വര്‍ഷത്തിനുശേഷവും ഒരു മാറ്റവുമില്ല

